ഫേക്കുകളെ കണ്ടുപിടിക്കാന്‍ പൊലീസിന്റെ 9 നിര്‍ദേശങ്ങള്‍; വിവാദമായതോടെ എഡിറ്റ് ചെയ്ത് തടിയൂരി; 'എയറിലാക്കി' സോഷ്യല്‍ മീഡിയ
Kerala News
ഫേക്കുകളെ കണ്ടുപിടിക്കാന്‍ പൊലീസിന്റെ 9 നിര്‍ദേശങ്ങള്‍; വിവാദമായതോടെ എഡിറ്റ് ചെയ്ത് തടിയൂരി; 'എയറിലാക്കി' സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th July 2021, 10:27 am

തിരുവനന്തപുരം: നവ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസമിട്ട പോസ്റ്റ് വിവാദത്തില്‍. കുറിപ്പ് വിവാദമായതോടെ പൊലീസ് പോസ്റ്റിലെ ഉള്ളടക്കം തിരുത്തി. അഞ്ചോളം തവണയാണ് പോസ്റ്റ് കുറിപ്പ് എഡിറ്റ് ചെയ്തത്.

വ്യാജ പ്രൊഫൈലുകള്‍ തിരിച്ചറിയാന്‍ ഒന്‍പത് കാര്യങ്ങളാണ് പൊലീസ് ആദ്യമിട്ട പോസ്റ്റിലുണ്ടായിരുന്നത്. അതില്‍ ഒന്ന് ഒരു സ്ത്രീയുടെ വ്യാജ പ്രൊഫൈല്‍ എങ്ങനെ കണ്ടുപിടിക്കാം എന്നതായിരുന്നു.

ഒരു സ്ത്രീയുടെ പ്രൊഫൈലില്‍ 4000ത്തില്‍ അധികം ഫ്രണ്ട്‌സോ ഫോളോവേഴ്‌സോ ഉണ്ടെങ്കില്‍ അത് വ്യാജ അക്കൗണ്ട് ആകാനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസ് കുറിപ്പില്‍ ഇട്ടത്.

‘ഒരു സ്ത്രീയുടെ പ്രൊഫൈലില്‍ 4000ത്തില്‍ കൂടുതല്‍ ഫ്രണ്ട്‌സും ഫോളോവേഴ്‌സും ഉണ്ടെങ്കില്‍ ഫെയ്ക്കിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്,’ എന്നായിരുന്നു ഒരു നിര്‍ദേശം.

‘സാധാരണയായി ഭൂരിഭാഗം പെണ്‍കുട്ടികളും ഫോണ്‍ നമ്പര്‍ ചേര്‍ക്കാറില്ല, പ്രൊഫൈലില്‍ പരസ്യമായി ഇടാറില്ല. പെണ്‍കുട്ടികളുടെ പേരും ചിത്രവും അടങ്ങിയ പ്രൊഫൈലില്‍ ഫോണ്‍ നമ്പര്‍ പരസ്യമായി കൊടുത്തിട്ടുണ്ടെങ്കില്‍ അതൊരു വ്യാജന്‍ ആകാനാണ് സാധ്യത’, ‘ ഫ്രണ്ട്‌സ് ലിസ്റ്റ് പരിശോധിക്കുക. ഒരു സ്ത്രീയുടെ അക്കൗണ്ടില്‍ ഭൂരിപക്ഷവും പുരുഷന്മാര്‍, അല്ലെങ്കില്‍ പുരുഷ അക്കൗണ്ടില്‍ ഭൂരിപക്ഷവും സ്ത്രീകള്‍ ആയിരിക്കുന്നത് വ്യാജന്റെ ലക്ഷണമാണ്,’ എന്നിങ്ങനെയും പോസ്റ്റില്‍ എഴുതിയിരുന്നു.

എന്നാല്‍ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ട്രോളുകളും നിറഞ്ഞതോടെ ഈ പോസ്റ്റ് തിരുത്തുകയായിരുന്നു. വിവാദമായ പരാമര്‍ശങ്ങള്‍ മുഴുവന്‍ നീക്കിയാണ് ഇപ്പോള്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.’

എഡിറ്റ് ചെയ്ത കുറിപ്പിന്റെ പൂര്‍ണരൂപം

‘നവ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. വ്യാജ അക്കൗണ്ടുകളാണ് വില്ലന്മാര്‍. ഒരു തമാശക്ക് തുടങ്ങുന്ന വ്യാജ പ്രൊഫൈലുകള്‍ മുതല്‍ സ്വന്തം പ്രൊഫൈലില്‍ നിന്ന് പലയിടത്തും കമന്റ് ഇടാന്‍ മടിച്ച് അതിനു വേണ്ടി ഉണ്ടാക്കുന്ന വ്യാജ പ്രൊഫൈലുകള്‍ മാത്രമല്ല തട്ടിപ്പിനും സ്ത്രീപീഢനത്തിനും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.

വിദ്യാര്‍ഥികളുടെ ഫെയ്‌സ്ബുക്, വാട്‌സാപ് അക്കൗണ്ടുകളും ചാറ്റുകളും പതിവായി രക്ഷിതാക്കള്‍ നിരീക്ഷിച്ച് അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. ഫ്രണ്ട് റിക്വസ്റ്റുകള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ കുരുക്കിലാകും നിങ്ങളുടെ ജീവിതം.

പരിചയമില്ലാത്ത പ്രൊഫൈലുകളില്‍ നിന്നും വരുന്ന ചാറ്റ് റിക്വസ്റ്റുകള്‍ക്ക് തമാശയ്ക്ക് പോലും മറുപടി നല്‍കരുത്. ഒരുപക്ഷെ നമ്മെക്കുറിച്ച് കൃത്യമായി അറിഞ്ഞിട്ടാകാം വ്യാജ ഐഡി വഴി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്,’ എന്നാണ് എഡിറ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

വ്യാജ പ്രൊഫൈല്‍ തിരിച്ചറിയേണ്ട വഴികള്‍.

1. പ്രൊഫൈല്‍ ചിത്രം ആല്‍ബത്തില്‍ ആകെ ഒരു പ്രൊഫൈല്‍ ഫോട്ടോ മാത്രം ഉള്ളൂവെങ്കില്‍ വ്യാജനായിരിക്കാനുള്ള ചാന്‍സുണ്ട്. പ്രൊഫൈല്‍ ചിത്രം സിനിമാ നടിയുടേതോ നടന്റേതോ ആണെങ്കില്‍ ഫേക്കിന് സാധ്യത കൂടുതലാണ്. പ്രൊഫൈല്‍ ഇമേജ് ആല്‍ബത്തില്‍ സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ ആയിരിക്കും കൂടുതല്‍.

2. ടൈം ലൈനും, സ്റ്റാറ്റസ് അപ്‌ഡേറ്റും പരിശോധിക്കുക. വളരെ കാലമായി ഒരു സ്റ്റാറ്റസും അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ വ്യാജനാകാം.

3. പോസ്റ്റ് ഇടാതിരിക്കുക, മറ്റുള്ളവരുടെ പോസ്റ്റിനു കമന്റ് ചെയ്യാതിരിക്കുക. ഇതൊക്കെ ഫെയ്ക്കിന്റെ ലക്ഷണങ്ങളാണ്. കൂടുതല്‍ വ്യാജന്മാരും ഒരിക്കല്‍ പോലും ഒരു സ്റ്റാറ്റസ് അപ്‌ഡേറ്റ് നടത്താത്തവരാണ്

4. അടുത്തകാലത്തെ ആക്റ്റിവിറ്റികള്‍ നോക്കുക. ഒരു പേജും ലൈക് ചെയ്യാതെ, ഒരു ഗ്രൂപ്പിലും ജോയിന്‍ ചെയ്യാതെ വെറുതെ ഫ്രണ്ട്‌സിന്റെ എണ്ണം മാത്രം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്ന പ്രൊഫൈലുകള്‍ വ്യാജനായിരിക്കാം.

5. ജനനതീയതി, ജോലി ചെയ്യുന്ന സ്ഥലം, പഠിച്ചത് എവിടെ തുടങ്ങി കാര്യങ്ങളില്‍ ഗൗരവമല്ലാത്ത രീതിയില്‍ മറുപടി കൊടുത്തിരിക്കുന്ന പ്രൊഫൈല്‍ ആണെങ്കില്‍ ശ്രദ്ധിക്കുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം’

Content Highlight: Kerala Police controversial post edited after being trolled