സനാതന ഹുങ്കും ദ്രാവിഡ രാഷ്ട്രീയ നിലപാടുകളും
DISCOURSE
സനാതന ഹുങ്കും ദ്രാവിഡ രാഷ്ട്രീയ നിലപാടുകളും
കെ ജെ ജേക്കബ്
Wednesday, 6th September 2023, 3:47 pm
പരിവാരത്തിനു വര്‍ഗീയത പറയാന്‍ പ്രത്യേകിച്ച് കാരണം വേണ്ട; ഇനി ആവശ്യം വന്നാല്‍ അവര്‍ അതുണ്ടാക്കിക്കോളും. അവര്‍ ഉപയോഗിക്കും എന്ന് വിചാരിച്ചു അവരോടെതിര്‍ക്കുന്ന പാര്‍ട്ടികള്‍ അവരുടെ രാഷ്ട്രീയം പറയാതിരിക്കേണ്ട ഒരാവശ്യവുമില്ല. വര്‍ഗീയതയും അപരമത വിദ്വേഷവും പുഴുങ്ങിത്തിന്നാല്‍ വിശപ്പ് മാറില്ല എന്ന് കര്‍ണ്ണാടകത്തിലെ ജനങ്ങളെപ്പോലെ ഇന്ത്യക്കാര്‍ക്കും ബോധ്യമാവുന്ന കാലത്തുമാത്രമേ ഇക്കൂട്ടര്‍ അധികാരത്തിനു പുറത്തു പോകൂ.

ഉദയനിധി സ്റ്റാലിന്‍ ‘ഞങ്ങളെ സീവിടുവേന്‍’ എന്നും പറഞ്ഞു കുറേപ്പേര്‍ വ്യാജഭയം ഉല്‍പാദിപ്പിക്കാനുള്ള ശ്രമത്തിലാണ്. ‘സനാതന’ത്തോടുള്ള എതിര്‍പ്പിന് ദ്രാവിഡമനുഷ്യനും ദ്രാവിഡ രാഷ്ട്രീയത്തിനും ചരിത്രപരമായ കാരണങ്ങളുണ്ട്. എന്നാല്‍ ഈ ചിന്തയോട് ഉദയനിധിയ്ക്കും അയാളുടെ അച്ഛന്‍ സ്റ്റാലിനും ഇത്ര കലിപ്പ് വരാന്‍ മറ്റൊരു സമകാലീന കാരണം കൂടിയുണ്ട്.

ഉദയനിധി സ്റ്റാലിന്‍

തമിഴ്നാട്ടില്‍ ആര്‍.എന്‍. രവി എന്ന് പേരായി ഒരു ഗവര്‍ണര്‍ ഉണ്ട്. നമ്മുടെ ആരിഫ് ജിയുടെ ചേട്ടനായി വരും. ഭരണഘടനാപരമായി പരിമിതമായ അധികാരങ്ങളുള്ള ഒരു പദവി എന്നതിലുപരി തമിഴന്‍മാരെ ചൊറിയുക, തമിഴ് ഭാഷയെ താഴ്ത്തിപ്പറയുക, സനാതന ധര്‍മ്മത്തെ പുകഴ്ത്തിപ്പറയുക ഇതൊക്കെയാണ് തന്റെ പണി എന്ന് ധരിച്ചുവശായിരിക്കുന്ന ഒരു മഹാന്‍.

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി

‘ravi ‘ ‘sanatana dharma’  എന്ന് ഗൂഗിള്‍ ചെയ്താല്‍ സനാതന മഹത്വം വിളമ്പുന്ന എത്ര ലിങ്ക് വേണമെങ്കിലും ചാടിവരും.

ഗവര്‍ണ്ണരല്ല സനാതന ധര്‍മ്മ പ്രാചാരകാണ് താന്‍ എന്ന് സ്വയം വിശ്വസിക്കുന്ന ഒരാള്‍. ഇതൊന്നും പോരാഞ്ഞു സ്റ്റാലിന്‍ പറയുന്ന ‘ദ്രാവിഡിയന്‍ മോഡല്‍’ ഭരണത്തെ പരിഹസിക്കാനും അയാള്‍ക്ക് പ്രത്യേകിച്ച് മടിയൊന്നുമില്ല.

അതുകൊണ്ടുതന്നെ സ്റ്റാലിന്റെയും ഉദയനിധിയുടെയും ഡി.എം.കെ നേതാക്കളുടെയും പ്രധാന രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഒന്ന് ദ്രാവിഡിയന്‍ മോഡലിനെ ഉയര്‍ത്തിക്കാണിക്കുകയും ‘സനാതന’ മോഡലിനെ എതിര്‍ക്കുകയുമാണ്. അതിന്നലെ തുടങ്ങിയതല്ല എന്നര്‍ത്ഥം. എന്നാല്‍ ഡി.എം.കെ ഇപ്പോള്‍ പഴയ ബ്രാഹ്മണ വിരോധം വച്ചുപുലര്‍ത്തുന്നു എന്ന് അതിനര്ഥമില്ല. ആ പാര്‍ട്ടിയുടെ പല തലങ്ങളിലും ബ്രാഹ്മണരുണ്ട് എന്നതാണ് വസ്തുത.

പോഷകാഹാര പദ്ധതിയെ പരിഹസിച്ച് കൊണ്ട് ദിനമലര്‍ പത്രത്തില്‍ വന്ന വാര്‍ത്തയും തലക്കെട്ടും

കഴിഞ്ഞ ദിവസം ദിനമലര്‍ എന്ന പരിവാര അനുകൂല പത്രത്തിന്റെ തലക്കെട്ട് നിങ്ങളില്‍ പലരും ശ്രദ്ധിച്ചു കാണും. 31000 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നുമുതല്‍ അഞ്ചുവരെ പഠിക്കുന്ന 17 ലക്ഷം കുട്ടികള്‍ക്ക് സൗജന്യ പ്രഭാത ഭക്ഷണം കൊടുക്കുന്ന ഒരു സ്‌കീം കഴിഞ്ഞ മാസം അവസാനം തുടങ്ങുകയുണ്ടായി. ചെന്നൈയിലെ ഒരു കോര്‍പ്പറേഷന്‍ സ്‌കൂളില്‍ രാവിലെ ഒരു പരിപാടിയ്ക്ക് ചെന്നപ്പോള്‍ കുട്ടികള്‍ വല്ലാതിരിക്കുന്നതു കണ്ട് എന്താണ് കാരണം എന്ന് മുഖ്യമന്ത്രി അന്വേഷിച്ചു. പലരും പ്രഭാതഭക്ഷണം കഴിച്ചിട്ടില്ല എന്ന് മനസിലായി. അങ്ങിനെ തുടങ്ങിയ പദ്ധതിയാണത്.

അത് തുടങ്ങി ഒരാഴ്ച്ച കഴിഞ്ഞപ്പോഴേക്കാണ് ‘ഇരട്ടി ഭക്ഷണം കഴിച്ചു കക്കൂസ് നിറച്ച് കുട്ടികള്‍’ എന്ന തലക്കെട്ട് വന്നത്. അതിനോടുള്ള സ്റ്റാലിന്റെ പ്രതികരണത്തില്‍ ഈ വാക്കുണ്ടായിരുന്നു: സനാതനം. ‘ചന്ദ്രനിലേക്ക് ചന്ദ്രയാന്‍ അയക്കുന്ന ഈ കാലത്തു ‘സനാതനം’ ഇമ്മാതിരി ഒരു തലക്കെട്ട് കൊടുത്തെങ്കില്‍ ഒരു നൂറുകൊല്ലം മുന്‍പ് അവര്‍ എന്തെല്ലാം കളികള്‍ കളിച്ചിട്ടുണ്ടായിരിക്കും എന്നാണ് സ്റ്റാലിന്‍ അന്ന് ചോദിച്ചത്.

കറുത്ത മനുഷ്യനെ, ദ്രാവിഡനെ, പുറമ്പോക്കില്‍ കിടക്കുന്നവനെ, ദരിദ്രനെ കൈപിടിച്ചുകൊണ്ടുവന്നു പള്ളിക്കൂടത്തിലിരുത്തി അവനു ഭക്ഷണവും വിദ്യാഭ്യാസവും കൊടുത്ത് മനുഷ്യനായി ജീവിക്കാനുള്ള അവസരമുണ്ടാക്കുകയെന്നത് ദ്രാവിഡ രാഷ്ട്രീയത്തിന്റെ അടിസ്ഥാനപദ്ധതിയാണ്.

അതിനോടുള്ള എതിര്‍പ്പും പുച്ഛവും പരിഹാസവും പേടിയുമൊക്കെയാണ് അമ്മാതിരി ഒരു തലക്കെട്ടിന്റെ പിറകില്‍ എന്ന് കണ്ടറിഞ്ഞാണ് ആ ‘സനാതന’ ഹുങ്കിനെ സ്റ്റാലിന്‍ നിഷ്‌കരുണം വലിച്ചു പുറത്തിട്ടു ചവിട്ടിക്കൂട്ടിയത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍

എല്ലാ മനുഷ്യര്‍ക്കും തുല്യ അവസരങ്ങള്‍ക്കു അവകാശമുണ്ടെന്നും അത് കിട്ടാതെ പോകുന്നവരുടെ കൈപിടിക്കാന്‍ സമൂഹത്തിനു ഉത്തരവാദിത്തമുണ്ടെന്നുമാണ് ദ്രാവിഡ രാഷ്ട്രീയത്തിന്റെ നിലപാട്. അവിടത്തെ ബി.ജെ.പി പ്രഡിഡന്റ് അണ്ണാമലൈ പറഞ്ഞതുപോലെ അവനവന്റെ ജാതിയ്ക്കു പറഞ്ഞിരിക്കുന്ന തൊഴില്‍ ചെയ്തു ജീവിക്കുക എന്ന ധര്‍മ്മവും അതിനെ മറികടക്കാന്‍ ശ്രമിക്കുന്ന സമൂഹത്തിനുനേരെ നടത്തുന്ന പുച്ഛവുമാണ് സ്റ്റാലിനും ഉദയനിധിയ്ക്കും ‘സനാതന ധര്‍മ്മം’.

ആ പുച്ഛത്തിനും പരിഹാസത്തിനും അതിനാധാരമായ ‘ധര്‍മ്മ’ത്തിനുമോപ്പം നില്‍ക്കണം എന്ന് തോന്നുന്നവര്‍ക്ക് നില്‍ക്കാവുന്നതാണ്; അതില്ലാതാക്കും എന്ന് പറഞ്ഞ ഉദയനിധിയുടെ ‘തല സീവിടണം’ എന്ന് പറയാവുന്നതാണ്. ‘ഞാന്‍ സംഘിയല്ല പക്ഷെ’യെന്നു പറയാവുന്നതാണ്. ‘ഉഴവാന്‍ ഒരു കൂട്ടര്‍ ഉണ്ടുകൊഴുക്കാന്‍ മറ്റൊരു കൂട്ടര്‍’എന്നത് തികച്ചും ശരിയായ വ്യവസ്ഥയാണ് എന്ന് നിര്‍ബന്ധം പിടിക്കാവുന്നതാണ്.

അതല്ല, തങ്ങളുടെ ധര്‍മ്മം അവസരസമത്വത്തിന്റെയും മനുഷ്യാന്തസ്സിന്റേയുമാണ്, കുട്ടികള്‍ കഴിക്കുന്ന ഭക്ഷണത്തെപ്പോലും പരിഹസിച്ചില്ലാതാക്കാന്‍ ശ്രമിക്കുന്ന വിചാരധാരക്കെതിരാണ്; അതിനെ പ്രോത്സാഹിപ്പിക്കുന്ന ചിന്തകള്‍ ഇല്ലാതാകേണ്ടതാണ് എന്നുള്ളവര്‍ക്കു ഉദയനിധിയ്ക്കൊപ്പവും നില്‍ക്കാവുന്നതാണ്.

ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഇത്തരമൊരു വര്‍ത്തമാനം പറയാന്‍ പാടുണ്ടോയെന്നു പലരും ആശങ്കിക്കുന്നുണ്ട്. അതില്‍ ചില ശരികളുണ്ടാകാം. എന്റെ നിലപാട് ഇതാണ്: സംഘ്പരിവാരത്തിനു തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ വര്‍ഗീയതയും വൈകാരികതയും വലിയ വര്‍ത്തമാനവുമല്ലാതെ മറ്റൊന്നും പറയാനില്ല.

ഏകീകൃത സിവില്‍ കോഡും ഒറ്റ തെരഞ്ഞെടുപ്പും വാര്‍ത്തകളില്‍ നിറയുന്നതും രാഷ്ട്രപതിയുടെ ക്ഷണക്കത്തില്‍ നിന്ന് ‘ഇന്ത്യ’ അപ്രത്യക്ഷമാകുന്നതുമൊക്കെ അതുകൊണ്ടാണ്.

രാഹുല്‍ ഗാന്ധി

അത്തരം വാദങ്ങളുടെ ഘോഷയാത്ര വരാനിരിക്കുന്നതേയുള്ളൂ. കര്‍ണ്ണാടക തെരഞ്ഞെടുപ്പോര്‍ക്കുക. ആദ്യം മുസ്ലിം പെണ്‍കുട്ടികളുടെ ശിരോവസ്ത്രമായിരുന്നു വിഷയം; പിന്നെ മുസ്ലിം സംവരണം എടുത്തുകളഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ ബി.ജെ.പി ഇളക്കുന്നു എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിനെ അദ്ദേഹം ലിംഗായത്തുകളുടെ ആചാര്യനായ ബസവേശ്വരനെയും കര്‍ണ്ണാടകത്തെയും ഇന്ത്യയെയും അപമാനിക്കുന്നു എന്ന് വളച്ചൊടിച്ചത് ചെറിയ ആളല്ല; ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി

അതായത്, പരിവാരത്തിനു വര്‍ഗീയത പറയാന്‍ പ്രത്യേകിച്ച് കാരണം വേണ്ട; ഇനി ആവശ്യം വന്നാല്‍ അവര്‍ അതുണ്ടാക്കിക്കോളും. അവര്‍ ഉപയോഗിക്കും എന്ന് വിചാരിച്ചു അവരോടെതിര്‍ക്കുന്ന പാര്‍ട്ടികള്‍ അവരുടെ രാഷ്ട്രീയം പറയാതിരിക്കേണ്ട ഒരാവശ്യവുമില്ല. വര്‍ഗീയതയും അപരമത വിദ്വേഷവും പുഴുങ്ങിത്തിന്നാല്‍ വിശപ്പ് മാറില്ല എന്ന് കര്‍ണ്ണാടകത്തിലെ ജനങ്ങളെപ്പോലെ ഇന്ത്യക്കാര്‍ക്കും ബോധ്യമാവുന്ന കാലത്തുമാത്രമേ ഇക്കൂട്ടര്‍ അധികാരത്തിനു പുറത്തു പോകൂ.

അതുവരെ മനുഷ്യരുടെ പ്രശ്‌നങ്ങളെപ്പറ്റി, അവരുടെ കുഞ്ഞുമക്കളുടെ വിശപ്പിനെപ്പറ്റി, മനുഷ്യാന്തസ്സിന്റെ രാഷ്ട്രീയത്തെപ്പറ്റി പറയാതിരിക്കുക എന്നത് ഒരു പരിഹാരമല്ല, ഓപ്ഷനുമല്ല; മറിച്ച് അത് ആവര്‍ത്തിച്ചുറപ്പിച്ചു പറയുകതന്നെ വേണം. രാഷ്ട്രീയം പറയുക. അതിനൊഴികെ ഒന്നിനും നമ്മളെ രക്ഷിക്കാനാവില്ല.

content highlights; KJ Jacob writes about Udayanidhi Stalin’s statement on Sanatana Dharma

കെ ജെ ജേക്കബ്
മാധ്യമപ്രവര്‍ത്തകന്‍