എഡിറ്റര്‍
എഡിറ്റര്‍
‘കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ ഇനി ബംഗലൂരുവിലെത്തില്ല’; സ്വകാര്യ ബസ് ലോബിയെ സഹായിക്കാന്‍ റെയില്‍വെയുടെ പരിഷ്‌കാരം
എഡിറ്റര്‍
Monday 11th September 2017 12:57pm

ബംഗലൂരു: ബംഗലൂരു യാത്രക്കാര്‍ക്ക് തിരിച്ചടിയുമായി റെയില്‍വെയുടെ പുതിയ പരിഷ്‌കാരം. കേരളത്തില്‍ നിന്ന് ബംഗലൂരുവിലേയ്ക്കു പോകുന്ന ട്രെയിനുകള്‍ രണ്ട് സ്‌റ്റേഷനുകള്‍ മുമ്പ് യാത്ര അവസാനിപ്പിക്കും.

പ്രധാന സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാനാണ് നടപടിയെന്നാണ് റെയില്‍വെയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. എന്നാല്‍ സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണ് റെയില്‍വെയുടെ നടപടിയെന്ന് വിമര്‍ശനമുയരുന്നുണ്ട്.

ജനുവരി മുതലാണ് റെയില്‍വെയുടെ പരിഷ്‌കാരം. കേരളത്തില്‍നിന്ന് ബംഗലൂരു സിറ്റി, യശ്വന്ത്പൂര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ട്രെയിനാണ് ബംഗലൂരുവില്‍നിന്നും 45 കിലോമീറ്റര്‍ മുമ്പ് ബാനസവടിയില്‍ യാത്ര അവസാനിപ്പിക്കുന്നത്.


Also Read: നിലയ്ക്കാത്ത കുമ്മനടികള്‍; കണ്ണന്താനത്തെ അണിയിച്ച പൂമാലയ്ക്കുള്ളില്‍ കയറിക്കൂടിയ കുമ്മനത്തെ ട്രോളി സോഷ്യല്‍ മീഡിയ


മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. ദിനംപ്രതി സര്‍വീസ് നടത്തുന്ന കൊച്ചുവേളി-ബംഗലൂരു എക്‌സ്പ്രസ്, ആഴ്ചയില്‍ മൂന്നുസര്‍വീസ് നടത്തുന്ന എറണാകുളം- ബംഗലൂരു എക്‌സ്പ്രസ്, ആഴ്ചയിലൊരിക്കല്‍ സര്‍വീസ് നടത്തുന്ന എറണാകുളം-ബംഗലുരു സിറ്റി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ബാനസവാടിയില്‍ യാത്ര അവസാനിപ്പിക്കും.

ഇവിടെ ഇറങ്ങി യാത്രക്കാര്‍ക്ക് സ്വകാര്യവാഹനങ്ങളെ ആശ്രയിക്കേണ്ടിവരും. അതേസമയം കണ്ണൂര്‍- യശ്വന്തപൂര്‍ ട്രെയിനിന് നിയന്ത്രണം ബാധകമല്ല. ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്ത ബാനസവാടി സറ്റേഷനില്‍ നിന്ന് ബംഗലൂരുവിലേയ്ക്ക് ബസ് സര്‍വീസും കുറവാണ്.

ട്രെയിനുകള്‍ ബംഗലൂരുവിലെത്താത്ത സാഹചര്യത്തില്‍ യാത്രക്കാര്‍ ബസിലേയ്ക്ക് യാത്ര മാറ്റിയേക്കുമെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ റെയില്‍വെയ്ക്ക് വന്‍സാമ്പത്തിക നഷ്ടമാണുണ്ടാകുക.

Advertisement