കേരള-കര്‍ണാടക അതിര്‍ത്തി പ്രശ്‌നത്തിന് പരിഹാരമായതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍
India
കേരള-കര്‍ണാടക അതിര്‍ത്തി പ്രശ്‌നത്തിന് പരിഹാരമായതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ന്യൂസ് ഡെസ്‌ക്
Tuesday, 7th April 2020, 12:11 pm

ന്യൂദല്‍ഹി: കേരള-കര്‍ണാടക അതിര്‍ത്തി പ്രശ്‌നത്തിന് പരിഹാരമായതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചത്.

പ്രശ്‌നം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നാണ് സുപ്രീം കോടതിയെ അദ്ദേഹം അറിയിച്ചത്. കര്‍ണാടക അതിര്‍ത്തി അടച്ച വിഷയത്തില്‍ ധാരണയായെന്നും രോഗികളുമായി പോകുന്ന വാഹനങ്ങള്‍ തലപ്പാടി വഴി വിടാന്‍ കരാറാക്കിയതായും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

സംസ്ഥാനങ്ങള്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ കേസ് തീര്‍പ്പാക്കുകയാണെന്ന് സുപ്രീം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അതേസമയം കാസര്‍ഗോഡ് നിന്നുള്ള കൊവിഡ് ഇല്ലാത്ത രോഗികളെ മംഗളൂരുവിലേക്ക് കടത്തി വിടാമെന്ന് അറിയിച്ചെങ്കിലും കര്‍ണാടക ഇന്നും വാക്ക് പാലിച്ചിട്ടില്ല.

ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ വരെ തലപ്പാടിയില്‍ ഇന്നും തടയുകയാണ്. തലപ്പാടി ചെക്ക്പോസ്റ്റില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തിയാല്‍ കര്‍ണാടകയിലെ മെഡിക്കല്‍ സംഘം പരിശോധിച്ച് കടത്തിവിടുമെന്നായിരുന്നു കര്‍ണാടക കേരളത്തെ ഇന്നലെ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പറയുകയും ചെയ്തിരുന്നു.

എന്നാല്‍ ഇന്ന് ഈ സമയം വരെ മെഡിക്കല്‍ സംഘം തലപ്പാടിയില്‍ എത്തിയിട്ടില്ല. രോഗികള്‍ എത്തിയാല്‍ തടയുമെന്നാണ് പൊലീസ് ഇന്ന് രാവിലെയും മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.

‘ഞങ്ങള്‍ക്ക് ഒരു ഉത്തരവും ലഭിച്ചിട്ടില്ല. ആര് വന്നാലും തടയും. ദയവായി നിങ്ങള്‍ അങ്ങനെയുള്ള രോഗികളെ കൊണ്ടുവരരുത്. ഇവിടേക്ക് കൊണ്ടുവരുന്നതിന് പകരം നിങ്ങള്‍ പരിയാരത്തേക്ക് കൊണ്ടുപോകൂ’ എന്നാണ് ഇന്ന് കര്‍ണാടക പൊലീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ