എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയില്‍ 17 ശതമാനം ആളുകള്‍ വൃക്കരോഗികള്‍; വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും അറിയാം
എഡിറ്റര്‍
Friday 10th March 2017 3:24pm


ലോകത്താകമാനം 10ശതമാനം ആളുകള്‍ ഇന്ന് വൃക്കരോഗികളാണ്. ഇന്ത്യയില്‍ ഇത് 17 ശതമാനമാണ്. 20 ദശലക്ഷത്തോളം ആളുകളാണ് ഡയാലിസിസ് ചികിത്സയിലൂടെ ജീവന്‍ നിലനിര്‍ത്തുന്നതും വൃക്കമാറ്റ ശസ്ത്രക്രിയക്കു വേണ്ടി കാത്തിരിക്കുന്നതുമായിട്ടുള്ളത്. ഇതില്‍ തന്നെ മതിയായ ചികിത്സ ലഭിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളും വികസിത രാജ്യങ്ങളില്‍നിന്നുള്ളവരാണ് . അവികിസിത രാജ്യങ്ങളില്‍ ശരിയായ ചികിത്സ ഇന്നും പലര്‍ക്കും  ലഭ്യമല്ല.

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാന അവയവമാണ് വൃക്ക. വൃക്ക രോഗത്തിന്റെ ലക്ഷണങ്ങള്‍ മുന്‍കൂട്ടി അറിയുക വഴി രോഗത്തെ പ്രതിരോധിക്കാനും വൃക്കകളെ സംരക്ഷിക്കാനും നമുക്ക് കഴിയും രോഗത്തിന്റെ പ്രധാനലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്താണെന്ന് നോക്കാം.
വൃക്കരോഗങ്ങളുടെ ലക്ഷണങ്ങള്‍

1. പ്രത്യേക കാരണമില്ലാതെ ക്ഷീണവും മടുപ്പും തോന്നുക

2. മൂത്രം ഒഴിക്കുമ്പോള്‍ വേദനയോ രക്തത്തിന്റെ അംശമോ കാണുക

3. മൂത്രം സ്ഥിരമായി പതഞ്ഞു പോകുക

4. എപ്പോളും മൂത്രമൊഴിക്കണം എന്ന് തോന്നുക

5. മുഖത്തോ കാലുകളിലോ സ്ഥിരമായി നീര് വരിക

6. അസ്ഥികള്‍ക്ക് ബലക്ഷയമോ ഒടിവോ ഉണ്ടാകുക

7. വിളര്‍ച്ച
വൃക്കരോഗമുള്ളവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
1. പ്രമേഹം നിയന്ത്രണത്തില്‍ വരുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു ഡോക്ടറുടെ സഹായത്തോടുകൂടി പ്ര മേഹം നിയന്ത്രണത്തില്‍ വരുത്തണം.

2. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കണം- വൃക്കരോഗമുള്ളവര്‍ രക്തസമ്മര്‍ദ്ദം 130/80ല്‍ താഴെ തന്നെ നിര്‍ത്തണം കൃത്യമായി രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ കഴിക്കണം.

3. അമിത വണ്ണം കുറക്കണം- അതിനായി ഭക്ഷണ ക്രമീകരണവും ഒപ്പം സ്ഥിരമായ വ്യായാമവും ശീലമാക്കണം. അമിത വണ്ണം പ്രമേഹത്തിനും രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയ രോഗങ്ങള്‍ക്കും കാരണമാകും.

4. പുകവലി പാടെ നിര്‍ത്തണം- രക്ത സമ്മര്‍ദം ഉയരുന്നതിനും ഒപ്പം രക്തകുഴലുകള്‍ അടഞ്ഞു വൃക്കകളിലേക്ക് രക്തയോട്ടം കുറയാനും ഇത് കാരണമാകും.

5. ഉപ്പിന്റെ ഉപയോഗം കുറക്കണം- രക്ത സമ്മര്‍ദവും ഹൃദ്രോഗവും നിയന്ത്രിക്കാന്‍ അത് സഹായിക്കും.

6. മരുന്നുകള്‍ ദുരുപയോഗം ചെയ്യരുത്- മരുന്ന് കടകളില്‍ നിന്ന് സ്വയം മരുന്നുകള്‍ വാങ്ങി കഴിക്കുന്നത് നല്ല ശീലമല്ല. ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഒരു ഡോക്ടറുടെ ഉപദേശം തേടി അദ്ദേഹം നല്‍കുന്ന മരുന്നുകള്‍ മാത്രം കഴിക്കുക.

7. ഭക്ഷണത്തില്‍ കൊഴുപ്പിന്റെയും മാംസ്യത്തിന്റെയും അളവ് കുറക്കണം.
പ്രതിരോധ മാര്‍ഗങ്ങള്‍

1. കൃത്യവും തുടര്‍ച്ചയുമായ വ്യായാമം.

2. അമിതവണ്ണം കുറക്കണം – പ്രായത്തിനും പൊക്കത്തിനും അനുസരിച്ചുള്ള ഭാരം നിലനിര്‍ത്തുക.

3. സമീകൃത ആഹാരം ശീലമാക്കുക- കൊഴുപ്പും മാംസ്യവും ഉപ്പും കുറയ്ക്കുക, പച്ചക്കറികളും പഴങ്ങളും ശീലമാക്കുക, ആവശ്യത്തിനു വെള്ളംകുടിക്കുക.

4. പുകവലിയും മദ്യപാനവും നിര്‍ത്തുക.

5. കുടുംബത്തില്‍ ആര്‍ക്കെങ്കിലും വൃക്കരോഗം ഉണ്ടെങ്കില്‍ ഡോക്ടരുമാരെ കാണണം.

6. വൃക്കകളുടെ പ്രവര്‍ത്തനം വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പരിശോധിക്കുക.

7. ചെറിയ അസുഖങ്ങള്‍ക്ക് പോലും ഡോക്ടറുടെ ഉപദേശപ്രകാരം ചികിത്സ തേടുക.

8. വേദന സംഹാരികളോ മറ്റു മരുന്നുകളോ ദുരുപയോഗം ചെയ്യാതിരിക്കുക.
കടപ്പാട്: ഇന്‍ഫോ ക്ലിനിക്, ഡോ. ജിതിന്‍ ടി ജോസഫ്

Advertisement