കേരളത്തില്‍ ലോക് ഡൗണ്‍ നീട്ടുന്നതില്‍ തീരുമാനം നാളെ; നിയന്ത്രണം നിലനിര്‍ത്തുമെന്ന് മന്ത്രി കെ. രാജു
Kerala
കേരളത്തില്‍ ലോക് ഡൗണ്‍ നീട്ടുന്നതില്‍ തീരുമാനം നാളെ; നിയന്ത്രണം നിലനിര്‍ത്തുമെന്ന് മന്ത്രി കെ. രാജു
ന്യൂസ് ഡെസ്‌ക്
Tuesday, 7th April 2020, 12:31 pm

തിരുവനന്തപുരം: കേരളത്തില്‍ ലോക്ക് ഡൗണ്‍ നീട്ടുന്നതില്‍ തീരുമാനം നാളെയെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം ലോക്ഡൗണ്‍ അവസാനിച്ചാലും സംസ്ഥാനത്ത് നിയന്ത്രണം നിലനിര്‍ത്തുമെന്ന് മന്ത്രി കെ. രാജു അറിയിച്ചു.

ലോക്ക് ഡൗണ്‍ അവസാനിപ്പിക്കുന്നതില്‍ വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ തങ്ങളുടെ അഭിപ്രായം അറിയിച്ചു തുടങ്ങിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഛത്തീസ്ഗഢ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

ലോക്ക്ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് ഝാര്‍ഘണ്ടും മറ്റുസംസ്ഥാനക്കാര്‍ക്ക് പ്രവേശന പെര്‍മിറ്റ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് അസം സര്‍ക്കാരും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്തെ കൊവിഡ് വ്യാപനവും ലോക്ക്ഡൗണും സംബന്ധിച്ച് സ്ഥിതി വിലയിരുത്താന്‍ മന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ലോക്ക്ഡൗണ്‍ തുടരണോയെന്നത് സംബന്ധിച്ച് ചര്‍ച്ച സമിതി നടത്തും. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ തുടരണമെന്ന നിലപാടിലാണ്.

പല സംസ്ഥാനങ്ങളും ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ടാഴ്ച കൂടി ലോക്ക് ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി ഇന്നലെ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ