കേരള പൊലീസ് ആക്ട് ഭേദഗതി; അമിതാധികാരത്തെ ബലപ്പെടുത്താനുള്ള ഉപാധി: സാംസ്‌കാരിക പ്രവര്‍ത്തകര്‍
Kerala Police Act
കേരള പൊലീസ് ആക്ട് ഭേദഗതി; അമിതാധികാരത്തെ ബലപ്പെടുത്താനുള്ള ഉപാധി: സാംസ്‌കാരിക പ്രവര്‍ത്തകര്‍
ന്യൂസ് ഡെസ്‌ക്
Sunday, 22nd November 2020, 6:17 pm

കോഴിക്കോട്: കേരള പൊലീസ് ആക്ട് ഭേദഗതിക്കെതിരെ സംയുക്ത പ്രസ്താവനയുമായി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍. അമിതാധികാരത്തെ ബലപ്പെടുത്താനുള്ള ഉപാധിയായി പൊലീസ് ആക്ട് ഭേദഗതി മാറുമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

സൈബര്‍ കുറ്റകത്യങ്ങള്‍ തടയുന്നതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി ‘കേരള പോലീസ് ആക്ടില്‍ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ട് വന്നിരിക്കുന്നു. സ്ത്രീകളുടെ പരാതിയെ മുന്‍നിര്‍ത്തിയാണെങ്കിലും സ്ത്രീ സുരക്ഷക്കല്ല മറിച്ച് അമിതാധികാരത്തെ ബലപ്പെടുത്താനുള്ള ഒരുപാധി മാത്രമായി ഇത് മാറും.

അമിതാധികാര നിയമങ്ങളുടെ ചരിത്രവഴികള്‍ അതാണ് ഓര്‍മ്മിപ്പിക്കുന്നത്. ഇത് തീര്‍ത്തും ജനാധിപത്യ വിരുദ്ധവും, അഭിപ്രായ സ്വാതന്ത്യത്തിന്മേലുള്ള കൈകടത്തലുമാണെന്നു ഞങ്ങള്‍ കരുതുന്നു. പോലീസ് ആക്ടില്‍ പുതുതായി 118-A എന്ന വകുപ്പ് കൂട്ടി ചേര്‍ക്കുന്നതിലൂടെ സൈബര്‍ കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാന്‍ പൊലീസിനു കഴിയുമെന്ന ന്യായമാണ് ഭേദഗതിയെ നീതികരിക്കുന്നതിനായി മുന്നോട്ടു വച്ചിട്ടുള്ളത്.

പൊലീസിന് അമിതാധികാരം പ്രദാനം ചെയ്യുന്ന ഇത്തരം ഭേദഗതികള്‍ ദുരപിഷ്ടവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതുമാണ്. വ്യക്തിയുടെ സല്‍പ്പേരിനും, കീര്‍ത്തിക്കും അപകീര്‍ത്തിയും, അപമാനവു, ഭീഷണിയും, അപകടത്തിനും ഇടയാക്കുന്ന തരത്തിലുള്ള ഉള്ളടക്കം വിവിധ തരത്തിലുള്ള സാമൂഹ്യമാധ്യമങ്ങള്‍ വഴി നിര്‍മിക്കുകയും, വിനിമയം ചെയ്യുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ കുറ്റകരമാക്കുന്നതാണ് നിര്‍ദിഷ്ട ഭേദഗതി.

അങ്ങനെയുളള പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസിനു സ്വമേധയാ കേസ്സ് എടുക്കുന്നതിന് നിയമപരമായ അധികാരം നല്‍കുന്നതാണ് ഈ ഭേദഗതി ഇതിനകം തന്നെ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ 3-കൊല്ലം തടവോ, അല്ലെങ്കില്‍ 10,000 രൂപ പിഴയോ അതുമല്ലെങ്കില്‍ തടവും, പിഴയും ചേര്‍ന്ന ശിക്ഷയാണ് ലഭിക്കുക. നിലവിലുളള നിയമങ്ങള്‍ പ്രകാരം തന്നെ മേല്‍പ്പറഞ്ഞ നിലയിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്ക് എതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

സ്ത്രീകളെ അപകീര്‍ത്തി പെടുത്തുന്നതിനെ തടയുന്നതിനും നിയമങ്ങള്‍ പ്രാബല്യത്തിലുണ്ട്. നിയമങ്ങളുടെ അഭാവമല്ല നിയമം നടപ്പിലാക്കുന്നതില്‍ പുലര്‍ത്തുന്ന അലംഭാവമാണ് പലപ്പോഴും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു തുണയാവുന്നത്.

ഇന്റര്‍നെറ്റ് ലഭ്യതയും, സ്വകാര്യതയും മൗലികാവശാമാക്കിയ സുപ്രീം കോടതി വിധികളുടെ ലംഘനമാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഭേദഗതി. അവക്ത്യവും, അയഞ്ഞതുമായ പദാവലികള്‍ ഉപയോഗിക്കുന്നതിന്റെ അപകടം സുപ്രീം കോടതി വിധികളില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുള്ള വിഷയമാണെങ്കിലും അതിന്റെ ഉള്‍ക്കാഴ്ചകള്‍ ഒന്നും തന്നെ നിര്‍ദ്ദിഷ്ട ഭേദഗതി ഉള്‍ക്കൊണ്ടിട്ടില്ല.

സൈബറിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ആക്രമണവും, വ്യക്തിഹത്യയും വ്യാപകമായി ചര്‍ച്ച ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ഭേദഗതിയുമായി മുന്നോട്ടു വരുന്നത്. സ്ത്രീകളുടെ അന്തസ്സും, വ്യക്തിത്വവും ഉറപ്പു വരുത്തുന്നതിനു പകരം സൈബര്‍ പൊലീസിംഗിനു നിയമസാധുത നല്‍കുന്നതിനാണ് ഇപ്പോഴത്തെ നിയമം സഹായിക്കുക.

ജനാധിപത്യ വിരുദ്ധവും, അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ ഈ നിയമനിര്‍മാണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നു ബന്ധപ്പെട്ട അധികാരികളോടു ഞങ്ങള്‍ വിനീതമായി ആവശ്യപ്പെടുന്നു.

ബി.ആര്‍.പി ഭാസ്‌ക്കര്‍,
സച്ചിദാനന്ദന്‍,
ജെ.ദേവിക,
എം.എന്‍ രാവുണ്ണി,
ബി. രാജീവന്‍,
കെ.മുരളി,
എം.കുഞ്ഞാമന്‍,
ഡോ: കെ.ടി റാം മോഹന്‍,
റഫീഖ് അഹമ്മദ്,
സി.ആര്‍ നീലകണ്ഠന്‍,
പി.എന്‍ ഗോപീകൃഷ്ണന്‍,
പ്രമോദ് പുഴങ്കര,
ഡോ: പ്രിയ. പി .പിള്ള
ശ്രീജ നെയ്യാറ്റിന്‍കര,
കെ.പി .സേതുനാഥ്,
കെ.സി ഉമേഷ് ബാബു, യു.ജയചന്ദ്രന്‍,
എം.എം.. ഖാന്‍.
ഡോ: പിഎന്‍ ജയചന്ദ്രന്‍ ,
സി.പി .റഷീദ്
അഡ്വ: തുഷാര്‍ നിര്‍മ്മല്‍ സാരഥി,
അഡ്വ: പി.എ പൗരന്‍
അഡ്വ: കസ്തൂരി ദേവന്‍, സുനില്‍ മക്തബ്,
ജോണി എം.എല്‍,
റാസിക്ക് റഹീം,
ജേക്കബ് ലാസര്‍, ആര്‍.അജയന്‍,
ഏ.എം നദ് വി,
വി.വി വേണുഗോപാല്‍

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Police Act 118 A