കേരള പൊലീസിന് ജെന്‍ഡര്‍ ട്രെയിനിങ് ആവശ്യമുണ്ട്; എറണാകുളം റൂറല്‍ എസ്.പിയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുന്നു
Kerala News
കേരള പൊലീസിന് ജെന്‍ഡര്‍ ട്രെയിനിങ് ആവശ്യമുണ്ട്; എറണാകുളം റൂറല്‍ എസ്.പിയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st August 2021, 3:30 pm

കൊച്ചി: കോതമംഗലത്ത് ദന്ത ഡോക്ടറായ മാനസ കൊല്ലപ്പെട്ട സംഭവത്തില്‍ എറണാകുളം ജില്ലാ റൂറല്‍ പൊലീസ് മേധാവി കെ. കാര്‍ത്തികിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം മലയാള മനോരമ പത്രത്തില്‍ നല്‍കിയ പ്രതികരണമാണ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.

പെണ്‍കുട്ടികളുടെ ജാഗ്രതക്കുറവിന് ഉദാഹരണമാണ് മാനസയുടെ കൊലപാതകമെന്നാണ് കെ. കാര്‍ത്തിക് പറഞ്ഞത്. യുവാവും മരിച്ചതോടെ കേസ് ദുര്‍ബലമായെന്നും അദ്ദേഹം പറയുന്നു.

‘സമൂഹ മാധ്യമങ്ങളിലൂടെ അപരിചിതരുമായി അടുപ്പം സ്ഥാപിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് സംഭവിക്കുന്ന ജാഗ്രതക്കുറവിന് ഉദാഹരണമാണ് കോതമംഗലം നെല്ലിക്കുഴിയിലെ സംഭവം.

പൊലീസ് എത്രയോ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. അതൊന്നും പലരും കണക്കിലെടുക്കുന്നില്ല. തങ്ങള്‍ക്ക് ചതി പറ്റില്ലെന്നാണ് ഓരോരുത്തരും കരുതുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇവര്‍ അടുപ്പം തുടങ്ങിയത്. യുവാവും മരിച്ചതോടെ കേസ് ദുര്‍ബലമായി. തോക്ക് എവിടെ നിന്ന് കിട്ടിയെന്ന ദുരൂഹതയാണ് ബാക്കിയുള്ളത്. അത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്,’ എന്നായിരുന്നു കെ. കാര്‍ത്തിക്കിന്റെ പ്രതികരണം.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ സാമൂഹിക സാംസ്‌കാരിക മേഖലകളിലടക്കമുള്ളവര്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

പ്രതികരണം നടത്തിയ ജില്ലാ പൊലീസ് മേധാവിക്കും കേരളത്തിലെ പൊലീസ് സേനയ്ക്കും ജെന്‍ഡര്‍ ക്ലാസ് നല്‍കേണ്ടത് അത്യാവശ്യമാണെന്നാണ് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ അടക്കമുള്ളവരുടെ പ്രതികരണം.

‘ഇരകളുടെ കുറ്റമല്ല കാര്‍ത്തികേ, അങ്ങേയ്ക്ക് ജെണ്ടര്‍ ട്രെയിനിങ് ആവശ്യമുണ്ട്. കാര്‍ത്തിക്കിനു ജെണ്ടര്‍ ട്രെയിനിങ് ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. കാര്‍ത്തിക്കിന് തെറ്റു പറ്റിയെന്നു 24 മണിക്കൂറിനകം ബോധ്യമാകാത്ത കേരളാ പോലീസ് മേധാവിക്കും സേനയിലെ മറ്റുള്ളവര്‍ക്കും ആവശ്യമാണ്,’ ഹരീഷ് പറഞ്ഞു.

കാര്‍ത്തിക്കിന്റെ കാഴ്ചപ്പാടില്‍ കുറ്റം ചെയ്തത് കൊല്ലപ്പെട്ട മാനസയാണെന്നും പൊലീസിന്റെ ‘സദാചാര’ മുന്നറിയിപ്പുകള്‍ അവഗണിച്ചു ഇന്‍സ്റ്റാഗ്രാമില്‍ പ്രേമിച്ചു എന്നത് വലിയ കുറ്റമാണ് എന്നും ഹരീഷ് പറയുന്നു.

പ്രേമിക്കുന്നത് തെറ്റല്ല. പ്രേമത്തില്‍ നിന്ന് പിന്മാറുന്നതും തെറ്റല്ല. അടുത്ത് അറിയുന്നവരോട് മാത്രമല്ല സൗഹൃദം സ്ഥാപിക്കുക. സൗഹൃദത്തില്‍ നിന്ന് മാന്യമായി പിന്‍വാങ്ങുന്നത് ക്രിമിനാലിറ്റിയ്ക്കുള്ള ലൈസന്‍സല്ല എന്നു വേട്ടപ്പട്ടികളേ ബോധ്യപ്പെടുത്തുക എന്നത് പട്ടികളെ വളര്‍ത്തുന്നവരുടെ ഉത്തരവാദിത്തമാണെന്നും ഹരീഷ് കുറിച്ചു.

കേരള പൊലീസിന് അടിയന്തരമായി ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി ക്ലാസ് എടുത്തുകൊടുക്കണമെന്നാണ് എഴുത്തുകാരിയായ അനുപമ ആനമങ്ങാട് ആഭ്യന്തര മന്ത്രിയോടായി പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു അനുപമയുടെ പ്രതികരണം.

‘Department of Women and Children എന്നൊരു പേജുണ്ട്. കേരളസര്‍ക്കാറിന്റേത് തന്നെ. അതില്‍ വരുന്ന പോസ്റ്റുകള്‍ പൊതുവേ ജെന്‍ഡര്‍ സെന്‍സിറ്റീവിറ്റി, സ്ത്രീസമത്വം, സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ എങ്ങനെയൊക്കെ ബോധവത്കരണം നടത്താം എന്നതിന് നല്ല ഉദാഹരണങ്ങളാണ്.

ആ പേജില്‍ പോസ്റ്റുകള്‍ക്ക് കണ്ടന്റ് ഉണ്ടാക്കുന്നവരെ ഒന്ന് കണ്‌സള്‍ട്ട് ചെയ്ത്, അവരില്‍ നിന്നും മാര്‍ഗ്ഗനിര്‍ദ്ദേശമുള്‍ക്കൊണ്ട്, അടിയന്തിരമായി കേരളത്തിലെ പൊലീസ് സേനയ്ക്കും മേധാവികള്‍ക്കും ഒരു ജന്‍ഡര്‍ സെന്‍സിറ്റിവിറ്റി ട്രെയിനിങ് കൊടുക്കണം. ഇത് പൊലീസ് ട്രെയിനിങ്ങിന്റെ ഭാഗവുമാക്കണം, ഇടക്കിടക്ക് റിഫ്രഷര്‍ കോഴ്സും കൊടുക്കണം മറന്നുപോവാതിരിക്കാന്‍,’ എന്നാണ് അനുപമ ആനമങ്ങാട് പ്രതികരിച്ചത്.

കേരള പൊലീസിന്റെ നിലപാടുകള്‍ നേരത്തെയും വലിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അടുത്തിടെ ഫേക്ക് അക്കൗണ്ടുകള്‍ എങ്ങനെ കണ്ടു പിടിക്കാം എന്ന രീതിയില്‍ കേരള പൊലീസിന്റെ ഔദ്യോഗിക പേജില്‍ വന്ന നിര്‍ദേശങ്ങളും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. വിമര്‍ശനങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് നിര്‍ദേശങ്ങള്‍ നിരവധി തവണയാണ് പൊലീസ് എഡിറ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് മാനസയെ രഖില്‍ വെടിവെച്ചു കൊന്നത്. സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കെയാണ് എറണാകുളം ജില്ലാ റൂറല്‍ പൊലീസ് മേധാവിയുടെ വിവാദ പ്രതികരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala Police must undergo through gender classes says social media on controversial post