എഡിറ്റര്‍
എഡിറ്റര്‍
2019 ലും ബി.ജെ.പി അധികാരത്തില്‍ വരാന്‍ ക്ഷേത്ര ദര്‍ശനവുമായി കേശവപ്രസാദ് മൗര്യ; ഭഗവാന്റെ അനുഗ്രഹത്തിന് മുന്നില്‍ ലാലുവിന്റെ ജാഥയൊന്നുമല്ലെന്നും മൗര്യ
എഡിറ്റര്‍
Sunday 27th August 2017 7:08pm

വൃന്ദാവന്‍: ലാലു പ്രസാദ് യാദവിന്റെ റാലിയില്‍ അഖിലേഷ് യാദവിനോ മമതാ ബാനര്‍ജിയോ ആരുതന്നെ പങ്കെടുത്താലും ബി.ജെ.പിക്ക് ഒന്നുമില്ലെന്നും ബങ്കി ബിഹാരിയുടെ അനുഗ്രഹത്തോടെ 2019ല്‍ ബി.ജെ.പി തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നും ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രാര്‍ഥിക്കാനായി ബങ്കി ബിഹാരി ക്ഷേത്രം സന്ദര്‍ശിക്കുന്നതിനിടെ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. 2019 ല്‍ നരേന്ദ്രമോദിയുടെ മാജിക് ആവര്‍ത്തിക്കുമെന്നും അദ്ദേഹം തന്നെ പ്രധാനമന്ത്രിയായി അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.ജെ.ഡി വിളിച്ചു ചേര്‍ത്ത ബി.ജെ.പി വിരുദ്ധ റാലിയില്‍ ഇന്ന് ലക്ഷകണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. വിമത ജെ.ഡി.യു നേതാവ് ശരത് യാദവും യോഗത്തില്‍ പങ്ക് ചേര്‍ന്നു. ‘ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന ആര്‍.ജെ.ഡി മദ്രാവാക്യം ഏറ്റെടുത്ത് വിവിധ രാഷ്ട്രീയ നേതാക്കളും അണികളും പറ്റ്നയിലേക്ക് ഒഴുകുകയായിരുന്നു.


Also read ബ്രിട്ടീഷുകാരാണ് ഇന്ത്യയെ നശിപ്പിച്ചത്;അല്ലാതെ മോദി പറയുമ്പോലെ മുസ്‌ലിം ഭരണമല്ല; വിമര്‍ശനവുമായി ശശിതരൂര്‍


ജെ.ഡി.യുവിന്റെ മുന്നറിയിപ്പുകള്‍ ലംഘിച്ചാണ് ശരത് യാദവ് മഹാറാലിയില്‍ പങ്ക് ചേര്‍ന്നത്. മഹാസഖ്യം വേര്‍പ്പെടുത്തി ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെട്ട നിതിഷ് കുമാറിനും അനുയായികള്‍ക്കും ഏറ്റ കനത്ത തിരിച്ചടി കൂടിയായി മാറിയിരിക്കുകയാണ് പറ്റ്നയിലെത്തിയ ജനസഞ്ചയം.

സി.പി.ഐ അഖിലേന്ത്യ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് , കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സി.പി ജോഷി, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ബാബുലാല്‍ തുടങ്ങിയ നേതാക്കളും റാലിയില്‍ പങ്കെടുത്തു.

Advertisement