കിളിമാനൂരില്‍ ദളിത് കുടുംബത്തിന് ക്രൂര മര്‍ദനം; മാനസ്സിക വിഭ്രാന്തിയുള്ള മകന്‍, ആക്രമിപ്പെട്ടത് ചോദ്യം ചെയ്തതിലുള്ള പ്രതികാരമെന്ന് കുടുംബം
Kerala
കിളിമാനൂരില്‍ ദളിത് കുടുംബത്തിന് ക്രൂര മര്‍ദനം; മാനസ്സിക വിഭ്രാന്തിയുള്ള മകന്‍, ആക്രമിപ്പെട്ടത് ചോദ്യം ചെയ്തതിലുള്ള പ്രതികാരമെന്ന് കുടുംബം
ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2019, 4:17 pm

തിരുവനന്തപുരം: കിളിമാനൂരില്‍ ദളിത് കുടുംബത്തിന് നേരെ ആക്രമണം. പ്രദേശവാസികളായ ചിലരാണ് വീട് കയറി ആക്രമിക്കുകയും സ്ത്രീകളടക്കമുള്ളവരെ കയ്യേറ്റം ചെയ്യുകയും ചെയ്തത്. സ്ത്രീകളും കുട്ടികളുമടക്കം വീട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ കിളിമാനൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ തങ്ങളെ ആക്രമിച്ചവരുടെ പേരുവിവരങ്ങളടക്കം പൊലീസിന് പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് കുടുംബം ആരോപിച്ചു.

കിളിമാനൂര്‍ കാട്ടുമ്പുറം മൂര്‍ത്തിക്കാവ് സ്വദേശികളായ സരസ്വതി-പ്രകാശന്‍ ദമ്പതികളുടെ മകന്‍ തമ്പുരുവിനെ പ്രദേശവാസികളായ അഞ്ച് പേര്‍ ആക്രമിച്ചതിനെത്തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം.

മാനസ്സികാസ്വാസ്ഥ്യമുള്ള തമ്പുരു വീടിനടുത്തുള്ള 12 സെന്റ് സ്ഥലത്ത് കൃഷി ചെയ്യുകയും അതിനോട് ചേര്‍ന്ന് ഒരു ഷെഡ് വെച്ച് താമസിക്കുകയുമായിരുന്നു.

ഇക്കഴിഞ്ഞ ജൂലൈ 7 ന് പ്രദേശവാസികളായ അഞ്ച് പേര്‍ മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ തമ്പുരുവിനെ അകാരണമായി മര്‍ദിക്കുകയായിരുന്നു.

ഇതിന് ശേഷം പരാതിയുമായി അക്രമികളിലൊരാളുടെ അച്ഛന്റെ കടയിലെത്തിയ തമ്പുരുവിനെ അക്രമി സംഘം വീണ്ടുമെത്തി മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തിനിടെ തമ്പുരു രക്ഷപ്പെട്ട് ഓടി വീട്ടിലെത്തിയെത്തി. എന്നാല്‍ അക്രമികള്‍ പിന്നാലെ വന്ന് തങ്ങളേയും മര്‍ദിക്കുകയായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു.

വീട്ടിലുണ്ടായിരുന്ന അച്ഛനെയും അമ്മയെയും സഹോദരിയെയും അവരുടെ മകനെയുമാണ് അക്രമി സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. വീട്ടുസാധനങ്ങള്‍ അടക്കം നശിപ്പിച്ച ശേഷമാണ് അക്രമികള്‍ മടങ്ങിയത്.

‘സംഭവമറിഞ്ഞ് പൊലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ പരിക്കേറ്റ് ചോരയൊലിച്ച് നിന്ന ഞങ്ങളെ ആശുപത്രിയിലെത്തിക്കാനോ അക്രമികളെ കസ്റ്റഡിയിലെടുക്കാനോ അവര്‍ തയ്യാറായില്ല പകരം ഗുരുതരമായി പരിക്കേറ്റ തമ്പുരുവിനെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസുകാര്‍ ശ്രമിച്ചത്. ഞങ്ങളെ അക്രമിച്ച ആളുകളുടെ പേര് വിവരങ്ങളടക്കം പൊലീസിന് വിശദമായി പരാതി നല്‍കിയിട്ടും ആരെയും ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടുമില്ല.’ തമ്പുരുവിന്റെ അമ്മ സരസ്വതി ഡൂള്‍ന്യൂസിനോട് പറഞ്ഞു.