എഡിറ്റര്‍
എഡിറ്റര്‍
ഹാദിയ കേസ്; സംതൃപ്തി നല്‍കുന്ന വിധിയെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍
എഡിറ്റര്‍
Monday 27th November 2017 11:03pm


തിരുവനന്തപുരം: ഹാദിയ കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായത് സംതൃപ്തി നല്‍കുന്ന വിധിയെന്ന് സംസ്ഥാന വനിതാ അധ്യക്ഷ എംസി ജോസഫൈന്‍. ഹാദിയ സ്വതന്ത്രയായതില്‍ സന്തോഷമുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു.

അച്ഛനൊപ്പവും ഭര്‍ത്താവിനൊപ്പവും വിടാതെ ഹാദിയയെ സേലത്തുള്ള കോളേജിലേക്ക് അയക്കാനായിരുന്നു കോടതിയുടെ തീരുമാനം. കോളേജിന്റെ ഡീന്‍ ആയിരിക്കും ഹാദിയയുടെ രക്ഷാധികാരിയെന്നും കോടതി അറിയിച്ചു. രണ്ട് മണിക്കൂറിലധികം നീണ്ടു നിന്ന വാദം കേള്‍ക്കലില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങളായിരുന്നു.


Also Read: ‘എവരിബഡി ഗോ ടൂ യുവര്‍ ക്ലാസെസ്’; ഹാദിയ കേസില്‍ സുപ്രീം കോടതിയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍


എന്താണ് ഭാവിയെ കുറിച്ചുള്ള സ്വപ്നമെന്ന കോടതിയുടെ ചോദ്യത്തിന് ‘എനിക്ക് സ്വാതന്ത്ര്യം വേണം, വിശ്വാസത്തോടെ ജീവിക്കണം.’ എന്നായിരുന്നു 24 കാരിയായ ഹാദിയയുടെ മറുപടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അടുത്തതായി ഹാദിയയോട് ചോദിച്ചത് പഠനകാര്യങ്ങളെ കുറിച്ചായിരുന്നു. പഠിക്കാനുള്ള സമയമാണെന്ന് പറഞ്ഞ കോടതി പഠനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് പഠിക്കണമെന്ന് പറഞ്ഞ ഹാദിയ പക്ഷെ അത് സര്‍ക്കാരിന്റെ കാശു കൊണ്ട് വേണ്ടെന്നും ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ സംരക്ഷണയില്‍ മതിയെന്നും വ്യക്തമാക്കി.

എന്നാല്‍ ഭര്‍ത്താവ് രക്ഷാധികാരിയല്ല ജീവിത പങ്കാളിയെന്ന് ചൂണ്ടിക്കാണിച്ച കോടതി പക്ഷെ ഹാദിയയുടെ രക്ഷകര്‍ത്തത്വം ഷെഫിനും അച്ഛന്‍ അശോകനും നല്‍കിയില്ല. പകരം സേലത്തുള്ള ഹോമിയോ മെഡിക്കല്‍ കോളേജിലേക്ക് പഠനം പൂര്‍ത്തിയാക്കാന്‍ അയക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒപ്പം കോളേജ് ഡീനിനെ ഹാദിയയുടെ രക്ഷാധികാരിയായി ഉത്തരവിടുകയും ചെയ്തു. അതേസമയം തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇതുപോലൊരു കേസ് ഇതാദ്യമായാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.


Dont Miss: ‘മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പുലിപിടുത്തക്കാരനും തേപ്പുകാരനുമാക്കുന്നതില്‍ അപാകത’; സിനിമയ്ക്ക് സെന്‍സറിംഗ് ആവശ്യമില്ലെന്ന് അടൂര്‍


ഹാദിയ കേസില്‍ വനിതാ കമ്മീഷന്റെ പ്രതിനിധികളും സുപ്രീം കോടതിയില്‍ ഹാജരായിരുന്നു. ഹാദിയയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വനിതാ കമ്മീഷന്റെ ഭാഗത്തു നിന്നുള്ള ഇടപെടല്‍ ഉണ്ടാകുമെന്ന് നേരത്തെ തന്നെ എം.സി ജോസഫൈന്‍ വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതിയില്‍ ഹാജരാവുന്നതിന് വേണ്ടി ഹാദിയയെ ദല്‍ഹിയില്‍ വിമാനനമാര്‍ഗം അയക്കണമെന്നും അതിനുള്ള ചിലവ് സംസ്ഥാന വനിതാ കമ്മീഷന്‍ വഹിക്കുമെന്നും എംസി ജോസഫൈന്‍ ഹാദിയയുടെ അച്ഛന്‍ അശോകനെ അറിയിച്ചിരുന്നുവെങ്കിലും അശോകന്‍ ഇത് നിഷേധിക്കുകയായിരുന്നു.

നേരത്തെ ഹാദിയയെ സന്ദര്‍ശിക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ശ്രമിച്ചിരുന്നുവെങ്കിലും അശോകന്‍ ഇതിന് അനുവദിച്ചിരുന്നില്ല.

Advertisement