കേരളത്തിലെ ആദ്യത്തെ തപാല്‍ വനിതയെ ആദരിച്ച് ധനമന്ത്രി തോമസ് ഐസക്ക്
Kerala
കേരളത്തിലെ ആദ്യത്തെ തപാല്‍ വനിതയെ ആദരിച്ച് ധനമന്ത്രി തോമസ് ഐസക്ക്
ന്യൂസ് ഡെസ്‌ക്
Friday, 12th October 2018, 11:57 am

ആലപ്പുഴ : ലോകതപാല്‍ ദിനത്തില്‍ കേരളത്തിലെ ആദ്യത്തെ തപാല്‍ വനിതയെ ആദരിച്ച് ധനമന്ത്രി തോമസ് ഐസക്ക്.കേരളത്തിലെ ആദ്യത്തെ തപാല്‍ വനിതയായ ശ്രീമതി. ആനന്ദവല്ലിയുടെ വീട്ടില്‍ പോയി അവരെ സന്ദര്‍ശിച്ച മന്ത്രി അവിടെ വച്ച് തന്നെ പൊന്നാട അണിയിക്കുകയായിരുന്നു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ആനന്ദവല്ലിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്. ആനന്ദവല്ലിക്കും കുടുംബത്തിനുമൊപ്പം സമയം ചിലവഴിക്കുന്ന ചിത്രങ്ങളും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ പങ്കുവച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ലോകതപാല്‍ ദിനത്തില്‍ കേരളത്തിലെ ആദ്യത്തെ തപാല്‍ വനിതയായ ശ്രീമതി. ആനന്ദവല്ലിയുടെ വീട്ടില്‍ പോയി. മകന്‍ ധനരാജ് ഫൈനാന്‍സ് കോളേജില്‍ നിന്നും ബിരുദം നേടിയ ഒന്നാംതരം ഫോട്ടോഗ്രാഫറാണ്. ദേശാഭിമാനിയുടെ മാരാരിക്കുളത്തെ അനൗദ്യോഗിക ഫോട്ടോഗ്രാഫറെന്ന നിലയില്‍ ധനരാജിനെ കണ്ടുമുട്ടാത്ത ആലപ്പുഴ ദിനങ്ങള്‍ ഇല്ല. അതുകൊണ്ടു കൂടിയാണ് അമ്മയെ വീട്ടില്‍ പോയി കണ്ട് പൊന്നാട അണിയിക്കാന്‍ തീരുമാനിച്ചത്.

67 ലാണ് തുടക്കം. ആലപ്പുഴയിലെ ഒരു എക്‌സ്ട്രാ ഡിപ്പാര്‍ട്ട്‌മെന്റല്‍ പോസ്റ്റ് കാരിയറായി 27 രൂപയ്ക്ക് ജോലിക്ക് കയറി. സ്ഥിരം ജീവനക്കാരിയല്ല. തപാല്‍ ഓഫീസിലെ പോസ്റ്റുമാന്റെ സഹായിയെന്നു പറയാം. അദ്ദേഹം എത്തിച്ചുകൊടുക്കുന്ന തപാലുകള്‍ നിര്‍ദ്ദിഷ്ട പ്രദേശത്തെ വീടുകളില്‍ വിതരണം ചെയ്യുക. ബി.കോം പാസ്സായ ആനന്ദവല്ലി ഇത്തരമൊരു പണിക്ക് പോകുന്നത് എന്തിനെന്ന് ചോദിച്ച ഒട്ടേറെ പേരുണ്ട്. ശമ്പളം കുറച്ചു കുറഞ്ഞാലെന്താ, ഒരു സര്‍ക്കാര്‍ ജോലിയല്ല. പിന്നെ, സ്വതന്ത്രമായി പ്രദേശത്തൊക്കെ കറങ്ങാം. അതുകൊണ്ട് പരിഹാസങ്ങളിലൊന്നും കുലുങ്ങിയില്ല. എങ്കിലും ഒരു ദിവസം സഹികെട്ട് രാജിക്കത്ത് കൊടുത്തു. മേലധികാരി അത് കീറി ചവറ്റുകുട്ടയിലിട്ടു. തപാല്‍ വിതരണ പരീക്ഷയ്ക്ക് ഇരിക്കാന്‍ നിര്‍ദ്ദേശവും നല്‍കി. പരീക്ഷ പാസ്സായ ആനന്ദവല്ലിക്ക് പോസ്റ്റല്‍ സര്‍വ്വീസിലെ പോസ്റ്റ് വുമണായി നിയമനം ലഭിച്ചു.

97 രൂപയായിരുന്നു 77ല്‍ പുതിയ പദവിയിലെ ശമ്പളം. അന്ന് അച്ഛന്‍ വാങ്ങിക്കൊടുത്ത റാലി സൈക്കിള്‍ നിധിപോലെ ആനന്ദവല്ലി സൂക്ഷിക്കുന്നു. ഇന്നും സൈക്കിള്‍ സര്‍വ്വീസിലാണ്. ഞാന്‍ ചെല്ലുമ്പോള്‍ സൈക്കിള്‍ വീട്ടില്‍ ഇല്ല. മുഹമ്മ കമ്പോളത്തിലേയ്ക്ക് ആരോ സവാരി കൊണ്ടുപോയിരിക്കുകയാണ്. ആലപ്പുഴയിലെ വിവിധ പോസ്റ്റോഫീസുകളില്‍ ക്ലാര്‍ക്കായും പോസ്റ്റ്മിസ്ട്രസ്സായും സേവനമനുഷ്ഠിച്ച ആനന്ദവല്ലി 1991 ലാണ് മുഹമ്മ പോസ്റ്റോഫിസില്‍ നിന്നും വിരമിച്ചത്. ഇപ്പോള്‍ 85 വയസ്സായി. മുഹമ്മയിലെ തോട്ടുമുഖപ്പിലെ വീട്ടില്‍ വിശ്രമത്തിലാണ്. തന്റെ തൊഴില്‍ കാലത്തെക്കുറിച്ച് എത്ര അഭിമാനത്തോടെയാണ് അവര്‍ വിവരിച്ചിരുന്നതെന്നോ!