Administrator
Administrator
ഇത് കേരളത്തിന്റെ സ്വന്തം ‘താജ്മഹല്‍’; യുദ്ധമില്ലാത്ത ലോകത്തിന്
Administrator
Saturday 31st December 2011 2:56pm

kerala_taj_mahal_gp

ആലപ്പുഴ: ധീരജവാന്മാരുടെ സ്മരണക്കായി തുമ്പോളിയില്‍ താജ്മഹല്‍ മാതൃകയില്‍ നിര്‍മ്മിച്ച സ്മൃതി കുടീരം ശ്രദ്ധേയമാകുന്നു. കഴിഞ്ഞ 27നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗ്ലോബല്‍ പീസ് പാലസ് എന്ന പേരില്‍ നിര്‍മ്മിച്ച കുടീരം നാടിന് സമര്‍പ്പിച്ചത്.

ആലപ്പുഴ തുമ്പോളി ദേശീയ പാതയ്ക്ക് സമീപമാണ് മുന്‍ നാവികസേന ഉദ്യോഗസ്ഥനായ കെ.ബി. കുമാര്‍ സൗധം പണിതീര്‍ത്തത്. പൂര്‍ണ്ണമായും മാര്‍ബിളും ടൈലും ഉപയോഗിച്ചാണ് ആഗോളശാന്തിഭവന്‍ നിര്‍മ്മാണംപൂര്‍ത്തീകരിച്ചത്. 7,000 ചതുരശ്ര അടി വിസ്തീര്‍ണ്ണവും 47 അടി ഉയരവുമുള്ള മന്ദിരം നാലുവര്‍ഷം കൊണ്ട് ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്.

kerala_taj_mahal_g

പാക്കിസ്ഥാനെതിരായ യുദ്ധത്തിലുള്‍പ്പെടെ ഇന്ത്യന്‍ സേനാംഗമായി പങ്കെടുത്ത തുമ്പോളി അരേശേരില്‍ എ.കെ ഭാസുര കുമാറിനെ തന്റെ ജീവിതത്തിലെ തിക്താനുഭവങ്ങളാണ് ശാന്തിമഹലിന്റെ നിര്‍മ്മാണത്തിന് പ്രേരിപ്പിച്ചത്. 18 ാം വയസ്സില്‍ ഇന്ത്യന്‍ നാവിക സേനാംഗമായ ഇദ്ദേഹം 1971 ലെ ഇന്ത്യപാക്ക് യുദ്ധമടക്കം നിരവധി സൈനിക നീക്കങ്ങളില്‍ പങ്കാളിയായി. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം നിരവധി ജീവനുകള്‍ ബലിനല്‍കി  പരിഹരിക്കേണ്ടതല്ലെന്നാണ് ഭാസുര കുമാറിന്റെ പക്ഷം. യുദ്ധമില്ലാത്ത ലോകത്തെ കുറിച്ച് സ്വപ്‌നം കാണുന്ന കുമാറിന് രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ഇന്റര്‍ നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിലൂടെ പരിഹാരം കാണണമെന്ന അഭിപ്രായമാണുള്ളത്.

kerala_taj_mahal

മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പണികഴിപ്പിച്ച പ്രണയ കുടീരത്തിന്റെ മാതൃകയിലുള്ള ശാന്തിമഹലിന് നല്‍കാനുള്ള സന്ദേശം യുദ്ധമില്ലാത്ത ഒരു ലോകം വേണമെന്നതാണെന്ന് കുമാര്‍ പറയുന്നു. അതോടൊപ്പം ര്ാജ്യത്തിനു വേണ്ടി ബലിയര്‍പ്പിക്കപ്പെട്ട ധീരജവാന്‍മാര്‍ക്ക് സ്മൃതികുടീരവും. ശാന്തിമഹലിലെ നാല് മിനാരങ്ങള്‍ രാജ്യത്തെ ആര്‍മി,നേവി, എയര്‍ഫോഴ്‌സ് കൂടാതെ ബി.എസ്.എഫ് ഉള്‍പ്പെടെയുള്ള ഇതര സേനകളെ പ്രതിനിധാനം ചെയ്യുന്നു. ഓരോന്നിലും അതാത് വിഭാഗത്തില്‍പ്പെട്ട ചിത്രവും ചരിത്രവും രേഖപ്പെടുത്തും.

2007 ല്‍ നിര്‍മ്മാണമാരംഭിച്ച ശാന്തിമഹല്‍ ഏഴായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ കുമാറിന്റെ ഉടമസ്ഥതയിലുളള 17 സെന്റ് വസ്തുവിലാണ് പണി കഴിപ്പിച്ചിട്ടുളളത്. സ്വന്തം സമ്പാദ്യത്തിനു പുറമേ 10 ലക്ഷത്തോളം രൂപ ബാങ്ക് വായ്പയും ഇതിന്റെ പൂര്‍ത്തീകരണത്തിനായി സംഘടിപ്പിച്ച കുമാര്‍ പക്ഷേ ഇതിന്റെ പേരില്‍ സര്‍ക്കാറില്‍ നിന്ന് യാതൊരു സഹായം ആഗ്രഹിക്കുന്നില്ല. നല്ലനിലയില്‍ പരിപാലിക്കുമെന്നുറപ്പില്ലാത്തതിനാല്‍ സര്‍ക്കാറിനെ ഏല്‍പ്പിക്കാനും അദ്ദേഹം മടിക്കുകയാണ്.

ഉദ്ഘാടനച്ചടങ്ങില്‍ സൈനിക ക്ഷേമവകുപ്പ് ഡയറക്ടര്‍ കെ.കെ. ഗോവിന്ദന്‍നായര്‍ അധ്യക്ഷത വഹിച്ചു. ഡോ.കെ.എം. തോമസ് ഐസക് എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു. പ്രതിഭ ഹരി, ആലപ്പുഴ നഗരസഭാ അധ്യക്ഷ മേഴ്‌സി ഡയാന മാസിഡോ, ഡി.സി.സി. പ്രസിഡന്റ് എ.എ. ഷുക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Malayalam news

Kerala news in English

Advertisement