എഡിറ്റര്‍
എഡിറ്റര്‍
‘ഇനിയെത്ര പേരുടെ ചോര വേണം നിങ്ങളുടെ ദാഹം മാറാന്‍?’; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധവുമായി സാംസ്‌കാരിക കേരളം
എഡിറ്റര്‍
Wednesday 6th September 2017 10:38am

 

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാവുന്നു. രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം തന്നെ കൊലപാതകത്തിനു പിന്നാലെ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.ടി ബല്‍റാം എം.എല്‍.എ, മുന്‍ മന്ത്രി എം.എ ബേബി, മാധ്യമപ്രവര്‍ത്തകന്‍ എസ് ലല്ലു, നിര്‍മ്മാതാവും സംവിധായകനുമായ ആഷിഖ് അബു, പ്രമുഖ മോഡലിസ്റ്റ് രശ്മി നായര്‍ തുടങ്ങി നിരവധിപേരാണ് കൊലപാതകത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയത്.


Also Read:  ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ആഹ്ലാദവുമായി സംഘപരിവാറുകാര്‍; നേതൃത്വം നല്‍കി മാധ്യമപ്രവര്‍ത്തകരും


 

ഫേസ്ബുക്കിലൂടെയായിരുന്നു എല്ലാവരും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഗൗരി ലങ്കേഷ് എന്ന ഹാഷ്ടാഗോടെയായിരുന്നു പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായി നിലക്കൊണ്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും കൊലയാളികളെയും അവരുടെ ഉദ്ദേശ്യത്തെയും ജനങ്ങള്‍ക്കും നിയമത്തിനും മുന്നില്‍ കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാരിന് എത്രയും വേഗം കഴിയും എന്ന് പ്രത്യാശിക്കുന്നതായും പിണറായി പറഞ്ഞു.

പിണറായിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായി നിലക്കൊണ്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. കര്‍ണ്ണാടകത്തില്‍ പുരോഗമന – മത നിരപേക്ഷ ചിന്തകള്‍ ശക്തി പ്രാപിക്കുന്ന ഘട്ടത്തിലാണ്, കലബുര്‍ഗിയെ കൊന്ന രീതിയില്‍ ഗൗരി ലങ്കേഷിന്റെ ജീവനെടുത്തത്. കൊലയാളികളെയും അവരുടെ ഉദ്ദേശ്യത്തെയും ജനങ്ങള്‍ക്കും നിയമത്തിനും മുന്നില്‍ കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാരിന് എത്രയും വേഗം കഴിയും എന്ന് പ്രത്യാശിക്കുന്നു. മത നിരപേക്ഷതയില്‍ അടിയുറച്ച് വിശ്വസിക്കുകയും നിര്‍ഭയം മാധ്യമ പ്രവര്‍ത്തനം നടത്തുകയും ചെയ്ത ഗൗരി ലങ്കേഷിന്റെ വിയോഗത്തില്‍ അതിയായ ദു:ഖം രേഖപ്പെടുത്തുന്നു.

നിര്‍ഭയ പത്രപ്രവര്‍ത്തനത്തെ ഭയക്കുന്ന ഫാസിസ്റ്റ് ശക്തികളാണ് ഗൗരി ലങ്കേഷിനെ കൊന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മഹാത്മാഗാന്ധിയെ വധിച്ച ദുഷ്ട ശക്തികളുടെ പിന്മുറക്കാരാണ് നിറയൊഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ കൊടുങ്കാറ്റ് ഉയര്‍ന്നില്ലെങ്കില്‍ ഇവര്‍ ജനാധിപത്യത്തെ മുഴുവനായി കശാപ്പ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


Dont Miss:  ഗൗരിയുടെ കൊലപാതകം ജനാധിപത്യത്തിന്റെ കൊലപാതകം; കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്നും സിദ്ധരാമയ്യ


രമേശ് ചെന്നിത്തലയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നിര്‍ഭയ പത്രപ്രവര്‍ത്തനത്തെ ഭയക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്നു. മഹാത്മാഗാന്ധിയെ വധിച്ച ദുഷ്ട ശക്തികളുടെ പിന്മുറക്കാരാണ് നിറയൊഴിച്ചത്. പോയിന്റ് ബ്ലാങ്കില്‍ നിന്നും ഏഴുവട്ടമാണ് അജ്ഞാതന്‍ വെടിവച്ചത്. എതിര്‍ക്കുന്ന നാവുകളെ പിഴുതുമാറ്റുന്ന ഇക്കൂട്ടരാണ് കല്‍ബുര്‍ഗിയെയും ഗോവിന്ദ് പന്‍സാരയെയും ഭൂമുഖത്ത് നിന്നും ഇല്ലാതാക്കിയത്. വര്‍ഗീയ വാദികളുടെ തനിനിറം തുറന്നുകാട്ടുന്നവരെ തോക്ക് കൊണ്ടും കത്തി കൊണ്ടും വായടപ്പിക്കാനുള്ള നീക്കം സര്‍വ്വശക്തിയുമെടുത്തു നാം തടയണം. പ്രതിഷേധ കൊടുങ്കാറ്റ് ഉയര്‍ന്നില്ലെങ്കില്‍ ഇവര്‍ ജനാധിപത്യത്തെ മുഴുവനായി കശാപ്പ് ചെയ്യും.

സംഘപരിവാറിന്റെ അസഹിഷ്ണുത പത്തി വിടര്‍ത്തിയാടുന്നതിന്റെ ദുരന്തം രാജ്യം മുഴുവന്‍ അനുഭവിക്കുകയാണ്. ഇരുട്ടിന്റെ ശക്തികളെ ഒറ്റപ്പെടുത്തുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. ഗൗരി ലങ്കേഷിന്റെ വിയോഗത്തില്‍ അഗാധമായി ദുഖിക്കുന്നു. വര്‍ഗീയതയ്ക്കും അഴിമതിക്കും എതിരെ ശക്തമായ നിലപാട് എടുത്ത ധീരയായ പത്രപ്രവര്‍ത്തകയെ ആണ് രാജ്യത്തിന് നഷ്ടമായത്’

‘ഗൗരി ലങ്കേഷ് പത്രികെ’ എന്ന പ്രസിദ്ധീകരണം നടത്തിയിരുന്ന ഗൗരി ലങ്കേഷ് കര്‍ണാടകത്തിലെ ആര്‍.എസ്.എസിന്റെ കണ്ണിലെ കരടായിരുന്നെന്ന് മുന്‍ മന്ത്രിയും സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗവുമായ എം.എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു. കല്‍ബുര്‍ഗിയുടേതിനു സമാനമായ രീതിയിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും എതിര്‍ക്കുന്നത് സൂക്ഷിച്ചു വേണം എന്ന സന്ദേശമാണിവിടെ നല്‍കപ്പെടുന്നതെന്നും ബേബി പറഞ്ഞു.

എം.എ ബേബിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കര്‍ണാടകത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകയും വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്ത പൊതു പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് ബാംഗ്ലൂരിലെ വീട്ടിനുമുന്നില്‍ വെടിയേറ്റു മരിച്ചു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്.
2015ല്‍ ധാര്‍വാഡില്‍ സ്വന്തം വീട്ടില്‍ എം എം കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടത് സമാന സാഹചര്യത്തിലാണ്.

ഗൗരി ലങ്കേഷ് പത്രികെ എന്ന പ്രസിദ്ധീകരണം നടത്തിയിരുന്ന ഗൗരി ലങ്കേഷ് കര്‍ണാടകത്തിലെ ആര്‍.എസ്.എസിന്റെ കണ്ണിലെ കരടായിരുന്നു. ധാര്‍വാഡിലെ ബിജെപി എം പി യെക്കുറിച്ച് ഗൗരി പ്രസിദ്ധീകരിച്ച അഴിമതി വാര്‍ത്ത അപമാനകരമാണെന്ന് കാണിച്ച് ഗൗരിക്കെതിരെ അവര്‍ കേസ് കൊടുത്തിരുന്നു.

കല്‍ബുര്‍ഗിക്കു ശേഷം തന്നെയും നിശബ്ദയാക്കണമെന്ന് മോദി ഭക്തര്‍ക്കുണ്ടെന്ന് ഗൗരി പറഞ്ഞിരുന്നു.
ആര്‍ എസ് എസിനെ എതിര്‍ക്കുന്ന എഴുത്തുകാരെയും ബുദ്ധിജീവിളെയും തിരഞ്ഞു പിടിച്ചു വധിക്കുന്ന ഈ രീതി തികഞ്ഞ ഫാഷിസ്റ്റ് സ്വഭാവമുള്ളതാണ്. ഇന്ത്യയിലെ സ്വതന്ത്ര പത്രപ്രവര്‍ത്തനം വലിയൊരു വെല്ലുവിളി നേരിടുകയാണ്. ആര്‍.എസ്.എസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും എതിര്‍ക്കുന്നത് സൂക്ഷിച്ചു വേണം എന്ന സന്ദേശമാണിവിടെ നല്കപ്പെടുന്നത്.


You Must read This: ‘പാലിയം സത്യാഗ്രഹത്തിന് പട നയിച്ചതിനല്ല ദിലീപ് ജയിലിലായത്’; ആക്രമിക്കപ്പെട്ട നടിയെക്കാണാന്‍ എത്ര നടന്‍മാര്‍ എത്തിയെന്ന് ഡോ. എം.സുമിത്ര


കല്‍ബുര്‍ഗിയെ കൊന്നുതള്ളിയവര്‍, അനന്തമൂര്‍ത്തിയുടെ മരണത്തില്‍ ആഹ്ലാദനൃത്തം ചവിട്ടിയവര്‍, ഇപ്പോഴിതാ ഗൗരി ലങ്കേഷിനെയും അറുംകൊല ചെയ്തിരിക്കുന്നു. എന്നാണ്‌ വി.ടി ബല്‍റാം എം.എല്‍.എ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

അവര്‍ക്ക് ഭയം ആശയങ്ങളെയാണ്. അതുകൊണ്ടുതന്നെ ശബ്ദിക്കുന്ന നാവുകള്‍ക്ക് ഇടര്‍ച്ചകളല്ല, തുടര്‍ച്ചകളാണുണ്ടാവേണ്ടത്.
പ്രതിഷേധിക്കുക, പരമാവധി ഉച്ചത്തില്‍, പരമാവധി ശക്തിയിലെന്നും അദ്ദേഹം പറയുന്നു.

ബല്‍റാമിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കല്‍ബുര്‍ഗിയെ കൊന്നുതള്ളിയവര്‍,
അനന്തമൂര്‍ത്തിയുടെ മരണത്തില്‍ ആഹ്ലാദനൃത്തം ചവിട്ടിയവര്‍,
ഇപ്പോഴിതാ ഗൗരി ലങ്കേഷിനെയും അറുംകൊല ചെയ്തിരിക്കുന്നു.
അവര്‍ക്ക് ഭയം ആശയങ്ങളെയാണ്.
അതുകൊണ്ടുതന്നെ ശബ്ദിക്കുന്ന നാവുകള്‍ക്ക് ഇടര്‍ച്ചകളല്ല, തുടര്‍ച്ചകളാണുണ്ടാവേണ്ടത്.
പ്രതിഷേധിക്കുക,
പരമാവധി ഉച്ചത്തില്‍,
പരമാവധി ശക്തിയില്‍.

വിഷയത്തില്‍ പ്രതികരിച്ച മാധ്യമപ്രവര്‍ത്തകന്‍ എസ് ലല്ലു ‘മിണ്ടരുത് എന്നാണ് അവരുടെ കല്‍പ്പനയെന്നും ഇനിയെത്ര പേരുടെ ചോര വേണം നിങ്ങളുടെ ദാഹം മാറാനെന്നും ചോദിക്കുന്നു. ‘അജ്ഞാതരുടെ’ വെടിയേറ്റ് മരിച്ച മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന് ആദരാഞ്ജലികളെന്നും അദ്ദേഹം പറയുന്നു.

സംവിധായകനും നിര്‍മ്മാതാവുമായ ആഷിഖ് അബു കൊലപാതകത്തില്‍ പ്രതിഷേധം അറിയിക്കുന്നെന്നും കൊല്ലാം എന്നാല്‍ തോല്‍പ്പിക്കാനാവില്ലെന്നും പറഞ്ഞു.

വിഷയത്തില്‍ പ്രതികരിച്ച രശ്മി നായര്‍ ആശയങ്ങളെ ഇല്ലാതാക്കാം എന്ന് കരുതുന്ന വിഡ്ഢികള്‍ ആണവര്‍ അല്ലെങ്കില്‍ അവര്‍ ഗാന്ധിയെ കൊല്ലില്ലല്ലോ എന്നാണ് പറഞ്ഞത്. അവര്‍ കൂടുതല്‍ അടുത്തു വന്നുകൊണ്ടിരിക്കുകയാണെന്നും അവരുടെ തോക്കുകള്‍ ശബ്ദിക്കുന്നത് എനിക്കിപ്പോള്‍ വ്യക്തമായി കേള്‍ക്കാമെന്നും അവര്‍ പറയുന്നു.

രശ്മി നായരുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കടുത്ത RSS വിമര്‍ശക ഗൗരീ ലങ്കേഷും കൊല്ലപ്പെട്ടു നമ്മള്‍ ചുറ്റി നടക്കുന്ന ബാംഗ്ലൂരില്‍. അവര്‍ കൂടുതല്‍ അടുത്തു വന്നുകൊണ്ടിരിക്കുന്നു അവരുടെ തോക്കുകള്‍ ശബ്ദിക്കുന്നത് എനിക്കിപ്പോള്‍ വ്യക്തമായി കേള്‍ക്കാം. വ്യക്തികളെ കൊന്നാല്‍ ആശയങ്ങളെ ഇല്ലാതാക്കാം എന്ന് കരുതുന്ന വിഡ്ഢികള്‍ ആണവര്‍ അല്ലെങ്കില്‍ അവര്‍ ഗാന്ധിയെ കൊല്ലില്ലല്ലോ.
യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടുമ്പോള്‍ ഭയം ഒരുതരം നിര്‍വികാരതക്കു വഴിമാറും പിന്നെയാ നിര്‍വികാരത ഒരുതരം ലഹരിയായി മാറും, ഞാനാ ലഹരിയിലാണ്.’

അതേസമയം സംഘപരിവാര്‍ ക്യാമ്പുകള്‍ ഗൗരി ലങ്കേഷിന്റെ മരണത്തിനു പിന്നാലെ ആഹ്ലാദം പ്രകടിപ്പിച്ചും രംഗത്തെത്തിയിട്ടുണ്ട്. സംഘപരിവാര്‍ അനുകൂല മാധ്യമപ്രവര്‍ത്തകരും ഗൗരി ലങ്കേഷിന്റെ മരണത്തിലെ ആഹ്ലാദം പരസ്യമായി രേഖപ്പെടുത്തിയിരുന്നു.

Advertisement