ചെറുകിട തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം; കെ.കെ. ശൈലജ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
K.K Shailaja
ചെറുകിട തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം; കെ.കെ. ശൈലജ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
കെ.കെ. ശൈലജ
Friday, 30th July 2021, 3:05 pm
ഖാദി-കൈത്തറി മേഖലകളിലെല്ലാം തൊഴിലാളികളുടെ ശമ്പളകുടിശ്ശിക നില്‍ക്കുകയാണ്. ആ കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ നടപടിയുണ്ടാകണം.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന വിഷയങ്ങള്‍ നിരവധി മേഖലകളിലുള്ളത് നിയമസഭാ തലത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കേരള സര്‍ക്കാരാണെങ്കില്‍ ജനങ്ങളെ സംരക്ഷിക്കാനുള്ള പാക്കേജ് പ്രഖ്യാപിച്ച് കൊണ്ടും അവര്‍ക്കാവശ്യമായിട്ടുള്ള പിന്തുണ നല്‍കിക്കൊണ്ടും വലിയ തരത്തിലുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്

അതേസമയം ഈ വിഷയം വളരെ ഗൗരവമുള്ളതാണ്. വളരെ ഗുരുതരമായ പ്രശ്‌നങ്ങളാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സഹായമെല്ലാം ചെയ്യുമ്പോഴും ഇനിയും അവരെ സഹായിക്കേണ്ടതുണ്ട് എന്നതാണ് നമ്മുടെ നാട്ടിലുണ്ടായിട്ടുള്ള സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്.

ഇതില്‍ പ്രധാനമായിട്ട് ചെറുകിട, പരമ്പരാഗത തൊഴില്‍ മേഖല വലിയ ബുദ്ധിമുട്ടിലാണ്. കേരളത്തില്‍ രണ്ട് ലക്ഷത്തിലേറെ തൊഴിലാളികള്‍ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നുണ്ട്.

കൈത്തറി മേഖലയില്‍ 25000 ത്തിലധികം തൊഴിലാളികളുണ്ട്. കയര്‍ മേഖലയില്‍ 40000 ത്തില്‍ മേലെയുണ്ട്. കരകൗശല മേഖലയില്‍ ജോലിചെയ്യുന്ന 30000 ത്തിലേറെ തൊഴിലാളികളുണ്ട്. കശുവണ്ടി മേഖലയില്‍ 25000 ത്തിലേറെ തൊഴിലാളികള്‍ ജോലി ചെയ്യുന്നു.

അതുപോലെ ഖാദി, ബീഡി മേഖലയിലെല്ലാം കൂടി 30000 ത്തിലേറെ പേര്‍ ജോലി ചെയ്യുന്നു. മണ്‍പാത്ര നിര്‍മാണത്തില്‍ 8000 പേര്‍ ജോലിചെയ്യുന്നു. ഇത്തരത്തിലുള്ള പരമ്പരാഗതമായിട്ടുള്ള തൊഴിലാളികളെ കൂടാതെ തന്നെ മറ്റ് അനുബന്ധമായിട്ടുള്ള ചെറിയ തൊഴിലെടുത്ത് ജീവിക്കുന്ന ഒട്ടേറെ പേര്‍ കേരളത്തിലുണ്ട്.

ലൈറ്റ് ആന്‍ഡ് സൗണ്ട് അതിന്റെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. വാടകയ്ക്ക് ഉപകരണങ്ങളും മറ്റും കൊടുത്തുകൊണ്ട് വിവാഹത്തിനും മറ്റ് ആഘോഷങ്ങള്‍ക്കുമെല്ലാം സഹായം ചെയ്യുന്ന ഈ മേഖലയിലെ തൊഴിലാളികള്‍ പട്ടിണിയിലാകുന്നു എന്നതാണ് ഇവിടത്തെ അവസ്ഥ. സര്‍ക്കാര്‍ നല്‍കുന്ന കിറ്റുകളൊക്കെയുള്ളത് കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലല്ലെങ്കിലും ബാങ്ക് ലോണുകള്‍ തിരിച്ചടക്കാന്‍ കഴിയാതെയും കുട്ടികളുടെ വിദ്യാഭ്യാസ ചെലവും മറ്റ് ചെലവുകളും നിര്‍വഹിക്കാന്‍ കഴിയാതേയും വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

അതുപോലെ അമ്പലങ്ങളിലെ വാദ്യമേളം. ഇപ്പോള്‍ ഉത്സവങ്ങളും ആഘോഷങ്ങളും നിന്നതിനാല്‍ വാദ്യമേള തൊഴിലാളിളുടെ സ്ഥിതി വളരെ ഗുരുതരമാണ്. തെയ്യം കലാകാരന്‍മാരും ഈ കൂട്ടത്തില്‍പ്പെട്ടതാണ്. അവര്‍ക്കും യാതൊരു തരത്തിലുള്ള വരുമാനവും ഇല്ല. ഇത്തരത്തിലുള്ള നിരവധി മേഖലകളുണ്ട്. ഞാനെല്ലാം പേരെടുത്ത് പറയുന്നില്ല. സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്ന ഷോപ്പുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇത് കാരണം സൈക്കിള്‍ ഷോപ്പുകളിലെ തൊഴിലാളികള്‍ വലിയ പട്ടിണിയിലാണ്. അവര്‍ക്കൊന്നും മറ്റൊരു വരുമാനവുമില്ലല്ലോ.

ഇത് സര്‍ക്കാരിന്റെ ശ്രദ്ധ അടിയന്തരമായി പതിയേണ്ട വിഷയമാണ്. ഇവര്‍ക്ക് താല്‍ക്കാലിക ആശ്വാസമായി അവരുടെ ക്ഷേമനിധിയില്‍ നിന്ന് ആയിരം രൂപ നല്‍കിയിട്ടുണ്ട്.

അതുകൊണ്ട് മാത്രമാകുന്നില്ല, തുടര്‍ച്ചയായിട്ടുള്ള അവരുടെ ജീവിത ചെലവുകള്‍ നിര്‍വഹിക്കാന്‍ അതുകൊണ്ട് മാത്രം കഴിയില്ല. നമ്മള്‍ എം.എസ്.എം.ഇ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേകമായ ആശ്വാസനടപടികള്‍ ഒരു പാക്കേജായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് അത് വലിയ അനുഗ്രഹമാണ്. പലിശയില്ലാതെ വായ്പയും ചില സപ്പോര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. അതുപോലുള്ള പാക്കേജ് ഈ തൊഴിലാളികള്‍ക്ക് കൂടി പ്രഖ്യാപിക്കണമെന്നാണ് ഞാന്‍ സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ആവശ്യപ്പെടുന്നത്.

അതിന് ഒന്നുകില്‍ പലിശരഹിത വായ്പ നല്‍കുക അല്ലെങ്കില്‍ വളരെ ചെറിയ പലിശയ്ക്ക് വായ്പ നല്‍കാന്‍ സാധിക്കുക, അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി സൗകര്യം ഒരുക്കാന്‍ സാധിക്കുക. സൈക്കിള്‍ ഷോപ്പിലെ തൊഴിലാളികള്‍ക്ക് ജോലിയില്ലാത്ത സമയത്ത് അവരെ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ പ്രഖ്യാപിക്കുക, കൈത്തറി തൊഴിലാളികള്‍ക്ക് തൊഴിലെടുക്കാനുള്ള സാഹചര്യം പുനസ്ഥാപിക്കുന്നതിനോടൊപ്പം അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള വിപണി സൗകര്യം ഒരുക്കുക.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഖാദി-കൈത്തറി മേഖലകളില്‍ നിന്നുള്ള തുണി എടുക്കാനുള്ള സാഹചര്യം നേരത്തെ ഉണ്ടായിരുന്നു.അതുപോലുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യേണ്ടതായിട്ടുണ്ട്.

പ്രത്യേകിച്ച് ഓണം അടുത്ത് വരുന്ന സമയത്ത് സാധാരണഗതിയില്‍ തൊഴിലാളികള്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയുന്ന അവസ്ഥ കൊവിഡ് മഹാമാരി ഇല്ലാതാക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ മേഖലയെ എല്ലാം ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികളുടെ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടി, അവരുടെ ജീവിതം സംരക്ഷിക്കാന്‍ വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാരിന്റെ ഇടപെടലുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

ഖാദി-കൈത്തറി മേഖലകളിലെല്ലാം തൊഴിലാളികളുടെ ശമ്പളകുടിശ്ശിക നില്‍ക്കുകയാണ്. ആ കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ നടപടിയുണ്ടാകണം. ഖാദി മേഖലയില്‍ നേരത്തെ 30 ശതമാനമാണ് റിബേറ്റ് പ്രഖ്യാപിച്ചിരുന്നത്. ആ റിബേറ്റ് ഒരു 10 ശതമാനം കൂടി വര്‍ധിപ്പിച്ച് കൊടുത്താല്‍ വലിയ ഉപകാരമായിരിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KK Shailaja Full Speech Niyamasabha Covid Pandemic Kerala