Administrator
Administrator
കിഷോര്‍ കുമാര്‍: ഒരോര്‍മ്മക്കുറിപ്പ്
Administrator
Thursday 4th August 2011 1:18am

നദീം നൗഷാദ്


മുഹമ്മദ് റഫി, തലത്ത് മഹമൂദ്, മുകേഷ് എന്നിവര്‍ക്കൊന്നും ഇല്ലാത്ത ഒരു നിര്‍ഭാഗ്യം കിഷോറിന്റെ സംഗീതജീവിതത്തിന്റെ തുടക്കത്തില്‍തന്നെ ഉണ്ടായിരുന്നു. 1948 ല്‍ ‘സിദ്ദി’യില്‍ ആദ്യ പാട്ട് പാടിത്തുടങ്ങിയെങ്കിലും 1969 ല്‍ ‘ആരാധന’യിലെ പാട്ടുകളോടെയാണ് കിഷോറിന് സിനിമാസംഗീതലോകത്ത് നിലയുറപ്പിക്കാന്‍ സാധിച്ചത്. നീണ്ട ഇരുപത്തൊന്ന് വര്‍ഷങ്ങളാണ് ഒരു ഗായകന്‍ എന്ന നിലയില്‍ അംഗീകരിക്കപ്പെടാന്‍ കിഷോര്‍ കാത്തിരുന്നത്. 1987 ല്‍ മരിക്കുന്നതുവരെ രണ്ട് പതിറ്റാണ്ട് ബോളിവുഡ് സംഗീതം കിഷോറിന്റെ കാല്‍ച്ചുവട്ടിലായിരുന്നു എന്നത് ചരിത്രം.

മധ്യപ്രദേശിലെ ഖണ്ഡ്‌വയില്‍ 1929 ആഗസ്ത് 4 ന് ജനിച്ച അബ്ബാസ് കുമാര്‍ ഗാംഗുലിയാണ് കിഷോര്‍ കുമാറെന്ന പേരില്‍ 1940 കളുടെ അവസാനം ബോളിവുഡില്‍ എത്തുന്നത്. കിഷോറിന്റെ മൂത്ത സഹോദരനായ അശോക് കുമാര്‍ ബോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന കാലം. അറിയപ്പെടുന്ന ഒരു ഗായകനാവണം എന്നായിരുന്നു കിഷോറിന്റെ ആഗ്രഹം. പക്ഷേ തലത്ത് മഹമൂദും റഫിയും മുകേഷും രംഗം അടക്കി വാഴുമ്പോള്‍ കിഷോര്‍ കുമാറിന്റെ സാധ്യത വളരെ പരിമിതമായിരുന്നു. അശോക് കുമാറിന്റെ സ്വാധീനംകൊണ്ട് കിഷോറിന് ചില സിനിമകളില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. അവയില്‍ ഭൂരിഭാഗവും പരാജയങ്ങളായിരുന്നു. എങ്കിലും അദ്ദേഹം പിന്‍മാറിയില്ല. കാരണം ആ സിനിമകളിലൊക്കെ പാടാന്‍ അവസരം ലഭിച്ചിരുന്നു.

1950 കളുടെ തുടക്കത്തില്‍ അഭിനയരംഗത്ത് സജീവമായിരുന്നു കിഷോര്‍. ജ്യേഷ്ഠനായ അശോക് കുമാര്‍ അഭിനയരംഗത്ത് തുടരണം എന്നാഗ്രഹിച്ചപ്പോള്‍ വലിയൊരു പാട്ടുകാരനാവുക എന്നതായിരുന്നു കിഷോറിന്റെ സ്വപ്നം. ഒരിക്കല്‍ അഭിനയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചുകൊണ്ട് ഒരു സിനിമയില്‍ വിചിത്രമായ രീതിയില്‍ അദ്ദേഹം അഭിനയിച്ചു. മോശമായ രീതിയില്‍ അഭിനയിച്ചാല്‍ ഇനി നിര്‍മ്മാതാക്കള്‍ തന്നെ വിളിക്കില്ലെന്ന് അദ്ദേഹം കണക്കുകൂട്ടി. പക്ഷേ അത്ഭുതമെന്ന് പറയട്ടെ ആ സിനിമ ഹിറ്റായി. അഭിനയം അവസാനിപ്പിച്ച് ഗായകനായി തുടരാം എന്ന കിഷോറിന്റെ ആഗ്രഹത്തിന് തിരിച്ചടിയേറ്റു. കോമഡി സിനിമകള്‍ ചെയ്യുന്ന നിര്‍മ്മാതാക്കള്‍ കിഷോറിനെ തേടി വരാന്‍ തുടങ്ങി. ‘ന്യൂദല്‍ഹി’ (1957), ‘ആശ’ (1957), ‘ചല്‍തി കാ നാം ഗാഡി’ (1958), ‘ജുംരൂ’ (1961), ‘ഹാഫ് ടിക്കറ്റ്’ (1962), ‘പഡോസന്‍’ (1968), എന്നീ സിനിമകള്‍ അദ്ദേഹത്തിന് ‘കോമിക് ഹീറോ’ എന്ന പേര് നേടിക്കൊടുത്തു.

ബോളിവുഡിലെ സമകാലികരായ മറ്റ് പിന്നണിഗായകരില്‍നിന്നും കിഷോര്‍ കുമാറിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹം സിനിമയുടെ എല്ലാതലങ്ങളിലും വ്യാപരിച്ചു എന്നുള്ളതാണ്. ഗായകന് പുറമേ അഭിനേതാവ്, നിര്‍മ്മാതാവ്, സംവിധായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ എന്നീ രംഗങ്ങളിലും അദ്ദേഹം ശ്രദ്ധേയനായി. 1958 ല്‍ കിഷോര്‍ നിര്‍മ്മിച്ച ‘ചല്‍തി കാ നാം ഗാഡി’ മികച്ച സാമ്പത്തിക വിജയം നേടി. കിഷോര്‍ കുമാര്‍ തന്നെയായിരുന്നു അതിലെ നായകന്‍. ഈ സിനിമയിലെ ‘ഏക് ലഡ്കീ ബീഗി ബാഗീസീ’ , ‘ഹാല്‍ കൈസാ ജനാബ് കാ’ എന്നീ പാട്ടുകള്‍ ഹിറ്റായി. 1961 ല്‍ കിഷോര്‍ കുമാര്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത ‘ജുംരൂ’ എന്ന സിനിമയിലെ സംഗീത സംവിധാനവും കിഷോര്‍ തന്നെയായിരുന്നു. അതിലെ ‘കോയി ഹം ദം നാ രഹാ’ എന്ന പാട്ട് പ്രശസ്തമാണ്.

1969 ലെ ‘ആരാധന’ എന്ന സിനിമയാണ് കിഷോറിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. എസ്.ഡി ബര്‍മനായിരുന്നു ‘ആരാധന’യുടെ സംഗീതം. മുഹമ്മദ് റഫി, ലതാ മങ്കേഷ്‌കര്‍, കിഷോര്‍ കുമാര്‍ എന്നിവര്‍ക്ക് അദ്ദേഹം പാട്ടുകള്‍ തുല്യമായി വിഭജിച്ച് നല്‍കി. ‘ആരാധന’യിലെ പാട്ടുകള്‍ മുഴുവന്‍ പൂര്‍ത്തിയാവുന്നതിന് മുന്‍പ് ബര്‍മ്മന്‍ രോഗശയ്യയിലായി. ബാക്കി വന്ന പാട്ടുകള്‍ ചെയ്യുക എന്ന ജോലി അദ്ദേഹം മകന്‍ ആര്‍.ഡി ബര്‍മനെ ഏല്‍പ്പിച്ചു. അവശേഷിച്ച രണ്ട് പാട്ടുകള്‍ ‘മേരി സപ്‌നോംകി റാണി’, ‘രൂപ് തെരാ മസ്താനാ’ എന്നിവ ആര്‍.ഡി ബര്‍മന്‍ കിഷോറിന് നല്‍കി. ആ പാട്ടുകള്‍ ഇന്ത്യ മുഴുവന്‍ തരംഗമായി. കിഷോര്‍ എന്ന ഗായകന്റെ സ്ഥാനാരോഹണമായിരുന്നു അത്.

എഴുപതുകള്‍ കിഷോറിന്റെ യുഗമായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. ആര്‍.ഡി ബര്‍മന്‍ ഇക്കാലത്ത് സൃഷ്ടിച്ച പാട്ടുകളെല്ലാം തന്നെ കിഷോറിന് വേണ്ടിയായിരുന്നു. രാജേഷ് ഖന്ന, അമിതാഭ് ബച്ചന്‍, രണ്‍ധീര്‍ കപൂര്‍, ഋഷി കപൂര്‍, ധര്‍മേന്ദ്ര, സഞ്ജീവ് കുമാര്‍, എന്നീ ബോളിവുഡിലെ ഹീറോകള്‍ക്കുവേണ്ടിയെല്ലാം അദ്ദേഹം പാടി. അതിന് മുന്‍പ് എസ്.ഡി ബര്‍മന്‍ കിഷോറിന്റെ ശബ്ദം ദേവ് ആനന്ദിന് വേണ്ടി ‘ഗൈഡ്’, ‘ജുവല്‍ ത്വീഫ്’, ‘പേയിംഗ് ഗസ്റ്റ്’ എന്നീ സിനിമകളില്‍ ഉപയോഗിച്ചിരുന്നു.

‘പഞ്ചം ദാ’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആര്‍.ഡി ബര്‍മന്റെ (രാഹുല്‍ദേവ് ബര്‍മന്‍) മികച്ച ഗാനങ്ങളെല്ലാം കിഷോറിന് വേണ്ടി കരുതിവെച്ചവയായിരുന്നു. ‘യേ ശ്യാം മസ്താനി’(കാത്തി പതംഗ്), ‘കുച്‌തോ ലോഗ് കഹേംഗേ’(അമര്‍ പ്രേം), ‘ദിയാ ജല്‍തേ ഹേ’(നമക് ഹറാം), ‘ഹമേ തുംസേ പ്യാര്‍ കിത്‌നാ’(ഖുദ്‌റത്), ‘വോ ശ്യാം കുച് അജീബ് ഥീ’(ഖാമോശീ), ‘മെരെ നൈനാ സാവന്‍ ഭാദോം’( മെഹബൂബാ),‘മെരാ ജീവന്‍ ഖൊറാ കാഗസ്’ (ഖൊറാ കാഗസ്), ‘ദില്‍ ഐസാ കിസീനെ മുജെ തോഡാ(അമാനുഷ്) എന്നിങ്ങനെ ആര്‍.സി ബര്‍മന്‍ കിഷോറിന് നല്‍കിയ ഗാനങ്ങള്‍ എത്രയെത്ര! ലക്ഷ്മികാന്ത്-പ്യാരേലാലും കല്യാണ്‍ജി ആനന്ദ്ജിയും കിഷോറിന് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. മെരെ ദില്‍മെ ആജ് ക്യാ ഹെ(ദാഗ്-1973), യേ ജീവന്‍ ഹേ (പ്യാര്‍ കാ ഗര്‍-1972) എന്നിവ ലക്ഷ്മികാന്ത് പ്യാരേലാലും, ഓസാത്തിരേ (മുഖന്ദര്‍ കാ സികന്ദര്‍), ഖയികേ പാന്‍ ബനാറസ് വാലാ (ഡോണ്‍), എന്നിവ കല്യാണ്‍ജി ആനന്ദ്ജിയും നല്‍കിയ മികച്ച ഗാനങ്ങളാണ്. എഴുപതുകളുടെ അന്ത്യത്തില്‍ പുതിയ സംഗീത സംവിധായകരായി രംഗത്തു വന്ന ബപ്പി ലാഹരി, രാജേഷ് റോഷന്‍, സപന്‍ ചക്രവര്‍ത്തി എന്നിവരുടെ ഇഷ്ടഗായകനും കിഷോര്‍ തന്നെയായിരുന്നു. രാജേഷ് റോഷന്റെ ആദ്യ ഹിറ്റായ ജൂലിയിലെ ‘ദില്‍ ക്യാ കരേ ജബ് കിസീകെ’, ബപ്പി ലാഹിരിയുടെ ചല്‍തെ ചല്‍തെ, സപന്‍ ചക്രവര്‍ത്തിയുടെ ‘തുംബിന്‍ ചലോ’, ‘തുംബിന്‍ ചലിയേ‘ (സമീര്‍) എന്നിവ അക്കാലത്തെ ജനപ്രിയ ഗാനങ്ങളായിരുന്നു. സത്യജിത് റേ യുടെ ചാരുലത (1964) ല്‍ ടാഗോറിന്റെ ഒരു പാട്ടു പാടാനുള്ള അപൂര്‍വ്വ അവസരവും കിഷോറിന് ലഭിച്ചിരുന്നു.

ആരാധന(1969)യില്‍ തുടങ്ങിയ കിഷോര്‍  തരംഗം പത്ത് വര്‍ഷത്തിലധികം നീണ്ടു നിന്നു. കാസറ്റുകള്‍ വാങ്ങുന്നതിന് മുന്‍പ് അതില്‍ കിഷോറിന്റെ ഒരു പാട്ടെങ്കിലും ഉണ്ടെന്ന് ആസ്വാദകര്‍ ഉറപ്പ് വരുത്തിയിരുന്നു. നായകന് വേണ്ടി കിഷോര്‍ തന്നെ പാടണമെന്ന് നിര്‍മ്മാതാക്കള്‍ നിര്‍ബന്ധം പിടിക്കാന്‍ തുടങ്ങി. റഫിയെക്കൊണ്ട് പാടിച്ചിരുന്ന സംഗീത സംവിധായകര്‍ക്ക് പോലും നിര്‍മ്മാതാക്കളുടെ ഈ ആവശ്യത്തിനുമുന്നില്‍ പിടിച്ച് നില്‍ക്കാന്‍ പറ്റിയില്ല. റഫിയെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തി കിഷോറിനെ മുഖ്യ ഗായകനായി അവര്‍ക്ക് പാടിക്കേണ്ടി വന്നു. ഈ അവസ്ഥയില്‍ വിഷമിച്ച് ഗാനരംഗം വിടാന്‍വരെ റഫി സജീവമായി ആലോചിച്ചിരുന്നു.

അടിയന്തിരാവസ്ഥാ കാലത്ത് സഞ്ജയ് ഗാന്ധി മുംബൈയില്‍ കോണ്‍ഗ്രസ്സ് റാലിക്ക് വേണ്ടി പാടാന്‍ കിഷോര്‍ കുമാറിനോട് ആവശ്യപ്പെട്ടപ്പോള്‍ കിഷോര്‍ അത് നിരസിച്ചു. ഇതിനുള്ള പ്രതികാര നടപടിയായി കോണ്‍ഗ്രസ്സ് ഗവണ്‍മെന്റ് ഓള്‍ ഇന്ത്യാ റേഡിയോവിലും വിവിധ് ഭാരതിയിലും കിഷോറിന്റെ ഗാനങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തി. അവസാനം ചില പ്രമുഖ സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും ഇടപെടല്‍മൂലം നിരോധനം നീക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.

ഒട്ടേറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതായിരുന്നു കിഷോറിന്റെ കുടുംബ ജീവിതം. അദ്ദേഹം നാലുതവണ വിവാഹം കഴിച്ചു. ആദ്യ ഭാര്യയായ രുമ ഘോഷുമായുള്ള ബന്ധം 8 വര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. പ്രശസ്ത നടി മധുബാലയായിരുന്നു കിഷോറിന്റെ രണ്ടാമത്തെ ഭാര്യ. ചല്‍തി കാ നാം ഗാഡി ഉള്‍പ്പടെ മിക്ക സിനിമകളിലും കിഷോറിന്റെ നായികയായിരുന്നു മധുബാല. 1969 ല്‍ മധുബാലയുടെ മരണത്തോടെ 9 വര്‍ഷം നീണ്ടു നിന്ന ആ ബന്ധം അവസാനിച്ചു. 1976 ല്‍ കിഷോര്‍ യോഗീതാബാലിയെ വിവാഹം ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം ആ ബന്ധം വേര്‍പിരിഞ്ഞു. 1980 ല്‍ വിവാഹം കഴിച്ച ലീനാ ചന്ദ്രവര്‍ക്കര്‍ കിഷോര്‍ മരിക്കുവോളം കൂടെയുണ്ടായിരുന്നു. അമിത് കുമാര്‍, സുമിത് കുമാര്‍ എന്നീ രണ്ടു മക്കള്‍ ഉണ്ട്. അവസാനകാലത്ത് കിഷോര്‍ തന്റെ ജന്മസ്ഥലമായ ഖണ്ഡ്‌വയിലേക്ക് തിരിച്ചുപോവാന്‍ ആഗ്രഹിച്ചിരുന്നു. നാല്‍പത് വര്‍ഷത്തെ മുംബൈ ജീവിതം അദ്ദേഹത്തിന് മടുത്തിരുന്നു. ഇതിനിടയിലാണ് 1987 ഒക്ടോബര്‍ 13 ന്് സംഗീത ലോകത്തുനിന്ന് അദ്ദേഹം യാത്രയായത്.

Advertisement