'അവനെ സ്വതന്ത്രനാക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ജയിലിനുള്ളിലിട്ട് തന്നെ കൊന്നോളൂ'; പേരറിവാളന്റെ അമ്മ അര്‍പ്പുതാമ്മാള്‍
national news
'അവനെ സ്വതന്ത്രനാക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ജയിലിനുള്ളിലിട്ട് തന്നെ കൊന്നോളൂ'; പേരറിവാളന്റെ അമ്മ അര്‍പ്പുതാമ്മാള്‍
ന്യൂസ് ഡെസ്‌ക്
Sunday, 17th June 2018, 10:15 am

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പേരറിവാളന് നീതി നല്‍കണമെന്നാവശ്യപ്പെട്ട് അമ്മ അര്‍പ്പുതാമ്മാള്‍.മകന്റെ മോചനം ആവശ്യപ്പെട്ട് കഴിഞ്ഞ 27 വര്‍ഷങ്ങളായി കോടതി കയറിയിറങ്ങുകയാണെന്നും എപ്പോഴാണ് പേരറിവാളന് നീതി ലഭിക്കുകയെന്നും അവര്‍ ചോദിച്ചു.

“എനിക്ക് 71 വയസ്സായി. പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പേരറിവാളന്‍ നിരപരാധിയാണ്. കഴിഞ്ഞ 27 വര്‍ഷമായി അവന്‍ ശിക്ഷ അനുഭവിക്കുന്നു.
അവനെ സ്വതന്ത്രനാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വേദനയറിയാതെ ഒന്ന് അവനെ കൊന്നു തന്നാല്‍ മതി. മകന്‍ ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് അതു തന്നെയാണ്”- എന്നാണ് അമ്മ അര്‍പ്പുതാമ്മള്‍ പറഞ്ഞത്.


ALSO READ: അമേരിക്കയുമായി യാതൊരു വ്യാപാരബന്ധത്തിനും ആഗ്രഹിക്കുന്നില്ല; യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് അധികനികുതി ചുമത്തി ചൈനയുടെ തിരിച്ചടി


1991 മുതല്‍ തുടങ്ങിയതാണ് മകന് നീതി ലഭിക്കാനായുള്ള യാത്ര. 19-മത്തെ വയസ്സിലാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി തന്റെ മകനെ ജയിലിലാക്കിയത്. കഴിഞ്ഞ വര്‍ഷം ലഭിച്ച പരോള്‍ ഒഴികെ അവനെ സ്വതന്ത്രനാക്കാന്‍ കഴിഞ്ഞില്ലെന്ന് അമ്മ പറഞ്ഞു.

ജയിലിനുള്ളില്‍ കിടന്ന് അവന്‍ മരിക്കണമെന്ന് കോടതിയ്ക്ക് നിര്‍ബന്ധമാണെങ്കില്‍ ഇങ്ങനെ പീഡിപ്പിക്കാതെ അവന് ദയാവധം അനുവദിക്കു. തന്റെ മകന്‍ ഇത്തരത്തില്‍ ജീവിക്കുന്നതിലും നല്ലത് മരണം തന്നെയാണെന്നാണ് അര്‍പ്പുതാമ്മാള്‍ പറഞ്ഞത്.

അതേസമയം രാജീവ് ഗാന്ധി വധക്കേസിലെ പ്രതിചേര്‍ക്കപ്പെട്ട 7 പേരേ വിട്ടയയ്ക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാര്‍ പ്രസിഡന്റിന് ഹരജി നല്‍കിയിരുന്നു. എന്നാല്‍ അത് അനുവദിക്കാന്‍ കഴിയില്ലെന്നും പ്രതികളെ വിട്ടയയ്ക്കാന്‍ കഴിയില്ലെന്നും പ്രസിഡന്റ് രാം നാഥ് കോവിന്ദ് വ്യക്തമാക്കി.