Administrator
Administrator
എജ്യുസാറ്റ് ഗവ.കോളജുകളിലേക്ക്
Administrator
Wednesday 24th February 2010 8:55pm

തിരുവനന്തപുരം: എജ്യുസാറ്റിലൂടെയുള്ള സാറ്റലൈറ്റ് വിദ്യാഭ്യാസം രണ്ട് കോടി രൂപ ചിലവിട്ട് കേരളത്തിലെ എല്ലാ ഗവണ്മെന്റ് കോളജുകളിലും നടപ്പാക്കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനം. എല്ലാ ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളജുകളിലും കൂടുതല്‍ പി ജി കോഴ്‌സുകള്‍ ആരംഭിക്കുന്നത് പരിഗണിക്കും. സംസ്ഥാനത്ത് കൂടുതല്‍ ഐ ഐ ടികള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. സംസ്ഥാനത്ത് മലയാളം സര്‍വ്വകലാശാല സ്ഥാപിക്കാനുള്ള സാധ്യതകള്‍ പഠിക്കുകയാണെന്നും നയപ്രഖ്യാപനം പറയുന്നു. എജ്യുസാറ്റ് ഉപയോഗിച്ചുള്ള ഐ ടി പരിശീലനം, ഹിന്ദി, ഇംഗ്ലീഷ് ഭാഷാകോഴ്‌സുകള്‍, ഐ ടി സാക്ഷരതാ കോഴ്‌സുകള്‍ എന്നിവ നടപ്പാക്കും. വിദ്യാര്‍ഥികള്‍ക്ക് പരിശീലനം കഴിഞ്ഞയുടനെ തൊഴില്‍ ലഭിക്കാന്‍ ട്രെയിനിംഗ് കൗണ്‍സിലിംഗ് ആന്റ് പ്ലേസ്‌മെന്റ് സെല്‍സ്(ടി സി പി സി) സ്ഥാപിക്കും.

പോസ്റ്റ് മെട്രിക്-പ്രീമെട്രിക് ഹോസ്റ്റ#ലുകളിലെ നോണ്‍ മെസ് അലവന്‍സ് ഈ വര്‍ഷം വര്‍ധിപ്പിക്കും. എസ് സി, എസ് ടി വിഭാഗങ്ങളുടെ പഠനനിലവാരം വര്‍ധിപ്പിക്കുന്നതിനായി ആവശ്യമുള്ളയിടങ്ങളില്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും ഇന്റസ്ട്രിയല്‍ ട്രെയിനിംഗ് സെന്ററുകളും പ്രീ-എക്‌സാമിനേഷന്‍ സെന്ററുകളും ആരംഭിക്കും. സാമൂഹ്യമായും സാംസ്‌ക്കാരികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കായുള്ള വിദ്യാഭ്യാസ സഹായം ഈ വര്‍ഷം വര്‍ധിപ്പിക്കും.

കോളജ് വിദ്യാര്‍ഥികള്‍ക്ക് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സംവിധാനത്തില്‍ കഴിവ് വികസിപ്പിക്കുന്നതിനായി ഫ്രീ ആന്റ് ഓപണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍ ടെക്‌നിക്കല്‍ കോംപിറ്റന്‍സി എന്റര്‍പ്രെനര്‍ഷിപ്പ് ആന്റ് റിസര്‍ച്ച് (ഫോസ്റ്റര്‍ ) സംരംഭം നടപ്പാക്കും. ഇതിലൂടെ അംഗീകാരമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോജക്ടുകള്‍ ഏറ്റെടുത്ത് ചെയ്യാനായി വിദ്യാര്‍ഥികള്‍ക്ക് ഗ്രാന്റ് അനുവദിക്കും.

കേരള സ്റ്റേറ്റ് സയന്‍സ് ആന്റ് ടെക്‌നോളജി മ്യൂസിയത്തിന്റെ കീഴില്‍ അമ്പലപ്പുഴയിലും ചാലക്കുടിയിലും റീജിയനല്‍ സയന്‍സ് സെന്ററുകള്‍ സ്ഥാപിക്കും. കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വല്‍ ആന്റ് റിപ്പോഗ്രാഫിക് സെന്ററില്‍ ട്രഷറി, ബാങ്ക് ചെക്ക് ലീഫുകള്‍ അച്ചടിക്കാന്‍ രഹസ്യസ്വഭാവമുള്ള പ്രിന്റിംഗ് യൂനിറ്റ് ഈ വര്‍ഷം സ്ഥാപിക്കും. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ പാരമ്പര്യ സംരക്ഷണത്തെ സംബന്ധിച്ച് ഒരു നാഷണല്‍ ഡോക്യുമെന്ററി ഹെറിട്ടേജ് കോണ്‍ഗ്രസ് സംഘടിപ്പിക്കും.

കുണ്ടറ വിളംബരത്തിന്റെ 200-ാം വാര്‍ഷികവും പഴശ്ശിരാജയുടെ 203-ാം ചരമാര്‍ഷികവും പ്രമാണിച്ച് ഈ വര്‍ഷം വിവിധ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കും. നഗരസഭകളുടെ ചുമതലയില്‍ സിനിമാതിയ്യേറ്ററുകളില്ലാത്ത എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം തന്നെ തിയ്യേറ്ററുകള്‍ നിര്‍മ്മിക്കും.

പാരമ്പര്യ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനായി അടുത്ത സാമ്പത്തിക വര്‍ഷം എല്ലാ ജില്ലകളിലും ഹെരിറ്റേജ് സെന്ററുകള്‍ ആരംഭിക്കും. രാജാരവിവര്‍മ്മയുടേതടക്കമുള്ള ചിത്രങ്ങളും മറ്റ് കലാരൂപങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനായി ശാസ്ത്രീയമായി ഡിസൈന്‍ ചെയ്ത ഒരു ആര്‍ട് ഗാലറിയും കേരള ലളിതകലാഅക്കാദമിയുമായി ചേര്‍ന്ന് ഒരു ആര്‍ട് സ്റ്റുഡിയോയും പുന്നയൂര്‍ക്കുളത്ത് കേരള സാഹിത്യ അക്കാദമിയുടെ കീഴില്‍ കമലാസുരയ്യ മെമ്മോറിയല്‍ റിസര്‍ച്ച് സെന്ററും കാസര്‍കോട്ട് കേരള ഫോക്‌ലോര്‍ അക്കാദമിയുടെ കീഴില്‍ ഫോക് മ്യൂസിയവും സ്ഥാപിക്കും. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാംഗ്വോജസ് ഒരു റിസര്‍ച്ച് സെന്റര്‍ ആരംഭിക്കാനൊരുങ്ങുന്നുണ്ട്. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷന്‍സിന്റെ കീഴില്‍ അറിവ് സംഭരണ കേന്ദ്രം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

Advertisement