ടെഹ്‌റാന്‍: ആണവ ആയുധങ്ങളെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഇറാനും അമേരിക്കയും യുദ്ധമുഖത്ത് നില്‍ക്കുന്ന രാജ്യങ്ങളാണ്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ചരടുവലിയില്‍ യൂറോപ്യന്‍ യൂണിയന്‍ ഇറാനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഒറ്റപ്പെടുത്താനുള്ള നീക്കം ആരംഭിച്ചിട്ട് ആഴ്ചകളായി. അമേരിക്കിയിലെ ഇറാനിയന്‍ ബാങ്കുകളെയും സാമ്പത്തിക സ്ഥാപനങ്ങളെയുമെല്ലാം പടിയടച്ച് പിണ്ഡം വെച്ചു കഴിഞ്ഞു. ഇന്ത്യടക്കമുള്ള രാജ്യങ്ങളോട് ഇറാനിയന്‍ എണ്ണയടക്കമുള്ള ഒരു വ്യാപാരവും അരുതെന്ന് അങ്കിള്‍ സാം കണ്ണുരുട്ടി പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്തിനധികം പറയുന്നു, ഏപ്രില്‍ മാസത്തോടെ ഇറാനെ ഇസ്രായേല്‍ ആക്രമിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വരെ വന്നുകഴിഞ്ഞു. സംഗതികളുടെ കിടപ്പ് ഇത്രമേല്‍ ഗൗരവത്തിലൊക്കെയാണെങ്കിലും ഇപ്പോള്‍ ശ്രദ്ധേയമായൊരു വാര്‍ത്ത വന്നിരിക്കുകയാണ്. ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് അമേരിക്കന്‍ കുത്തക ഫാസ്റ്റ്ഫുഡ് കമ്പനിയായ കെന്റകി ഫ്രൈഡ് ചിക്കന്‍ ഇറാനില്‍ ബ്രാഞ്ച് തുടങ്ങിയിരിക്കുന്നു!
അതെ, പ്രവര്‍ത്തനം ആരംഭിച്ച് മുപ്പതു വര്‍ഷത്തിനുശേഷം ആദ്യമായി കെ.എഫ്.സി ഇറാനില്‍ ഒരു ബ്രാഞ്ച് ആരംഭിച്ചിരിക്കുന്നു. സെന്‍ട്രല്‍ ഇറാനിലെ അല്‍ബോര്‍സ് പ്രവിശ്യയിലെ കറാജ് നഗരത്തിലാണ് കെ.എഫ്.സി റെസ്റ്റോറന്റ് ആരംഭിച്ചിരിക്കുന്നത്. മുമ്പ് 1979ല്‍ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം ഇവിടുത്തെ കെ.എഫ്.സി ഫ്രാഞ്ചൈസികള്‍ അമേരിക്കന്‍ വിരോധം മൂലം അടച്ചു പൂട്ടിയിരുന്നു. റെസ്‌റ്റോറന്റിന് അധികൃതരില്‍ നിന്നും അനുമതി കിട്ടാന്‍ അഞ്ചു വര്‍ഷം എടുത്തെന്ന് ലൈസന്‍സ് ലഭിച്ച ആമിര്‍ ഹുസൈന്‍ അലിസാദ പറയുന്നു.
എന്നാല്‍, തങ്ങള്‍ ഇറാനില്‍ ബ്രാഞ്ച് തുടങ്ങിയെന്ന വാര്‍ത്ത കെന്റകി ഫ്രൈഡ് ചിക്കന്‍ അധികൃതര്‍ നിഷേധിച്ചു. തങ്ങളുടെ പേരില്‍ ആരെങ്കിലും ഇറാനില്‍ ബ്രാഞ്ച് തുടങ്ങിയിട്ടുണ്ടെങ്കില്‍ കമ്പനി അവര്‍ക്കെതിരെ കേസെടുക്കുമെന്നും ഇറാനില്‍ ബ്രാഞ്ച് തുടങ്ങാനുള്ള പദ്ധതി കമ്പനിക്കില്ലെന്നും കെ.എഫ്.സി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാശ്ചാത്യ സംസ്‌കാരമുള്ള എല്ലാ ബിസിനസുകളും ഇറാനിയന്‍ ഭരണകൂടം രാജ്യത്ത് നിരോധിച്ചിട്ട് കാലമേറെയായി. പ്രത്യേകിച്ചും പ്രശസ്തമായ ഒരു അമേരിക്കന്‍ ബ്രാന്‍ഡിന് ഒരിക്കലും ഇറാനിയന്‍ അധികൃതര്‍ അനുമതി നല്‍കില്ലെന്നാണ് വാര്‍ത്തയെ നിഷേധിക്കുന്നവരുടെ വാദം.