മോഡി സര്‍ക്കാര്‍ നടത്തിയ നിയമനിര്‍മ്മാണങ്ങളില്‍ ഏറ്റവും അപകടകരമായ ഒന്നാണ് പൗരത്വ ഭേദഗതി ബില്‍. അഫ്ഗാനിസ്ഥാന്, പാകിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നു വരുന്ന ‘ന്യൂനപക്ഷങ്ങളായ’ ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ മത വിശ്വാസികളെ ‘നിയമവിരുദ്ധ കുടിയേറ്റക്കാര്‍’ എന്ന് കണക്കാക്കില്ല എന്നും, അവര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാവില്ല എന്നും, ഭാവിയില്‍ അവര്‍ക്കു നാച്ചുറലൈസേഷന്‍ അപേക്ഷിക്കാം എന്നുമാണ് നിയമത്തിലെ വ്യവസ്ഥ.
വസുധൈവ കുടുംബകം എന്നും, ലോക സമസ്താ സുഖിനോ ഭവന്തു എന്നുമൊക്കെ ആളുകള്‍ പറഞ്ഞുനടക്കുന്ന ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ മനുഷ്യരുടെ കേവലാവകാശങ്ങളില് വ്യത്യാസം കാണിക്കാനുള്ള നിയമപരമായ നീക്കം ഒരുപക്ഷെ ഇതാദ്യമായാണ്.
ഈ നിയമം രാജ്യസഭയില്‍ പാസാകുമെന്നു സര്‍ക്കാര്‍ പോലും കരുതുന്നുണ്ടാവില്ല. ഒരു ജനത എന്ന നിലയിലുള്ള തങ്ങളുടെ നിലനില്പിനുതന്നെ ബില്‍ ഭീഷണിയാകുമെന്നു കണ്ടു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ബില്ലിനെതിരെ ശബ്ദമുയര്‍ത്തിത്തുടങ്ങിയിരിക്കുന്നു. അവിടെയുള്ള ബി.ജെ.പിയുടെ സഖ്യകക്ഷികള്‍ കര്‍ശനമായ നിലപാടെടുക്കുന്നു; അസമില്‍ ബില്ലിനെതിരെയുള്ള പ്രക്ഷോഭം തെരുവിലെത്തിയിരിക്കുന്നു; അവിടെ ബി.ജെ.പി നേതാക്കള്‍ പോലും ബില്ലിനെ എതിര്‍ക്കുന്നു. എന്തിന്, ശിവസേന ബില്ലിനെ രാജ്യസഭയില്‍ അനുകൂലിക്കില്ല എന്ന് പറഞ്ഞിരിക്കുന്നു.
അപ്പോള്‍ ഇതിന്റെ ലക്ഷ്യമെന്താണ്? നിയമമനുസരിച്ച് ഈ രാജ്യത്തു അഭയം തേടാനുള്ള അര്‍ഹതയില്ലാത്ത ഒരേയൊരു മതവിഭാഗം മാത്രമേയുള്ളൂ: മുസ്ലിങ്ങള്‍. അതൊന്നു വ്യക്തമായി പറയുക. തങ്ങള്‍ക്കു പറ്റുന്നവിധത്തില്‍ അതുറപ്പിക്കാനുള്ള നിയമനിര്‍മ്മാണം നടത്തുക. ബാക്കി ഭൂരിപക്ഷം കിട്ടുന്ന മുറയ്ക്ക് നടത്തുക. അതിനുള്ള സന്ദേശം മതവര്‍ഗീയത മുറ്റിനില്ക്കുന്ന തങ്ങളുടെ ക്രിമിനല്‍ അനുയായി വൃന്ദത്തിനു നല്‍കുക. കൂടുതല്‍ ഇനി വരാനിരിക്കുന്നു എന്നവരെ ഉത്സാഹിപ്പിക്കുക. ഒരപരനെ സൃഷ്ടിക്കാതെ ഒരു ഫാസിസ്റ്റു തത്വശാസ്ത്രത്തിനും നിലനില്‍പ്പില്ല.
ഈ അപകടം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഇന്ത്യയുടെ ലിബറല്‍ ജനാധിപത്യ മതേതര സ്വഭാവത്തില്‍ വിശ്വസിക്കുന്ന മൊത്തം പാര്‍ട്ടികളും ഒരു വിശാല മുന്നണിയ്ക്കുവേണ്ടി ശ്രമിക്കുന്നത്. പരസ്പരം ഒന്നും പങ്കിടാത്ത പാര്‍ട്ടികള്‍ പോലും മതത്തിന്റെ പേരില്‍ മനുഷ്യരെ വിഭജിക്കുന്ന രാഷ്ട്രീയം അടുത്ത തലമുറയ്ക്ക് മാറ്റിവയ്ക്കുന്നതെന്താണ് എന്ന് തിരിച്ചറിയുകയും പ്രതിരോധത്തിനൊരുങ്ങുകയും ചെയ്യുന്നത്.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന് ആ നീക്കത്തില്‍ നിര്‍ണ്ണായകമായ റോളുണ്ട്. തെരഞ്ഞെടുപ്പ് രംഗത്തു വലിയ തിരിച്ചടികള്‍ നേരിട്ടുവെങ്കിലും ഇടതുപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ അവരുടേതായ ശ്രമങ്ങള്‍ നടത്തുണ്ട്. കൃത്യമായ ലക്ഷ്യവും അയഞ്ഞ സംവിധാനവുമുള്ള ഇത്തരമൊരു ചെറുത്തുനില്പിനു ഏറ്റവും ചെറിയ പാര്‍ട്ടികള്‍ പോലും കൂട്ടുചേരുന്നു.
***************
അപ്പോഴാണ് ചില രസകരമായ ചര്‍ച്ചകള്‍ ഞാന്‍ കാണുന്നത്. ബി.ജെ.പി യുടെ വളര്‍ച്ചയ്ക്ക് സി.പി.ഐ.എമ്മടക്കമുള്ള ഇടതുകക്ഷികളാണ് കാരണം എന്ന്!. അടിയന്തിരാവസ്ഥയെ എതിര്‍ക്കാന്‍ ജനസംഘമടങ്ങിയ ജനത പാര്‍ട്ടിയോട് കൂട്ടുചേര്‍ന്നതും, ബോഫോഴ്സ് കുംഭകോണക്കേസില്‍ കൃത്യമായ അന്വേഷണം നേരിടാന്‍ തയാറാകാത്ത രാജീവ് ഗാന്ധിയ്ക്കെതിരെ പ്രതിപക്ഷം ഒരുമിച്ചതുമാണ് കാരണമായി പറയുന്നത്.
ഇതൊക്കെ നടന്നിട്ടു അധികം കാലമൊന്നുമായിട്ടില്ല; നാല്പത്ത് വര്‍ഷമേ ആയിട്ടുള്ളൂ. അത്ര ബുദ്ധിമുട്ടി ചരിത്രം വായിക്കണമെന്നില്ല ഇതിന്റെ സത്യം മനസിലാക്കാന്‍.
സോഷ്യലിസ്റ്റുകളും, സംഘടനാ കോണ്‍ഗ്രസുകാരും സി.പി.ഐ.എമ്മടക്കമുള്ള ഇടതു കമ്യൂണിസ്റ്റു പാര്‍ട്ടികളും, ജനസംഘവും മാത്രമല്ല, എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ജമാ അത്തെ ഇസ്ലാമി പോലും അടിയന്തിരാവസ്ഥയെ എതിര്‍ത്തിരുന്നു. സ്വന്തം തെരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹബാദ് ഹൈക്കോടതി വിധിയെ മറികടക്കാന്‍ ഭരണഘടനയെ അട്ടിമറിച്ചു നിയമനിര്‍മ്മാണം നടത്തുകയും അതിനെതിരെ ഉണ്ടാകാനിടയുള്ള ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും, ‘മിസ’ പോലുള്ള കരിനിയമങ്ങള്‍ നടപ്പാക്കുകയും, പത്രങ്ങള്‍ക്കു സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും, മൗലികാവകാശങ്ങള്‍ക്കുമേല്‍ കുതിര കയറുകയും കോടതികള്‍ പോലും കണ്ണടയ്ക്കുകയും ചെയ്ത, ഇന്ത്യന്‍ ചരിത്രത്തില്‍ കറുകറുത്ത മഷിയില്‍ എഴുതിവച്ച ജനാധിപത്യ നിരാസത്തിന്റെ കാലത്തു പ്രതിപക്ഷങ്ങള്‍ ഒന്നുചേര്‍ന്ന് അതിനെ എതിര്‍ത്തു തോല്‍പ്പിച്ചു എന്നതാണ് കോണ്‍ഗ്രസുകാര്‍ക്ക് കുറ്റമായി തോന്നുന്നത്. ഏകാധിപതിയുടെയും കുടുംബത്തിന്റെയും ക്രൂരവാഴയ്ക്കുമുന്പില് നിശബ്ദത പാലിച്ചില്ല എന്നതാണ് മാരക പാപമായി പാടി നടക്കുന്നത്.
പരിമിത ജനാധിപത്യ വിഭവന്മാരായ കോണ്‍ഗ്രസുകാര്‍ അറിയേണ്ടത് ജനാധിപത്യബോധവും ആത്മാഭിമാനവുമുള്ള മനുഷ്യര്‍ കിരാതവാഴ്ചയ്ക്കെതിരെ പൊരുതും. അതില്‍ പരിഭവിച്ചിട്ടു കാര്യല്ല. വര്‍ഗീയ ഫാസിസത്തിനെതിരെ ഇപ്പോള്‍ അണിനിരക്കുന്ന ജനത ഒരു വേള നിങ്ങളെ ഭരണം ഏല്പിച്ചെന്നിരിക്കും; അതിനര്‍ത്ഥം ഇന്ദിരാഗാന്ധിയുടെ അവതാരമായി നിങ്ങള്‍ കരുതുന്ന പ്രിയങ്ക ഗാന്ധി മുത്തശ്ശിയുടെ വഴിയിലാണ് യാത്രയെങ്കില്‍ ആളുകള്‍ മിണ്ടാതിരിക്കും എന്നല്ല, പഴയതൊക്കെ പാപമൊക്കെ ആവര്‍ത്തിക്കും എന്നാണ്.
ഒരു കാര്യം കൂടി.
അടിയന്തിരാവസ്ഥയ്ക്കെതിരെ പൊട്ടിയൊഴുകിയ ജനരോഷത്തില്‍ ഇന്ദിരാഗാന്ധി അടിതെറ്റിവീഴുകയും അന്നുവരെ രാജസ്ഥാനിലും മധ്യപ്രദേശിലും ഒതുങ്ങിനിന്നിരുന്ന ജനസംഘം ജനതാ പാര്‍ട്ടിയിലൂടെ കേന്ദ്രത്തില്‍ അധികാരത്തിന്റെ പങ്കു പറ്റി എന്നതും സത്യമാണ്. പക്ഷെ ആ സര്‍ക്കാര്‍ എങ്ങിനെയാണ് അധികാരത്തില്‍നിന്ന് പോയത്?
ആര്.എസ്.എസിലും ജനതാ പാര്‍ട്ടിയിലും ഒരേ സമയം അംഗമായിരിക്കാന്‍ പറ്റില്ല എന്ന നിലപാട് ജനതാ പാര്‍ട്ടി നേതൃത്വം എടുത്തപ്പോഴാണ് ജനസംഘം പിരിയുന്നതും സര്‍ക്കാര്‍ വീഴുന്നതും.
എന്നുവച്ചാല്‍, ജനാധിപത്യ നിഷേധത്തിനെതിരെ ജനരോഷം തടുത്തുകൂട്ടി അധികാരത്തില്‍ വന്ന സോഷ്യലിസ്റ്റുകളും അവരെ പിന്തുണച്ച ഇടതുപക്ഷവും മതവര്‍ഗീയതയുമായി ആദ്യ അവസരത്തില്‍ത്തന്നെ ഉരസുകയും അധികാരം നഷ്ടപ്പെടുത്തുകയും ചെയ്തു.
അതാണ് ചരിത്രം.
ഇനി മുന്‍പോട്ടു വന്നാല്‍, ബോഫോഴ്സ് കുംഭകോണത്തിനെതിരെ, അഴിമതിയ്ക്കെതിരെ വലിയ ജനരോഷം ഉണ്ടായപ്പോള്‍ പ്രതിപക്ഷം ആ പ്രക്ഷോഭം ഏറ്റെടുത്തു എന്നത് സത്യം. പക്ഷെ കാലാവധി കഴിഞ്ഞു രാജീവ് ഗാന്ധി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ മിക്കവാറും മണ്ഡലങ്ങളില്‍ ത്രികോണ മത്സരമായിരുന്നു. ഭൂരിപക്ഷമില്ലെങ്കിലും 1989 -ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി രാജീവ് ഗാന്ധി പ്രധാനമന്ത്രിസ്ഥാനത്തേക്കില്ല എന്ന് പറഞ്ഞപ്പോഴാണ് വി.പി സിംഗിനെ ബി.ജെ.പിയ്ക്കൊപ്പം ഇടതുപക്ഷവും പിന്തുണച്ചത്.
എന്നിട്ടോ?
രാമജന്മഭൂമി വിഷയമുയര്‍ത്തി രഥയാത്ര നടത്തി ഇന്ത്യയെ ഒരിക്കല്‍ക്കൂടി വിഭജിക്കാനിറങ്ങിപ്പുറപ്പെട്ട ലാല്‍ കൃഷ്ണ അദ്വാനിയെ അയാളുടെ കക്ഷിയുടെ സഹായത്തോടെ ഭരിക്കുന്ന പാര്‍ട്ടി അറസ്റ് ചെയ്തു ജയിലില്‍ അടച്ചു. സര്‍ക്കാര്‍ വീണു.
എന്നുവച്ചാല്‍ വര്‍ഗീയതയുമായി സന്ധിയുണ്ടാക്കേണ്ടിവന്ന ആദ്യ അവസരത്തില്‍ത്തന്നെ ഇടഞ്ഞു, അധികാരത്തില്‍നിന്ന് പോയി.
ചരിത്രം ആവര്‍ത്തിച്ചു.
*******************
അടിക്കുറിപ്പ് നോക്കാതെ ഫോട്ടോ മാത്രം പൊക്കിപ്പിടിച്ചു ഇടതുപാര്‍ട്ടികളെയും സി.പി.ഐ.എമ്മിനെയും ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് കാരണമായി കൊണ്ടുനടക്കുന്നവര്‍ കോണ്‍ഗ്രസിന്റെ ഇക്കാലത്തെ ചരിത്രം എന്നതാണ് എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
പഞ്ചാബിലെ അകാലികളെ തളര്‍ത്താന്‍ ഭിന്ദ്രന്‍വാലയെ ഉപയോഗപ്പെടുത്തിയ ശ്രീമതി ഇന്ദിരാഗാന്ധിയ്ക്കു നിയന്ത്രിക്കാന്‍ പറ്റാത്ത ഫ്രാങ്കന്സ്റ്റീനായി പക്ഷെ അയാള്‍ വളര്‍ന്നു; സുവര്‍ണ്ണ ക്ഷേത്രം താവളമാക്കിയ ഭീകരനെ ഒഴിപ്പിക്കാന്‍ നടത്തിയ ശ്രമത്തിന്റെ പ്രത്യാഘാതമായി ഇന്ദിരാ ഗാന്ധിയ്ക്ക് അവരുടെ ജീവിതം ബലികൊടുക്കേണ്ടി വന്നു.
ആ സഹതാപതരംഗത്തില്‍ അധികാരത്തില്‍ വന്ന രാജീവ് ഗാന്ധി വര്‍ഗീയതയുമായി സന്ധിചെയ്യാന്‍ പറ്റിയ സന്ദര്‍ഭങ്ങള്‍ സ്വയം സൃഷ്ടിച്ചെടുത്തു. മുസ്ലിം വ്യക്തിനിയമത്തിലെ അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമായ ഒരു വകുപ്പ് നാട്ടിലെ പരമോന്നത കോടതി റദ്ദുചെയ്തപ്പോള്‍ അതിനെ മറികടക്കാന്‍ നിയമമുണ്ടാക്കി മുസ്ലിം വര്‍ഗീയതയ്ക്ക് കൂട്ടുനിന്നു. (അമ്മയും ചെയ്തത് കോടതിവിധി മറികടക്കാന്‍ നിയമമുണ്ടാക്കുകയാണ്). അതു തിരിച്ചടിക്കുമെന്നായപ്പോള് അപകടം മുന്‍കൂട്ടിക്കണ്ട് സ്വന്തം മുത്തശ്ശന് മണിച്ചിത്രത്താഴിട്ട് പൂട്ടിയ രാമജന്മഭൂമി തുറന്നു കൊടുത്തു. അങ്ങിനെ ഭൂരിപക്ഷ വര്‍ഗീയതയുമായും സന്ധിയുണ്ടാക്കി.
അതാണ് ചരിത്രം.
ഇനി ചെയ്തതാണ് തൂത്താലും മാച്ചാലും പോകാത്തത്.
രാജീവ് ഗാന്ധി തുറന്നുവിട്ട ഭൂതത്തിന്റെ ചിറകില്‍ കയറി ഇന്ത്യയില്‍ നിരപരാധികളുടെ ചോര വീഴ്ത്തി രഥമുരുട്ടിയ അദ്വാനിയെ തടഞ്ഞ സര്‍ക്കാരിനെ താഴെയിറക്കാന്‍ അതെ അദ്വാനിയുടെ ഒപ്പം പാര്‍ലമെന്റില്‍ വോട്ടുചെയ്തു.
വര്‍ഗീയതയുമായി സന്ധിചെയ്യാന്‍ വീണ്ടും ഒരവസരം സൃഷ്ടിച്ചെടുത്തു; ഉപയോഗിച്ചു.
ചരിത്രം ആവര്‍ത്തിച്ചു. അത്രേയുള്ളൂ.
************************************
പറഞ്ഞുവന്നത് ഇതാണ്:
വര്‍ഗീയതയോടു ഉരസേണ്ടിവന്നപ്പോള് ആദ്യ അവസരത്തില്‍ അതു ചെയ്തവരാണ് ഇന്ത്യയിലെ മറ്റു പ്രതിപക്ഷങ്ങള്‍;
വര്‍ഗീയതയോടു സന്ധിചെയ്യാന്‍ അവസരങ്ങള്‍ സൃഷ്ടിച്ചു ഉപയോഗിച്ചവരാണ് കോണ്‍ഗ്രസുകാര്‍.
മതത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരെ വിഭജിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ പാകത്തില്‍ വര്‍ഗീയത വളര്‍ന്നിരിക്കുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസുകാര്‍ ഒന്ന് ചുറ്റും നോക്കണം എന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. ഓരോരുത്തരുടെയും ചരിത്രമൊക്കെ അവിടവിടെ കല്ലില്കൊത്തിക്കിടപ്പുണ്ട്.
അതിന്റെ ചിത്രങ്ങള്‍ അവിടവിടെ ചിതറിക്കിടപ്പുണ്ട്.
അവയെടുത്തുനോക്കണം.
പിന്നെ അവയുടെ അടിക്കുറിപ്പുകളും.
ഇല്ലെങ്കില്‍,
ഇനിയുമൊരൂഴത്തിനു ആരും ബാക്കിയുണ്ടാവണമെന്നില്ല.