എഡിറ്റര്‍
എഡിറ്റര്‍
പുളിമരങ്ങളും അരങ്ങൊഴിയുന്നു
എഡിറ്റര്‍
Wednesday 26th September 2012 3:23pm


ഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം. ഇന്ന് വികസനത്തിന്റെ പര്യായമായി ദ്വിതീയ-ത്രിദീയ മേഖലകള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഭക്ഷ്യക്ഷാമം എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷകന്‍ മാസിക എന്നിവയുടെ സഹകരണത്തോടുകൂടി ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ്.കോം അതിന്റെ ചരിത്രപരമായ ഇടപെടല്‍ നടത്തുന്നു…


കിസാന്‍: എം.പി. അയ്യപ്പദാസ്

ഫലമജ്ജയില്‍ ദഹനത്തെ സഹായിക്കുന്ന പെക്ടിന്‍ എന്ന രാസഗുണം അടങ്ങിയിട്ടുണ്ട്. പഴക്കം ചെന്ന പുളി ഉണക്കി അതിന്റെ പൊടി തേനും ചേര്‍ത്ത് കഴിച്ചാല്‍ തൊണ്ട ശുദ്ധമായി ശബ്ദം തെളിയും. പുളിയില ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കുളിച്ചാല്‍ ശരീരക്ഷീണവും വേദനയും മാറും. പുളിയിലയും സമം കറിവേപ്പിലയും ചേര്‍ത്ത് തിളപ്പിച്ച വെള്ളം തണുപ്പിച്ച് വ്രണം കഴുകുന്നതും ഉണങ്ങിയ പുളിയില പൊടിച്ച് വ്രണത്തില്‍ വിതറുന്നതും വ്രണം ഉണങ്ങാന്‍ സഹായകമാണ്. പുളിയുടെ പൂക്കള്‍ ഇടിച്ച് പിഴിഞ്ഞ നീര് അര ഔണ്‍സ് വീതം രണ്ടു നേരം കുടിക്കുന്നത് അര്‍ശസ്സിന് ചികിത്സയാണ്.

 

കറിക്കൂട്ടുകളിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് പുളി. ഇഞ്ചി, നാരങ്ങാക്കറി, അവിയല്‍, സാമ്പാര്‍, രസം, തീയല്‍ എന്നിവയിലെ പുളിസാന്നിധ്യം ഏവര്‍ക്കും സുപരിചിതം. കരുപ്പെട്ടിയും പുളിയും ഏലവും ചുക്കും ചെറുനാരങ്ങാനീരും ചേര്‍ത്തുണ്ടാക്കുന്ന ‘പാനകം’ ചില ക്ഷേത്രങ്ങളില്‍ പ്രസാദമായും നല്‍കാറുണ്ട്. ഇത് ഒരു ഉത്തമ ദാഹശമിനിയാണ്. രാജഭരണകാലത്ത് കരകുടിശിഖ വരുത്തുന്നവര്‍ക്ക് പുളി കലക്കികൊടുക്കുന്ന ശിക്ഷയുണ്ടായിരുന്നു. കിണര്‍ പുതുതായി കുഴിച്ചാലും പഴയത് വറ്റിച്ചാലും വെള്ളത്തിന് രുചി കൂട്ടാന്‍ വേണ്ടി പുളിയും ഉപ്പും ഒരു മുളകും കിണറ്റില്‍ നിക്ഷേപിക്കുന്നത് ഇന്നും ആചാരമാണ്.

Ads By Google

സുഗന്ധദ്രവ്യങ്ങളില്‍ അഞ്ചാം സ്ഥാനവും, അടുക്കളയില്‍ മുന്തിയ സ്ഥാനവുമുള്ള പുളി ഇന്ന് കേരളത്തില്‍ സ്ഥലപരിമിതി കൊണ്ടും വിളവെടുപ്പിന്റെ ആയാസംകൊണ്ടും ഏറെക്കുറെ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. പണ്ട് വീട്ടുവളപ്പിലെ പുളിമരങ്ങള്‍ ആദായത്തിന്റെ നിറകുടമായിരുന്നു. വീട്ടാവശ്യങ്ങള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കുന്നതോടൊപ്പം നല്ല ആദായവും ഇതില്‍ നിന്നും ലഭിച്ചിരുന്നു.

ജനുവരി മുതല്‍ ഏപ്രില്‍വരെയാണ് പുളിക്കാലം. ചുവന്ന പുളി, മഞ്ഞ പുളി, മധുരപുളി എന്നീ  പല ഇനങ്ങളുമുണ്ട്. കിഴക്കന്‍ മേഖലയിലെ പുളികള്‍ക്ക് താരതമ്യേന വിളവ് കൂടും. നീണ്ട വാളന്‍ പുളി എന്നറിയപ്പെടുന്ന ഇവയ്ക്ക് 6 മുതല്‍ 12 വരെ കുരുവും പശ്ചിമ മേഖലകളിലുള്ളവയ്ക്ക് 2 മുതല്‍ 4 വരെ കുരുവുമുണ്ട്.
ഇന്ന് കേരളത്തോടൊപ്പം തമിഴ്‌നാട്ടിലും പുളിമരങ്ങള്‍ വെട്ടി നശിപ്പിക്കുന്നു. പുളിവിറകിനുള്ള പ്രിയവും അമിത വിലയും മറ്റ് ഇടവിളകള്‍ ഇതിന്റെ ചുവട്ടില്‍ വളരില്ലെന്നതും വിളവെടുപ്പിന്റെ അമിത കൂലിയുമാണ് ഇതിന് കാരണം.

ഒരു ദശകം മുമ്പുവരെ നമ്മുടെ നാട്ടില്‍ ധാരാളം പുളിമരങ്ങള്‍ ഉണ്ടായിരുന്നു. അന്നൊക്കെ ഒരു കിലോ, പുളിക്ക് 25-30 രൂപയായിരുന്നെങ്കില്‍ ഇന്നത് 100-125 രൂപവരെയായി ഉയര്‍ന്നു. ഇന്ന് പുളിയുടെ വരവ് ആന്ധ്രയിലെ പുന്തന്നൂര്‍, ഛത്തീസ്ഘട്ടിലെ ജഗതല്‍പ്പൂര്‍, ഗുജറാത്ത്, തമിഴ്‌നാട്ടിലെ കൃഷ്ണഗിരി, കമ്പം പ്രദേശങ്ങളില്‍നിന്നുമാണെന്ന് 80 വര്‍ഷം മുമ്പ് പുളിക്കച്ചവടം പാരമ്പര്യമായി നടത്തിവരുന്ന പിതാമഹന്‍ പല്‍പ്പു നാടാരുടേയും പിതാവ് രാമകൃഷ്ണന്റേയും മകന്‍ കാപ്പിക്കാട് ആര്‍. ശെന്തില്‍ പറഞ്ഞു.

‘പെരിയകുളം’ നട്ടാല്‍ പെരിയ വിളവ്


അധിക സ്ഥലം അപഹരിക്കാതെ വീട്ടുവളപ്പില്‍ നടാന്‍ പറ്റിയ  പുളിയാണ് ‘പെരിയകുളം ഒന്ന്’ എന്ന പേരില്‍ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയത്. 15 മീറ്ററോളം ഉയരത്തില്‍ വളരുന്ന ഇവയ്ക്ക് നിറയെ ശാഖോപശാഖകളുമുണ്ടാകും. ഒരു കുലയില്‍ 4 മുതല്‍ 7 വരെ കായ്കളും മറ്റിനങ്ങളെക്കാള്‍ 58 ശതമാനം അധികവിളവും, 30 ശതമാനം ദശയും കൂടുതലുണ്ട്.

നട്ട് നാലാംവര്‍ഷം കായ്കള്‍ പറിക്കാം. ഫലപുഷ്ടി ഇല്ലാത്ത മണ്ണില്‍പ്പോലും നന്നായി വളര്‍ന്ന് വിളവ് തരും. ഏത് വരള്‍ച്ചയേയും അതിജീവിക്കുവാന്‍ കരുത്തുണ്ട്. വിത്ത് വിതച്ച് തൈകള്‍ നടാമെങ്കിലും ഒട്ടു തൈകളാണ് നന്ന്. മഴക്കാലത്തിനുമുമ്പ് 1 x1 x 1 മീറ്റര്‍ അളവിലും ആഴത്തിലും കുഴിയെടുത്ത് ജൈവവളം, മണല്‍, മേല്‍മണ്ണ് ഇവ നിറച്ച് കുഴിമൂടിയിട്ട് ജൂണ്‍മാസം നടുന്നു. ഒട്ട് മണ്ണില്‍നിന്നും പൊങ്ങിനില്‍ക്കാനും താങ്ങു കമ്പ് കെട്ടാനും ശ്രദ്ധിക്കണം. ഒരേക്കറില്‍ 40 തൈ നടാം. രാസവളങ്ങള്‍ ആവശ്യമില്ലെങ്കിലും ആദ്യത്തെ അഞ്ച് വര്‍ഷക്കാലം 50 കിലോ വീതം ജൈവവളം ചേര്‍ക്കണം.

വളരുമ്പോള്‍ ഒട്ടിന്റെ അടിഭാഗത്തെ കിളിര്‍പ്പുകള്‍ നീക്കണം. 3 മീറ്റര്‍ ഉയരം വരുമ്പോള്‍ തലപ്പ് നുള്ളിവിട്ടാല്‍ പടര്‍ന്ന് പന്തലിച്ചു വളരും. ഇത് വിളവെടുപ്പിന് സഹായകരമാകും. ഒട്ടു തൈകള്‍ ആദ്യവര്‍ഷം പൂക്കുമെങ്കിലും ആദ്യ മൂന്നു കൊല്ലം വരുന്ന പൂക്കള്‍ നീക്കം ചെയ്യണം. സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസം പൂത്ത് ജനുവരി-ഏപ്രില്‍വരെയാണ് പൂക്കാലം. നാലുവര്‍ഷം കഴിയുമ്പോള്‍ നന്നായി കായ്ചു തുടങ്ങും.

പുളി പഴുത്താല്‍ താഴെ വീഴും. എന്നാല്‍ ഞെട്ടുറപ്പുള്ള പുളികള്‍ പഴുക്കാറാകുമ്പോള്‍ കൊമ്പ് കുലുക്കി വിടുന്നത് പെട്ടെന്ന് പഴുക്കാന്‍ സഹായകമാകും. 8 വര്‍ഷം വളര്‍ന്ന ഒരു മരത്തില്‍നിന്ന് ശരാശരി 300-400 കിലോ തോടുള്ള പുളി ലഭിക്കും. അത് ഉണക്കി തോട് കളഞ്ഞ് ഒരു കിലോ പുളിയില്‍നിന്ന് 550 ഗ്രാം പുളിയും 450 ഗ്രാം പുളിങ്കുരുവും ലഭിക്കും. പെരിയകുളംപുളിയുടെ ഒട്ടുതൈകള്‍ ഗവണ്‍മെന്റ് നഴ്‌സറികളിലും സ്വകാര്യ നഴ്‌സറികളിലും ലഭ്യമാണ്.

കുടുംബപരമായി പുളി മൊത്തവ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഈ കുടുംബമാണ് കേരളത്തിലെ ചാലയിലും, കൊല്ലത്തും വര്‍ഷങ്ങളായി പുളി നല്‍കിക്കൊണ്ടിരിക്കുന്നത്. പുറംതോട് മാറ്റിയ പുളിയാണ് ഇവിടെ കൊണ്ടുവരുന്നത്. ചുവന്നതും നന്നായി ഉണങ്ങിയതുമാണ് നല്ല പുളിയുടെ ലക്ഷണം. കുരുവോടെയുള്ള ഇത്തരം പുളിക്ക് അവിടത്തെ വില 36 രൂപയാണ്. അത് കൊണ്ടുവരുന്ന ചെലവും കുത്തുകൂലി പാക്കിംഗ് ഇവയൊക്കെ ചേര്‍ത്തു കഴിഞ്ഞാല്‍ ഒരു കിലോ പുളിക്ക് ശരാശരി അഞ്ച് രൂപയില്‍ കൂടുതല്‍ ലാഭം കിട്ടുകയില്ലെന്ന് ശെന്തില്‍.

പുളിയില്‍ കല്ല് കലര്‍ത്തിയും കുരു ചേര്‍ത്തും തൂക്കം കൂട്ടി വില്‍ക്കുന്ന കച്ചവടക്കാരുമുണ്ട്. പലതരം പുളികള്‍ ഉള്ളതുകൊണ്ട് രുചിച്ചു നോക്കിയാണ് ഗുണം നിശ്ചയിക്കുന്നത്. പഴയ പുളി ശീതീകരിച്ച മുറികളില്‍ സൂക്ഷിച്ചാല്‍ നിറം മങ്ങാതെയും പുതുമ നഷ്ടപ്പെടാതെയും ഇരിക്കും. എങ്കിലും പുത്തന്‍ പുളിക്കാണ് ആവശ്യക്കാര്‍ ഏറെ. ആഴ്ചയില്‍ 30 ടണ്‍ പുളിയാണ് കന്യാകുമാരി ജില്ലയില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുപോകുന്നത്. ഇതില്‍ നിന്ന് കേരളത്തിന്റെ പുളിക്ഷാമം മനസിലാക്കാം. ശക്തി ബ്രാന്‍ഡില്‍ 100, 250, 500, 1 കിലോ എന്ന തൂക്കത്തില്‍ കട്ടയാക്കി പായ്ക്ക് ചെയ്ത പുളിയും ഇവര്‍ വില്‍ക്കുന്നുണ്ട്.

വീട്ടാവശ്യത്തിന് വാങ്ങുന്ന പുളി നന്നായി ഉണക്കിയശേഷം മണ്‍കലങ്ങളിലോ ഭരണികളിലോ അട്ടിയായി വച്ച് അല്പം കറിയുപ്പ് പരല്‍ വിതറി സൂക്ഷിച്ചാല്‍ ദീര്‍ഘകാലം കേടുകൂടാതെയിരിക്കും.

പുളിങ്കുരു വറുത്ത് തോട് കളഞ്ഞ് മുന്‍കാലങ്ങളില്‍ തിന്നുന്നത് ഒരു രസമായിരുന്നു. തൊലി കളഞ്ഞ കുരു വെള്ളത്തിലിട്ട് കുതിര്‍ത്ത് മുത്തശ്ശിമാര്‍ ഉപയോഗിച്ചിരുന്നു. പച്ചപ്പുളിങ്കുരു തോടോടെ വേവിച്ച് വണ്ടിക്കാളകള്‍ക്കും പോത്തിനും പശുവിനുമൊക്കെ കൊടുത്തിരുന്നു. ഇപ്പോള്‍ കാലിത്തീറ്റ നിര്‍മ്മിക്കുന്ന കമ്പനികളില്‍ പുളിങ്കുരു ഒരവശ്യഘടകമായി തീര്‍ന്നു. കൂടാതെ റബര്‍ ലാറ്റക്‌സിലെ ജലാംശം തീര്‍ക്കുന്നതിനും പശ, പ്ലൈവുഡ് വ്യവസായത്തിനും പ്രയോജനപ്പെടുത്തുന്നു.

ഫലപുഷ്ടി ഇല്ലാത്ത മണ്ണില്‍പ്പോലും നന്നായി വളരുന്ന പുളി, ഒരു ചുവട് വീട്ടുവളപ്പിലോ വാണിജ്യാടിസ്ഥാനത്തിലോ നട്ട് നമ്മുടെ മണ്ണില്‍ തന്നെ വിളവെടുക്കാം.

കാര്‍ഷിക പത്രപ്രവര്‍ത്തകനാണ് ലേഖകന്‍

 

 

കടപ്പാട്: കേരള കര്‍ഷകന്‍, 2011 ജൂണ്‍ ലക്കം

കിസാനിലെ മറ്റ് അദ്ധ്യായങ്ങള്‍ വായിക്കൂ..

 

 

Advertisement