| Thursday, 26th January 2012, 10:00 am

കേരളാ ഗവര്‍ണ്ണര്‍ എം.ഒ.എച്ച് ഫാറൂഖ് അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കേരളാ ഗവര്‍ണ്ണര്‍ എം.ഒ.എച്ച് ഫാറൂഖ് (75) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 9.10 നായിരുന്നു അന്ത്യം. വൃക്ക രോഗം മൂലം ഒന്നര മാസമായി ചികില്‍സയിലായിരുന്നു എം.ഒ.എച്ച് ഫാറൂഖ്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 25നാണ് കേരളാ ഗവര്‍ണ്ണറായി എം.ഒ.എച്ച് ഫാറൂഖ് നിയമിതനായത്. മൂന്ന് തവണ പോണ്ടിച്ചേരി മുഖ്യമന്ത്രിയായിരുന്നു. മൂന്ന് തവണ ലോകസഭാ അംഗവും രണ്ട് തവണ കേന്ദ്ര മന്ത്രിസഭാ അംഗവുമായിരുന്നു അദ്ദേഹം. സൗദിയിലെ ഇന്ത്യന്‍ അംബാസിഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1937 സെപ്തംബര്‍ 6ന് പോണ്ടിച്ചേരി കാരയ്ക്കലില്‍ ജനിച്ച എം.ഒ.എച്ച് ഫാറൂഖ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഫ്രഞ്ചു സേനയില്‍ നിന്നും പോണ്ടിച്ചേരിയെ മോചിപ്പിക്കാനുള്ള സമരത്തിലും പങ്കാളിയായിരുന്നു.

ഗവര്‍ണ്ണറുടെ നിര്യാണത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗന്ധി എന്നിവര്‍ അനുശോചിച്ചു. ഗവര്‍ണറുടെ മരണത്തെത്തുടര്‍ന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി തിരുവനന്തപുരത്തേക്കു തിരിച്ചു. മുഖ്യമന്ത്രിയുടെ നാളത്തെ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.

ഗവര്‍ണ്ണറുടെ നിര്യാണത്തെ തുടര്‍ന്ന് നാളെ സംസഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപ്പുരത്ത് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. കേരളത്തില്‍ ഏഴു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Malayalam News
Kerala News in English

We use cookies to give you the best possible experience. Learn more