എഡിറ്റര്‍
എഡിറ്റര്‍
‘ഇത് കേരളത്തില്‍’; ആദിവാസി യുവതിയുടെ മൃതദേഹം വീട്ടിലെത്തിച്ചത് ചാക്കില്‍ കെട്ടി 9 കി.മി നടന്ന്
എഡിറ്റര്‍
Sunday 1st October 2017 11:50am

 

നിലമ്പൂര്‍: മാനസികദൗര്‍ബല്യം മൂലം കാട്ടില്‍ ഭക്ഷണമില്ലാതെ അലഞ്ഞ് മരിച്ച ആദിവാസി യുവതിയുടെ മൃതദേഹം വീട്ടിലെത്തിച്ചത് ചാക്കില്‍കെട്ടിത്തുക്കി 9 കിലോമീറ്റര്‍ നടന്ന്. കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കല്‍കോളേജില്‍ മരിച്ച കാളികാവ് ചക്കിക്കുഴി വനത്തിലെ അച്ചനളയിലെ വെള്ളയുടെ മകള്‍ മാതി (ശാരദ26)യുടെ മൃതദേഹമാണ് ചാക്കില്‍ക്കെട്ടിത്തൂക്കി നടന്നത്.

മാനസികദൗര്‍ബല്യം മൂലം രണ്ടാഴ്ച കാട്ടിലലഞ്ഞ യുവതിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു മരിച്ചത്. പട്ടിണിയാണ് യുവതിയുടെ മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉള്‍വനത്തിലെ ചോലനായ്ക്കരുടെ കേന്ദ്രത്തിലേക്കാണ് മൃതദേഹം ചുമക്കേണ്ടി വന്നത്.

മെഡിക്കല്‍ കോളജിന്റെ ആംബുലന്‍സില്‍ മൃതദേഹം 29നു രാവിലെ കോളനിയില്‍ കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് ഐ.ടി.ഡി.പി പ്രമോട്ടര്‍ എത്തി മൃതദേഹം ചുമക്കാന്‍ പാട്ടക്കരിമ്പ് കോളനിയില്‍നിന്ന് ആദിവാസികളെ വരുത്തുകയായിരുന്നു.


Also Read: വിരമിച്ച സൈനികനോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട് ഫോറിനേഴ്‌സ് ട്രിബ്യൂണല്‍


മൃതദേഹവും ചുമന്ന് ംഘം അച്ചനളയിലെത്തിയപ്പോഴേക്കും വൈകുന്നേരമായതിനെത്തുടര്‍ന്ന് ഇന്നലെയായിരുന്നു സംസ്‌കാരം നടത്തിയത്. അമരമ്പലം പഞ്ചായത്തിലെ ടി കെ കോളനിയില്‍നിന്ന് ഒന്‍പതു കിലോമീറ്റര്‍ ഉള്‍വനത്തിലാണ് അച്ചനള.

മാനസികദൗര്‍ബല്യമുണ്ടായതിനെ തുടര്‍ന്നു മാതിയെ മൂന്നുവര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. മൂന്നാഴ്ച മുമ്പ് മാതിയെ കോളനിയില്‍നിന്നു കാണാതായിരുന്നെങ്കിലും മക്കളെ കാണാന്‍ ഇവര്‍ കുപ്പമലയില്‍ പോയെന്നാണ് ആദ്യം കരുതിയിരുന്നത്.

പിന്നീട് പട്ടിണി മൂലം അവശയായ മാതിയെ ഉള്‍വനത്തില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഊരു മൂപ്പനും മാതിയുടെ പിതാവും അടങ്ങുന്ന സംഘം ഇവരെ കോളനിയിലെത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ ഐ.ടി.ഡി.പി പ്രമോട്ടര്‍ ഏര്‍പ്പാടാക്കിയ ജീപ്പില്‍ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നെങ്കിലും പിറ്റേന്നു ഇവര്‍ മരിക്കുകയായിരുന്നു. സുസ്മിതയും വിഷ്ണുവുമാണു മാതിയുടെ മക്കള്‍.

Advertisement