എഡിറ്റര്‍
എഡിറ്റര്‍
രാജസ്ഥാനില്‍ പശുക്കളുമായി പോയ മുസ്‌ലിം യുവാവിനെ ഗോരക്ഷകര്‍ വെടിവെച്ചു കൊന്നു
എഡിറ്റര്‍
Sunday 12th November 2017 6:34pm

 

ആല്‍വാര്‍: രാജസ്ഥാനില്‍ പശുക്കളുമായി പോയ മുസ്‌ലിം യുവാവിനെ ഗോരക്ഷകര്‍ വെടിവെച്ചു കൊന്നു. ഉമ്മര്‍ മുഹമ്മദ് ആണ് കൊല്ലപ്പെട്ടത്. ക്ഷീര കര്‍ഷകനായ പെഹ്‌ലുഖാനെ ഗോരക്ഷകര്‍ അടിച്ചുകൊന്ന ആല്‍വാറില്‍ വെച്ചുതന്നെയാണ് ഉമ്മറിനെയും കൊലപ്പെടുത്തിയത്.

നവംബര്‍ 10നായിരുന്നു സംഭവം. ഉമ്മറിന്റെ മൃതദേഹം ആല്‍വാറിലെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം നേരത്തെ തിരിച്ചറിഞ്ഞിരുന്നില്ല. ഹരിയാനയിലെ മേവാതില്‍ നിന്ന് രാജസ്ഥാനിലെ ഭരത്പൂരിലേക്ക് പശുക്കളുമായി പോവുകയായിരുന്നു ഉമ്മര്‍.

വാഹനത്തിലുണ്ടായിരുന്ന ജാവേദ് ഖാന്‍, താഹര്‍ഖാന്‍ എന്നീ രണ്ടു സഹായികളെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് പൊലീസ് കണ്ടെടുത്തിരുന്നു. ടയറുകള്‍ ഊരിയ നിലയിലായിരുന്നു ട്രക്ക്.

സംഭവത്തില്‍ പൊലീസ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ഉമ്മറിനെ കൊലപ്പെടുത്തിയത് ഗോരക്ഷകരാണെന്നും ഗ്രാമമുഖ്യനായ ഷേര്‍ മുഹമ്മദ് പറഞ്ഞു. കൊലപാതകം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും എഫ്.ഐ.ആര്‍ തയ്യാറാക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്ന് ബന്ധുക്കളും പറയുന്നു.

ഉമ്മറിനെ കൊലപ്പെടുത്തിയ ശേഷം അപകട മരണമാണെന്ന് വരുത്തി തീര്‍ക്കാന്‍ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടതാണെന്നും ഷേര്‍ മുഹമ്മദ് പറഞ്ഞു. ട്രെയിനിനടിയില്‍ പെട്ടത് ഉമ്മറിന്റെ തലയും ഒരു കൈയും മാത്രമാണെന്നും വെടിയേറ്റ ശരീര ഭാഗത്തിന് ഒന്നും പറ്റിയിട്ടില്ലെന്നും ഷേര്‍ മുഹമ്മദ് പറഞ്ഞു

ഏപ്രിലിലാണ് ആല്‍വാറില്‍ ക്ഷീര കര്‍ഷകനായ പെഹ്‌ലുഖാനെ ഗോരക്ഷകര്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതികളായ ആറു പേര്‍ക്കും രാജസ്ഥാന്‍ പൊലീസ് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.

Advertisement