ഇങ്ങനെയൊക്കെയാണ് കേരളം അതിജീവിക്കുന്നത്
ന്യൂസ് ഡെസ്‌ക്

ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന കൊവിഡ് ബാധിതര്‍, 93 കാരനായ തോമസും 88 കാരിയായ ഭാര്യ മറിയാമ്മ തോമസും സുഖം പ്രാപിച്ച് ആശുപത്രി വിടുന്നു. കാസര്‍ഗോഡും പത്തനം തിട്ടയിലും കൊവിഡില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്ന രോഗികളെ ആരോഗ്യ പ്രവര്‍ത്തകര്‍ കയ്യടിച്ച് സമ്മാനവും നല്‍കി യാത്രയാക്കുന്നു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിദേശത്തു നിന്ന് വന്നവരും നിരീക്ഷണത്തിലുള്ളവരും ക്വാറന്റയ്ന്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നു. തീവ്ര ബാധിത മേഖലയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കാസര്‍കോട്ടേക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അതിനൂതന കൊവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാനും ചികിത്സ ശക്തിപ്പെടുത്തുന്നതിനുമായി യാത്ര തിരിക്കുന്നു.

ലോകത്തെ നടുക്കിയ മഹാമാരിക്കിടയിലും ആരേഗ്യ വകുപ്പിന്റെയും സര്‍ക്കാരിന്റെയും പഴുതടച്ച നടപടികള്‍ കേരളത്തിന് പ്രത്യാശ നല്‍കുന്ന വാര്‍ത്തകളാണിവ.

ഇതിനോടകം 50 -രോഗികളാണ് കേരളത്തില്‍ നിന്ന് കൊവിഡ് രോഗം മാറി സാധാരണ ജീവിതത്തിലേക്ക് നടന്നു നീങ്ങിയത്. ഇതില്‍ വിദേശികളും ഉള്‍പ്പെടുന്നു. ജനുവരി 30നാണ് കേരളത്തില്‍ ഇന്ത്യയിലെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈനയിലെ വുഹാന്‍ യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിനിയായിരുന്നു ഇന്ത്യയിലെ ആദ്യ കൊവിഡ് രോഗി. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് 2 മാസം പിന്നിടുമ്പോഴും കൊവിഡ് കേസുകള്‍ നിയന്ത്രണവിധേയമായ രീതിയില്‍ പിടിച്ചു നിര്‍ത്താന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട് എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്.

ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ കേരളം കൊവിഡിനെ നേരിടുന്ന രീതി ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങള്‍ വരെ മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത് കേരളത്തിലായിരുന്നു. പക്ഷേ രണ്ട് മരണം മാത്രമാണ് കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ സാധ്യത പട്ടിക കണ്ടുപിടിച്ച് ഇവരെ കൃത്യമായി നിരീക്ഷിക്കുന്ന രീതി കേരളം തുടക്കം മുതല്‍ തന്നെ പാലിച്ച് പോന്നിരുന്നു. രോഗികളുമായി സംസാരിച്ച് ഇവരുടെ റൂട്ട് മാപ്പ് ഉള്‍പ്പെട തയ്യാറാക്കിയാണ് ഈ രീതി പിന്തുടര്‍ന്ന് പോന്നിരുന്നത്. അത് കൊണ്ടാണ് ആദ്യ രോഗം റിപ്പോര്‍ട്ട് ചെയ്ത് ആഴ്ച്ചകളോളം മൂന്ന് രോഗികളില്‍ കൊവിഡ് ബാധിതരുടെ എണ്ണം പിടിച്ചു നിര്‍ത്താന്‍ കേരളത്തിന് സാധിച്ചത്.

ആദ്യ രോഗി ആശുപത്രി വിട്ടതിന് ശേഷമാണ് കേരളത്തില്‍ പത്തനം തിട്ടയില്‍ ഇറ്റലിയില്‍ നിന്ന് വന്ന പ്രവാസികളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോട് കൂടി കേരളത്തിലെ രോഗികളുടെ എണ്ണത്തിലും വര്‍ധന രേഖപ്പെടുത്താന്‍ തുടങ്ങി.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത് കേരളത്തില്‍ 80 ശതമാനം രോഗികളും വിദേശത്തു നിന്ന് വന്നവരാണെന്നും 20 ശതമാനം പേര്‍ക്ക് മാത്രമേ ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നിട്ടുള്ളൂ എന്നുമാണ്. സമൂഹ വ്യാപനത്തിന്റെ സാധ്യതകള്‍ കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയും വ്യക്തമാക്കിയിരുന്നു.

ലോകാരോഗ്യ സംഘടന കൊവിഡിനെ തടയുന്നതില്‍ ഫലപ്രദമായ മാര്‍ഗം ടെസ്റ്റ് ചെയ്യുക, രോഗം തിരിച്ചറിയുക, സാമൂഹിക അകലം ശീലമാക്കുക എന്നിവയാണ് എന്ന് പറയുമ്പോഴും ഇന്ത്യയില്‍ കൊവിഡ് ടെസ്റ്റുകള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ചുരുങ്ങിയ രീതിയിലാണ് നടക്കുന്നത്. അതേ സമയം കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഇരട്ടിയിലധികമാണ് ടെസ്റ്റുകള്‍ നടക്കുന്നത്.

ശശി തരൂര്‍ എം.പിയുടെ സഹായത്താല്‍ റാപ്പിഡ് ടെസ്റ്റിങ്ങും കേരളം നടപ്പാക്കി കഴിഞ്ഞു. രാജ്യത്ത് ആദ്യമായി റാപ്പിഡ് ടെസ്റ്റിങ്ങ് നടത്തുന്ന സംസ്ഥാനമാണ് കേരളം. കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ച പോത്തന്‍കോടാണ് ആദ്യമായി റാപ്പിഡ് ടെസ്റ്റിങ്ങ് നടത്തിയത്.

കൊവിഡ് രോഗത്തിന്റെ തീവ്രത കണക്കിലെടുത്ത് ഒന്നോ രണ്ടോ കൊവിഡ് ലക്ഷണങ്ങളുളളവരെ ടെസ്റ്റു ചെയ്യുക എന്ന തലത്തിലേക്ക് കേരളം നീങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൊവിഡ് ബാധിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ആശുപത്രി വിട്ടതും കേരളത്തിലാണ്. ഇന്ത്യയില്‍ ആകെ 266 പേര്‍ രോഗവിമുക്തി നേടിയതില്‍ 50 പേരും കേരളത്തില്‍ നിന്നാണ്.

അതേ സമയം ഇന്ത്യയില്‍ ഇനിയും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉണ്ടായേക്കാം. കൃത്യമായ രീതിയില്‍ ടെസ്റ്റിങ്ങ് നടക്കാത്തതുകൊണ്ടാണ് രോഗികളുടെ എണ്ണവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ കണക്കുകള്‍ പുറത്ത് വരാത്തത് എന്നും വിലയിരുത്തലുകളുണ്ട്. ഇതിനോടകം തന്നെ 77 പേര്‍ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചു കഴിഞ്ഞു. ദിവസങ്ങള്‍ കൊണ്ടാണ് ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 3000 കടന്നത്.

 

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴിയാണ് കേരളം നിരീക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇതിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് പുറമെ 21 ദിവസത്തെ ലോക്ക് ഡൗണ്‍ സൃഷ്ടിച്ചേക്കാവുന്ന സാമൂഹിക പ്രശ്നങ്ങള്‍ നേരിടാനും സര്‍ക്കാരിന് കീഴില്‍ പദ്ധതികളുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം കമ്മ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. 20000 കോടി രൂപയുടെ പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് 19 നേരിടുന്നതിനായി മാറ്റിവെച്ചത്.

കേരളത്തേക്കാള്‍ ജനസംഖ്യകുറവുള്ള അത്യാധുനിക നഗരമായ ന്യൂയോര്‍ക്കില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് മാര്‍ച്ച് ഒന്നിനാണ്. അതായത് കേരളത്തില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് ഒരുമാസം പിന്നിടുമ്പോള്‍ ഇന്ന് ഓരോ രണ്ടര മിനിറ്റിലും ഒരാള്‍ വീതം ന്യൂയോര്‍ക്കില്‍ മരണപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ന്യൂയോര്‍ക്കില്‍ നിന്ന് പുറത്ത് വരുന്നത്. 3500ല്‍ അധികം ആളുകളാണ് കൊവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ ഇതിനോടകം മരിച്ചത്. ഇത് വ്യക്തമാക്കുന്നത് കേരളം കൃത്യമായ ജാഗ്രതയോടെ കൂടി തന്നെയാണ് കൊവിഡിനെതിരെ പൊരുതുന്നത് എന്നതാണ്.