ധൂര്‍ത്ത് ആരോപണങ്ങളെ അസ്ഥാനത്താക്കി സര്‍ക്കാര്‍ ഹെലികോപ്റ്ററിന്റെ ആദ്യയാത്ര ഹൃദയവുമായി
ന്യൂസ് ഡെസ്‌ക്

കേരളസര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യയാത്ര ഒരു ജീവന്‍ രക്ഷാദൗത്യം നിറവേറ്റിയ യാത്രയായി മാറിയിരിക്കുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശി ലാലി ഗോപകുമാറിന്റെ ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും കൊച്ചിയിലേക്ക് കൊണ്ടുപോയത് കേരളസര്‍ക്കാരിന്റെ ഹെലികോപ്റ്ററിലാണ്. ലിസി ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗിക്കു വേണ്ടി ഹൃദയവുമായി പൊലീസ് ഹെലികോപ്റ്റര്‍ 3.55ന് ഹയാത്തിലെ ഹെലിപാഡില്‍ ഇറങ്ങുകയായിരുന്നു. ഒരു ജീവന്റെ തുടിപ്പുമായാണ് ഹെലികോപ്റ്റര്‍ പറന്നിറങ്ങിയിരിക്കുന്നത്. അവയവദാന ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട്.

കഴക്കൂട്ടം എല്‍.പി സ്‌കൂള്‍ അധ്യാപികയായ ലാലിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതോടെ കുടുംബം അവയവദാനത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ ലിസി ആശുപത്രിയില്‍ കഴിയുന്ന കോതമംഗലം സ്വദേശിനിക്ക് ഹൃദയം ആവശ്യമുണ്ടെന്നറിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഒട്ടും വൈകാതെ തന്നെ ഹെലികോപ്റ്റര്‍ അനുവദിച്ചു നല്‍കുകയായിരുന്നു.

സര്‍ക്കാരിന്റെ മൃതസജ്ജീവനി പദ്ധതി വഴിയാണ് അവയവം കൈമാറുന്നത്. ഒരു മാസമായി സര്‍ക്കാരിന്റെ അവയവദാന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു കോതമംഗലം സ്വദേശിനി. ഡോക്ടര്‍ ജോസ് ചാക്കോ അടക്കമുള്ള മെഡിക്കല്‍ സംഘമാണ് ഹൃദയം വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലേക്ക് എത്തിയിരിക്കുന്നത്.

ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍സായി ഉപയോഗിക്കുന്നതിലൂടെ സ്വീകര്‍ത്താവിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ അവയവം എത്തിക്കാനും ശസ്ത്രക്രിയ നടത്താനുമാണ് സാധിച്ചിരിക്കുന്നതെന്നും അവയവ ധാനം നടത്തിയവരുടെ മഹത്വമാണ് ഇതിലൂടെ കാണാന്‍ സാധിക്കുന്നതെന്നുമാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രതികരിച്ചത്.

ഒരു കോടി 76 ലക്ഷം രൂപ മുടക്കില്‍ സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ വന്‍ ധൂര്‍ത്താണെന്ന് പ്രതിപക്ഷം തുടര്‍ച്ചയായി ആരോപണമുന്നയിച്ചിരുന്നു. അടിയന്തര ഘട്ടത്തില്‍ അതിവേഗമെത്താന്‍ പൊലീസിന് ഹെലികോപ്ടര്‍ വേണമെന്നായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നത്. ലോക്ക് ഡൗണില്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഹൃദയവുമായി എയര്‍ ആംബുലന്‍സായി സര്‍ക്കാരിന്റെ വാടക ഹെലികോപ്ടര്‍ പറന്നുയരുമ്പോള്‍ പ്രതിപക്ഷത്തിന്റെ ധൂര്‍ത്ത് ആരോപണങ്ങള്‍ അസ്ഥാനത്തായി പോയിരിക്കുന്നുവെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍.

കേരളം വാടകയ്ക്ക് എടുത്ത പവന്‍ ഹംസിന്റെ എ.എസ് 365 ഡൗഫിന്‍ എന്‍ ഹെലികോപ്റ്റര്‍ കഴിഞ്ഞ മാസം പകുതിയോടെയായിരുന്നു തിരുവനന്തപുരത്ത് എത്തിയത്. 10 സീറ്റുള്ള ഫ്രഞ്ച്നിര്‍മ്മിത ഹെലികോപ്റ്ററാണ് ഇത്.

ഹെലികോപ്റ്ററിന്റെ ആദ്യ യാത്ര തന്നെ ജീവന്‍ രക്ഷാമാര്‍ഗങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരോഗ്യപ്രവര്‍ത്തകരും.