Administrator
Administrator
വൈക്കം മുഹമ്മദ് ബഷീറിന് അബുദാബിയുടെ പ്രണാമം
Administrator
Sunday 17th July 2011 7:45pm

അബുദാബി: അബുദാബി കേരളാ സോഷ്യല്‍ സെന്റെറില്‍ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം വിവിധ പരിപാടികളോടെ നടന്നു. അനുസ്മരണസമ്മേളനം, നാടകം, ബഷീര്‍ കഥാപാത്രങ്ങളുടെ ചിത്രീകരണം, കാരിക്കേച്ചര്‍ തുടങ്ങിയ വിപുലമായ പരിപാടികള്‍ അരങ്ങേറി. പ്രസക്തി, കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യവിഭാഗം, കോലായ, നാടകസൗഹൃദം, ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചത്.

ബഷീര്‍ അനുസ്മരണസമ്മേളനം കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ ബി മുരളി ഉദ്ഘാടനം ചെയ്തു. അജി രാധാകൃഷ്ണര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകനായ എന്‍. എസ് ജ്യോതികുമാര്‍ അനുസ്മരണപ്രഭാഷണം നടത്തി.

കവികളായ അസ്‌മോ പുത്തന്‍ചിറ, നസീര്‍ കടിക്കാട്, ശിവപ്രസാദ്, ചെറുകഥാകൃത്ത് ഫാസില്‍, ആയിഷ സക്കീര്‍, കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യവിഭാഗം സെക്രട്ടറി സുരേഷ് പാടൂര്‍, ഫൈസല്‍ ബാവ, ടി. കൃഷ്ണകുമാര്‍, ദേവിക സുധീന്ദ്രര്‍, അഷ്‌റഫ് ചമ്പാട്, റൂഷ് മെഹര്‍, ഷറീഫ് മാന്നാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കുട്ടികള്‍ ഉള്‍പ്പെടെയുള്ള ചിത്രകാരന്മാര്‍ ബഷീറിന്റെ കാരിക്കേച്ചറുകളും ബഷീര്‍ കഥാപാത്രങ്ങളുടെ ചിത്രീകരണവും നടത്തിയപ്പോള്‍ പാത്തുമ്മയുടെ ആടും, ആനവാരിയും, മജീദും, സുഹ്‌റയും,
സാറാമ്മയും, മണ്ടെന്‍ മുത്തെപ്പയും എല്ലാം അബുദാബിയ്ക്ക് പുത്തന്‍ കാഴ്ചകളായി.

ശശിന്‍ സാ, രാജീവ് മുളക്കുഴ, ജോഷി ഒഡേസ, ഹാരീഷ് തചോടി, ഷാബു, ഗോപാല്‍, നദീം മുസ്തഫ, റോയി മാത്യു, രാജേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്നു ഇസ്‌കന്ദര്‍ മിര്‍സയുടെ സംവിധാനത്തില്‍, നാടകസൗഹൃദം അണിയിച്ചൊരുക്കിയ ‘അനല്‍ഹഖ്’ എന്ന നാടകം ബഷീര്‍ കൃതികളുടെ തന്നെ ഒരു മറുപുറ വ്യാഖ്യാനമായി മാറി. അടൂരിന്റെ സിനിമയില്‍ ശബ്ദം കൊണ്ട് മാത്രം സാന്നിധ്യം അറിയിച്ച മതിലുകളിലെ നാരായണിയെ കേന്ദ്ര കഥാപാത്രമാക്കി രംഗത്ത് അവതരിപ്പിച്ചത് ശ്രദ്ധേയമായി. നിരവധി തവണ യു.എ.ഇ ലെ മികച്ച നടിക്കുള്ള പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അനന്തലക്ഷ്മി ഷെരീഫ്, നാരായണിയായി അനിതര സാധാരണമായ അഭിനയം കാഴ്ച വെച്ചു.

സഹീര്‍ ചെന്ത്രപ്പനി, ഷാബിര്‍ ഖാന്‍, സലിഹ് കല്ലട, ഷഫീക് എന്നിവര്‍ വിവിധ കാലഘട്ടങ്ങളിലെ ബഷീറിനെ അവതരിപ്പിച്ചപ്പോള്‍ കുഞ്ഞുപത്തുമ്മയായി ബാലതാരം ഐശ്യര്യാ ഗൌരിനാരായണന്‍ മികച്ച അഭിനയം കാഴ്ചവച്ചു. ഷാഹ്ധാനി വാസു, പ്രീത നമ്പൂതിരി, അബൂബക്കര്‍, ബിജു, പ്രവീണ്‍ എന്നിവരും വിവിധ കഥാപാത്രങ്ങളെ രംഗത്ത് എത്തിച്ചു. സുഭാഷ് ചന്ദ്ര, മുഹമ്മദ് അലി, ചന്ദ്രശേഖര്‍, ഫാസില്‍ അബ്ദുള്‍ അസീസ്, വാസു കുറുങ്ങോട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Advertisement