എഡിറ്റര്‍
എഡിറ്റര്‍
വൃക്കതട്ടിപ്പിലും ബിജുവും സരിതയും ലക്ഷങ്ങള്‍ തട്ടിയതായി റിപ്പോര്‍ട്ട്
എഡിറ്റര്‍
Thursday 20th June 2013 12:35am

saritha-and-biju

കോഴിക്കോട്: സോളാര്‍ തട്ടിപ്പിലെ പ്രധാന കണ്ണികളായ ബിജുവും സരിതയും ലക്ഷക്കണക്കിന് രൂപയുടെ വൃക്ക തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. മാധ്യമം പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

വൃക്ക ആവശ്യമുണ്ടെന്ന് കാട്ടി ഇവര്‍ പത്രങ്ങളില്‍ പരസ്യം ചെയ്ത് സ്ത്രീകളെ വലയിലാക്കും. വന്‍ തുക പ്രതിഫലമായി വാഗ്ദാനം ചെയ്താണ് ബിജുവും സരിതയും സ്ത്രീകളെ വശത്താക്കിയിരുന്നത്.

Ads By Google

പരസ്യം കണ്ട് എത്തുന്നവര്‍ക്ക് 10,000 രൂപ അഡ്വാന്‍സ് നല്‍കി ആരോഗ്യ പരിശോധനകള്‍ നടത്തും. തുടര്‍ന്ന് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യും. ഇതിന്റെ വീഡിയോ പകര്‍ത്തും.

വൃക്കദാനത്തിനുശേഷം പണം ചോദിച്ചു വരുമ്പോള്‍ വീഡിയോകള്‍ കാണിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തും. ഇതാണ് ഇവരുടെ തട്ടിപ്പ് രീതി.

ഇങ്ങനെ കണ്ണൂര്‍ സ്വദേശിയായ പ്രവാസിയുടെ ഭാര്യയെ ചതിയില്‍പെടുത്തി വൃക്ക തട്ടാന്‍ ബിജുവും സംഘവും ശ്രമിച്ചു.

ഇതിനായി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലാണ് കൊണ്ടുപോയത്. രക്ഷപ്പെട്ടെത്തിയ യുവതി മലയിന്‍കീഴ് സ്‌റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍,  കേസില്‍ നിന്നും സ്വാധീനമുപയോഗിച്ച് ബിജു രക്ഷപ്പെട്ടു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് ബിജുവും സരിതയും നടത്തിയ തട്ടിപ്പിലൂടെ ലക്ഷങ്ങളാണ് സമ്പാദിച്ചത്. ബന്ധുത്വം സ്ഥാപിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കിയാണ് അവയവദാന നിയമത്തെ മറികടക്കുന്നത്.

ഈ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിക്കാന്‍ ആദ്യമേതന്നെ 10,000 രൂപ വീതം വാങ്ങും. ഇത്തരത്തില്‍ നിരവധി പേരില്‍നിന്നും പണം വാങ്ങിയിട്ടുണ്ട്. 2011 ഏപ്രില്‍ 24 മുതല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ‘വില്‍ക്കാനുണ്ട് പെണ്‍വൃക്ക ‘ എന്ന ശീര്‍ഷകത്തില്‍ ‘മാധ്യമം’ അന്വേഷണ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു.

ഇതേ സംഘം തിരുമല സ്വദേശി ഹരികൃഷ്ണന് വൃക്ക നല്‍കാമെന്ന് പറഞ്ഞ് ലക്ഷം അഡ്വാന്‍സ് വാങ്ങിയിരുന്നു. സമയത്ത് വൃക്ക നല്‍കാത്തതിനാല്‍ ഹരികൃഷ്ണന്‍ മരിച്ചു. എന്നാല്‍, പണം മടക്കി നല്‍കിയില്ല. ബന്ധുക്കള്‍ പരാതിപ്പെടുമെന്നു കണ്ടപ്പോള്‍ 25,000 രൂപ നല്‍കി മുങ്ങി.

ആറ്റിങ്ങല്‍ പെരുകുളം ഷാനിമ വില്ലയില്‍ ഷാജഹാന്റെ ഭാര്യ മുംതാസിന് (38) വൃക്ക നല്‍കാമെന്ന് പറഞ്ഞ് ഒന്നര ലക്ഷമാണ് ബിജു വാങ്ങിയത്. പലതവണ വൃക്ക നല്‍കാമെന്നു പറഞ്ഞ് കൂടുതല്‍ പണം ആവശ്യപ്പെട്ടെങ്കിലും വൃക്ക നല്‍കാതെ തരില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു വൃക്ക മാറ്റാന്‍ തീരുമാനിച്ചത്.

എന്നാല്‍, വൃക്ക നല്‍കാതെ അനന്തമായി നീട്ടവേ 2010 നവംബര്‍ ഒന്നിന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ മുംതാസ് മരിച്ചു. മുംതാസിന്റെ മരണവേളയില്‍ എത്തിയ ബിജുവും സരിതയും പണം മടക്കി നല്‍കാമെന്നു പറഞ്ഞെങ്കിലും മുങ്ങി.

വാര്‍ത്തകള്‍ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഈ കേസില്‍ മുങ്ങിയ സരിതയേയും ബിജുവിനേയും പിന്നീട് സോളാര്‍ കേസില്‍ പോലീസ് വലയിലാക്കുകയായിരുന്നു.

Advertisement