കേരള പൊലീസ് നിയമ ഭേദഗതി; പരാതികളില്‍ നടപടിയെടുക്കരുതെന്ന് ഡി.ജി.പി; ഭേദഗതി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍
Kerala News
കേരള പൊലീസ് നിയമ ഭേദഗതി; പരാതികളില്‍ നടപടിയെടുക്കരുതെന്ന് ഡി.ജി.പി; ഭേദഗതി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍
ന്യൂസ് ഡെസ്‌ക്
Tuesday, 24th November 2020, 2:29 pm

കൊച്ചി: കേരള പൊലീസ് നിയമ ഭേദഗതിയില്‍ വരുന്ന പരാതിയില്‍ നടപടിയെടുക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ. പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കരുതെന്നാണ് ഡി.ജി.പി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം നേരിട്ടതായുള്ള പരാതികള്‍ ലഭിച്ചാല്‍ പൊലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ആദ്യം ബന്ധപ്പെടണമെന്നും അവിടെ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കണം തുടര്‍നടപടികള്‍ എടുക്കേണ്ടതെന്നും ഡി.ജി.പി സര്‍ക്കുലറിലൂടെ വ്യക്തമാക്കി.

അതേസമയം പൊലീസ് നിയമ ഭേദഗതി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഭേദഗതിയെ ചോദ്യം ചെയ്ത് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എന്നിവര്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.

നിയമം പരിഷ്‌കരിക്കും വരെ പുതിയ നിയമം നിലനില്‍ക്കുമെങ്കിലും അതിന്റെ പരിധിയില്‍പ്പെടുന്ന കേസുകള്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്. ഹരജികള്‍ അടുത്ത ദിവസം കോടതി വീണ്ടും പരിഗണിക്കും.

ശനിയാഴ്ചയാണ് സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയ്ക്ക് അനുമതി നല്‍കിയത്. പൊലീസ് നിയമത്തില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഭേദഗതി ചെയ്തിരിക്കുന്നത്.

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്.

2000ത്തിലെ ഐ.ടി ആക്ടിലെ 66എ വകുപ്പും 2011 ലെ കേരള പൊലീസ് ആക്ടിലെ 118(ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കാണിച്ച് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പകരം സുപ്രീം കോടതി മറ്റു നിയമങ്ങളൊന്നും കൊണ്ട് വന്നിരുന്നില്ല. ഇതിനെ നേരിടാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ട് വന്നത്.

ഭേദഗതിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെതിരെ സി.പി.ഐ.എം ദേശീയ നേതൃത്വം ഇടപെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഭേദഗതി പിന്‍വലിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രക്കുറിപ്പിറക്കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala government informed the High court that they will reform the new police act