എഡിറ്റര്‍
എഡിറ്റര്‍
കായിക മന്ത്രി നല്‍കിയത് 50 ലക്ഷം, മറ്റൊരു മന്ത്രി 11 ലക്ഷം: ഗുര്‍മീതിന് ഖട്ടാര്‍ സര്‍ക്കാര്‍ നല്‍കിയത് ലക്ഷങ്ങള്‍
എഡിറ്റര്‍
Saturday 26th August 2017 9:18am

ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റാം റഹീം സിങ്ങിന് ഹരിയാനയിലെ മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാര്‍ നല്‍കിയത് ലക്ഷങ്ങളുടെ സഹായം.

മൂന്നുമാസം മുമ്പാണ് ഖട്ടാര്‍ സര്‍ക്കാര്‍ ഗുര്‍മീത് റാം സിങ്ങിന് ആറുമാസത്തേക്ക് നികുതിയിളവ് പ്രഖ്യാപിച്ചത്. മെയില്‍ കര്‍ണാളില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. നേരത്തെ ഗുര്‍മീതിനൊപ്പം ഹരിയാന മുഖ്യമന്ത്രി സ്വച്ഛ് ഭാരത് കാമ്പെയ്‌നില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഹരിയാന കായിക മന്ത്രി ഗ്രാമീണ കായിക ഇനങ്ങള്‍ പ്രോത്സാഹിപ്പിക്കാനെന്നു പറഞ്ഞ് ഗുര്‍മീതിന് നല്‍കിയത് 50 ലക്ഷം രൂപയാണ്. ദേര സച്ചാ സൗദാ സംഘടിപ്പിച്ച ഒരു കായിക പരിപാടിയില്‍ ഹരിയാന കായിക മന്ത്രി അനില്‍ വിജ് പറഞ്ഞത് ‘ ദേര സച്ചാ സൗദാ കാലങ്ങളായി കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ട്. ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ 20 ഒളിമ്പിക് നഴ്‌സറികളിലൂടെ എല്ലാ കായിക ഇനങ്ങളും പ്രോത്സാഹിപ്പിക്കുകയാണ്’ എന്നാണ്.


Also Read: വയനാട്ടില്‍ 40 ഏക്കര്‍ ഭൂമി; സംസ്ഥാനത്തിന്റെ പലയിടത്തും അനുയായികള്‍: ഗുര്‍മീതിന് കേരളത്തിലുമുണ്ട് ‘പിടി’


‘റാം റഹീം കായിക ഇനങ്ങള്‍ പ്രോത്സാഹിപ്പിക്കാറുണ്ട്. സ്‌കൂളുകളും ഗെയിംസ് പ്രോത്സാഹിപ്പിക്കുന്നു. എന്റെ ഫണ്ടില്‍ നിന്നും 50 ലക്ഷം സംഭാവന ചെയ്യാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നു.’ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഗുര്‍മീത് റാം റഹീമിന് തുക നല്‍കിയത്.

ദേരയുടെ അക്കാദമിയിലെ എല്ലാ കായിക ഇനങ്ങളും അദ്ദേഹം തന്നെുണ്ടാക്കിയെടുത്തതും ദേശീയ അന്താരാഷ്ട്ര തലങ്ങളില്‍ കളിക്കാത്തതുമാണ് എന്നിരിക്കെയാണ് ഹരിയാന സര്‍ക്കാര്‍ അദ്ദേഹത്തിന് ഇത്രയും വലിയ തുക നല്‍കിയത്.

മറ്റൊരു ഹരിയാന മന്ത്രിയായ മനീഷ് ഗ്രോവര്‍ ദേരയുടെ സ്‌പോര്‍ട്‌സ് വില്ലേജിന് നല്‍കിയത് 11 ലക്ഷം രൂപയാണ്.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ദേര ബി.ജെ.പിക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

2002ലെ ബലാത്സംഗക്കേസില്‍ ദേരയെ കോടതി കുറ്റക്കാരനെന്നു വിധിച്ചതിനു പിന്നാലെ വ്യാപക അക്രമങ്ങളാണ് ഹരിയാനയിലും സമീപ പ്രദേശങ്ങളിലും ദേരയുടെ അനുയായികള്‍ കാട്ടിക്കൂട്ടിയത്.

Advertisement