രോഹിത്തിനിടമില്ല, ധോണിയുണ്ട്; ഏറ്റവും മികച്ച ടി-20 താരങ്ങളെ തെരഞ്ഞെടുത്ത് പൊള്ളാര്‍ഡ്
ICC T-20 WORLD CUP
രോഹിത്തിനിടമില്ല, ധോണിയുണ്ട്; ഏറ്റവും മികച്ച ടി-20 താരങ്ങളെ തെരഞ്ഞെടുത്ത് പൊള്ളാര്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th October 2021, 8:36 pm

അബുദാബി: ടി-20 ലോകകപ്പിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ക്രിക്കറ്റ് ആവേശം കൂട്ടാനായി ക്രിക്കറ്റ് താരങ്ങളോട് ഇഷ്ടപ്പെട്ട അഞ്ച് ടി-20 കളിക്കാരെ തെരഞ്ഞെടുക്കാന്‍ ഐ.സി.സി ആവശ്യപ്പെടാറുണ്ട്.

ഇപ്പോഴിതാ താന്‍ ടീമില്‍ തെരഞ്ഞെടുക്കാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളെക്കുറിച്ച് പറയുകയാണ് വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡ്. മൂന്ന് വെസ്റ്റ് ഇന്‍ഡീസ് താരങ്ങളും ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും ഓരോരുത്തരേയുമാണ് പൊള്ളാര്‍ഡ് തെരഞ്ഞെടുത്തിരിക്കുന്നത്.

ഒന്നാമതായി യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിനെയാണ് പൊള്ളാര്‍ഡ് തെരഞ്ഞെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര ടി-20യിലെ ഏറ്റവും അപകടകാരിയായ ബാറ്ററാണ് ഗെയ്‌ലെന്ന് പൊള്ളാര്‍ഡ് പറയുന്നു.

രണ്ടാമതായി അദ്ദേഹം ഒരു പേസ് ബൗളറെയാണ് തെരഞ്ഞെടുത്തത്. മുംബൈ ഇന്ത്യന്‍സില്‍ തന്റെ സഹതാരമായിരുന്ന ശ്രീലങ്കയുടെ ലസിത് മലിംഗയാണ് അത്.

യോര്‍ക്കര്‍ കിംഗെന്നാണ് മലിംഗയെ പൊള്ളാര്‍ഡ് വിശേഷിപ്പിച്ചത്. സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ദേശീയ ടീമിലെ തന്റെ സഹതാരം സുനില്‍ നരെയ്‌നാണ് പൊള്ളാര്‍ഡ് ഏല്‍പ്പിക്കുന്നത്.

സ്പിന്‍ കിംഗെന്നാണ് നരെയ്‌നെ പൊള്ളാര്‍ഡ് വിശേഷിപ്പിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇന്ത്യന്‍ മുന്‍ താരം മഹേന്ദ്രസിംഗ് ധോണിയാണ് പൊള്ളാര്‍ഡിന്റെ ലിസ്റ്റില്‍.

മുംബൈ ഇന്ത്യന്‍സ് നായകനും വെടിക്കെട്ട് ബാറ്ററുമായ രോഹിതിനെ മറികടന്നാണ് പൊള്ളാര്‍ഡ് ധോണിയെ തെരഞ്ഞെടുത്തത് എന്നത് ശ്രദ്ധേയമാണ്.

ഫിനിഷര്‍, മികച്ച തന്ത്രജ്ഞന്‍, പേടി കൂടാതെ ബാറ്റ് ചെയ്യുന്നയാള്‍, മികച്ച വിക്കറ്റ് കീപ്പര്‍ എന്നൊക്കെയാണ് ധോണിയ്ക്ക് പൊള്ളാര്‍ഡ് നല്‍കുന്ന വിശേഷണം. അഞ്ചാമത്തെ താരമായി തന്നെ തന്നെയാണ് പൊള്ളാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

ടി-20യില്‍ തനിക്ക് മികച്ച റെക്കോഡാണുള്ളതെന്ന് പൊള്ളാര്‍ഡ് പറഞ്ഞു.

ഒക്ടോബര്‍ 17 നാണ് ടി-20 ലോകകപ്പ് ആരംഭിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kieron Pollard Names His Top 5 Players In T20 Cricket, One Indian Makes The List