എഡിറ്റര്‍
എഡിറ്റര്‍
മുക്കത്ത് പൊലീസ് അഴിഞ്ഞാടിയത് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമെന്ന് കെ.കെ രമ; ഭരണകൂട ഭീകരതയെ ചെറുക്കാതെ ജീവിക്കാനാവില്ല
എഡിറ്റര്‍
Thursday 2nd November 2017 12:23pm


കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരക്കാരെ ക്രൂരമായി തല്ലിചതച്ച നടപടി ജനാധിപത്യ കേരളത്തോടുള്ള ഭരണകൂട വെല്ലുവിളിയാണെന്ന് ആര്‍.എം.പി.ഐ നേതാവ് കെ.കെ രമ. ജനകീയ സമരങ്ങള്‍ക്കെതിരെ മൂലധന ശക്തികളുടെ ചോറ്റുപട്ടികളെ പോലെ പിണറായിയുടെ പൊലീസ് പെരുമാറുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മുക്കത്ത് നടമാടിയതെന്നും രമ പറഞ്ഞു.

ജനവാസകേന്ദ്രങ്ങളിലൂടെ ഗ്യാസ് പൈപ്പ് ലൈന്‍ കൊണ്ടുപോകുന്നതിനെതിരായ ജനങ്ങളുടെ ന്യായമായ ആശങ്കകളാണ് ജനകീയ പ്രക്ഷോഭമായി വികസിച്ചിരിക്കുന്നത്. തല്ലിയൊതുക്കിയും വേട്ടയാടിയുമല്ല, ചര്‍ച്ച നടത്തിയും ന്യായമായ തീര്‍പ്പുകളിലെത്തിയുമാണ് ജനാധിപത്യ ഭരണക്രമത്തില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കേണ്ടത്. അതിന് പകരം അതിക്രൂരമായ ആക്രമണമാണ് പൊലീസ് നടത്തിയിരിക്കുന്നത്.

വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും അതിക്രമിച്ചു കയറി നിരപരാധികളായ നിരവധി പേരെ തല്ലിച്ചതച്ചിരിക്കുന്നു. ഒട്ടേറെപ്പേര്‍ അന്യായമായ പോലീസ് കസ്റ്റഡിയിലാണുള്ളത്. പേയിളകിയതു പോലെ അഴിഞ്ഞാടിയ പോലീസ് നഗരമധ്യത്തിലെ ജനകീയ സമരപ്പന്തല്‍ പരസ്യമായാണ് തച്ചുതകര്‍ത്തത്. ഇതൊന്നും ഒറ്റപ്പെട്ട സംഭവമായി കാണാനും കരുതാനുമാകില്ല.


Read more:   ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചരണത്തിനായി മഹാരാഷ്ട്രയില്‍ നിന്നും 250 മുസ്‌ലിംങ്ങളെ ‘വിലക്കെടുത്ത്’ ബി.ജെ.പി


കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലും സമാനമായ ആക്രമണമാണ് പോലീസ് നടത്തിയത്. സംസ്ഥാനഭരണനേതൃത്വത്തിന്റെ കൃത്യമായ നിര്‍ദ്ദേശം ഈ പോലീസ് അഴിഞ്ഞാട്ടത്തിന് പിന്നിലുണ്ട്. ‘വികസനം മുടക്കി’കളെ ഗുണ്ടാആക്ട് ചുമത്തി തുറുങ്കിലടക്കുമെന്ന് ഏതാനും നാള്‍ മുമ്പ് ഭീഷണി മുഴക്കിയത് മുഖ്യമന്ത്രി തന്നെയാണ്.

നവലിബറല്‍ വികസന നയങ്ങളുടെ ഇരകളായി, ഭരണരാഷ്ട്രീയത്താല്‍ ഒറ്റുകൊടുക്കപ്പെട്ട ഇന്നാട്ടിലെ സാമാന്യ മനുഷ്യര്‍ക്ക് തങ്ങളുടെ ഇത്തിരിപ്പോന്ന ജീവിതം കാക്കാന്‍ പൊരുതാന്‍ പോലും അവകാശമില്ലെന്ന് വരുന്നത് തീര്‍ച്ചയായും ഭയാനകമാണെന്നുംമൂലധന കങ്കാണികളുടെ ഈ ഭരണകൂട ഭീകരതയെ ചെറുക്കാതെ നമുക്കിവിടെ ജീവിക്കാനാവില്ലെന്നും രമ പറഞ്ഞു.

Advertisement