ഇന്ത്യയ്ക്ക് സ്‌ക്രീനില്‍ സമരം നയിച്ചവരെ മതി
FB Notification
ഇന്ത്യയ്ക്ക് സ്‌ക്രീനില്‍ സമരം നയിച്ചവരെ മതി
ന്യൂസ് ഡെസ്‌ക്
Tuesday, 13th October 2020, 9:04 am

നടീനടന്‍മാരുടെ ഇന്റര്‍വ്യൂ സോഷ്യല്‍മീഡിയ ഇല്ലാത്ത കാലത്ത് മാഗസിനുകളിലും ഇപ്പോള്‍ ചാനലുകളിലും മറ്റും കാണുമ്പോള്‍ അവര്‍ കഥാപാത്രങ്ങളായി പരകായ പ്രവേശം ചെയ്യുന്നതുസംബന്ധിച്ച് ഒരുപാട് കാര്യങ്ങള്‍ പറയാറുണ്ട്. കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കാന്‍ വേഷംമാറി തെരുവുകളില്‍ അലഞ്ഞ കഥകള്‍വരെ കേട്ടിട്ടുണ്ട്.

ഇപ്പോഴും അതൊക്കെ തുടരുന്നുമുണ്ട്. സൂപ്പര്‍സ്റ്റാറുകളായ നടന്‍മാര്‍ എക്കാലത്തും വര്‍ഗീയതയ്ക്കും അനീതിക്കുമെതിരായി പോരടിക്കുന്നവരായി, മാതൃകാപുരുഷന്‍മാരായി ‘ജീവിച്ച്’ അഭിനയിച്ചവരാണ്.

ഇവരില്‍ ആരെങ്കിലും എപ്പോഴെങ്കിലും ഏതെങ്കിലും മത വര്‍ഗീയതയുടെ ഭാഗമായതായി കേട്ടിട്ടില്ല (ചില അപവാദങ്ങളൊഴിച്ച്). അവര്‍ തൊഴിലാളികളാണ്, അധ്യാപകരാണ,് ജാതിമത ചിന്തകള്‍ക്കതീതമായി ബിഗ് സ്‌ക്രീനുകളില്‍ നിറഞ്ഞാടിയിട്ടുണ്ട്. കാതടപ്പിക്കുന്ന ശബ്ദങ്ങളില്‍ അവര്‍ അത്തരംകാര്യങ്ങള്‍ക്കുവേണ്ടി ‘ജീവന്‍പോലും ബലിയര്‍പ്പിച്ചിട്ടുണ്ട്’.

തെലങ്കാന സമരത്തിന്റെ ഓര്‍മ്മകളില്‍ ജീവിക്കുന്നവര്‍ ഏതാണ്ട് ഒടുങ്ങിക്കഴിഞ്ഞു. ആയിരക്കണക്കിന് ഗ്രാമങ്ങള്‍ പിടിച്ചടക്കി സ്വയംഭരണം സ്ഥാപിച്ച് മുന്നേറിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇതിഹാസ സമാനമായ പോരാട്ടത്തിലൂടെ നായകനായി വന്നയാളായിരുന്നു സഖാവ് സുന്ദരയ്യ. അടിച്ചമര്‍ത്തപ്പെട്ട പോരാട്ടങ്ങള്‍ക്കും തെറ്റ് തിരുത്തലുകള്‍ക്കുമൊടുവില്‍ സുന്ദരയ്യ അവിടെ മത്സരിക്കുന്നത് ജനകീയ നായകനായ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായാണ്.

പക്ഷേ അതുവരെ മണ്ണില്‍ കാലുകുത്താതിരുന്ന, സ്‌ക്രീനില്‍മാത്രം കണ്ടൊരു നടന്‍ ഇറങ്ങിവരികയും ആന്ധ്രയില്‍ ഭരണസാരഥ്യമേറ്റെടുക്കുകയും ചെയ്യുകയുണ്ടായത് ചരിത്രമാണ്. സിനിമകളില്‍നിന്നു ഭരണസാരഥ്യത്തിലേക്കുള്ള പ്രയാണം തമിഴ്‌നാട്ടില്‍ പിന്നേയും തുടര്‍ന്നു.

പക്ഷേ യഥാര്‍ഥജീവിതത്തില്‍ അവര്‍ തികച്ചും വര്‍ഗീയതയുടേയും മനുഷ്യവിരുദ്ധവുമായ ചേരിയുടെ ഭാഗമായി അണിനിരക്കുന്നത് എന്തുകൊണ്ടായിരിക്കും?

മലയാളത്തില്‍ മോഹന്‍ലാല്‍ സുരേഷ് ഗോപി മുതല്‍… ഇപ്പോള്‍ ഖുശ്ബുവില്‍ വരെ എത്തിനില്‍ക്കുന്ന ഈയൊരു സ്ഥിതിവിശേഷത്തിന് എന്തായിരിക്കും കാരണം?

കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാത്തവരൊന്നുമല്ല ഇങ്ങനെ വര്‍ഗീയതയുടെ കൂടാരത്തിലേക്ക് ചേക്കേറുന്നത്. വര്‍ഗീയതയെക്കുറിച്ചും സംഘപരിവാരത്തിന്റെ മനുഷ്യത്വവിരുദ്ധവും അതിന്റെ തന്നെ സദാചാരപരമായ സങ്കുചിതത്വങ്ങള്‍ക്കെതിരെയും ഉറച്ച നിലപാടെടുത്ത വ്യക്തിതന്നെയാണവര്‍. വിവാഹപൂര്‍വ ലൈംഗികബന്ധത്തില്‍വരെ കൃത്യമായ നിലപാടുകള്‍ ഉയര്‍ത്തിമുന്നോട്ടുപോയവര്‍.

”പരസ്യങ്ങള്‍ മാത്രമല്ല, പരസ്യം ചെയ്യപ്പെടുന്ന ഉല്‍പ്പന്നങ്ങളും പൊതുവേദികളെ ആശ്ലേഷിക്കുന്ന വലിയ വ്യക്തികളും റിയാലിറ്റിയേയല്ല, അങ്ങേയറ്റം വെര്‍ച്വല്‍ റിയാലിറ്റിയേ മാത്രമേ ഉന്നംവയ്ക്കുന്നുള്ളൂ. ബിസിനസ്സുകാരും കലാകാരന്‍മാരും ഒക്കെത്തന്നെ വിപണിയിലെ ഉല്‍പ്പന്നങ്ങളെപ്പോലെ ദൃഷ്ടിയില്‍ പെടുകമാത്രമേ ഏതൊരു ആദര്‍ശവാനും ആഗ്രഹിക്കുന്നുള്ളൂ. അത് മനസ്സിലാക്കാന്‍ കഴിയുകയാണ് നാം ശരിക്കും ‘മനസ്സിലാക്കുക’ എന്ന വാക്കുകൊണ്ട് ഇന്ന് അര്‍ഥമാക്കുന്നുള്ളൂ.

തമിഴ്‌നാട്ടിലെ എം.ജി.രാമചന്ദ്രന്‍ രാഷ്ട്രീയത്തിലിറങ്ങുന്നതിനു മുമ്പ് ഏതെങ്കിലുമൊരു ജനകീയ സമസ്യ ഏറ്റെടുക്കുകയോ ഒരു ജാഥ നയിക്കുക എങ്കിലും ചെയ്തിട്ടുണ്ടായിരുന്നുവോ? ഇല്ല. എന്നാല്‍ ഇതൊക്കെ അയാള്‍ സിനിമയില്‍ ചെയ്തിട്ടുണ്ടായിരുന്നു. ചെയ്യുന്നതായി അഭിനയിച്ചിരുന്നു. അതേ അയാള്‍ ജനങ്ങള്‍ക്കുമുമ്പില്‍ അവകാശപ്പെട്ടുള്ളൂ. അതേ ജനങ്ങള്‍ നേതാക്കന്‍മാരില്‍നിന്ന് ആവശ്യപ്പെടുന്നുള്ളൂ.”
ആനന്ദ് തന്റെ ‘പരിണാമത്തിന്റെ ഭൂതങ്ങള്‍’എന്ന നോവലിലൊരിടത്ത് പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Khusbhu Political entry to bjp