മണിമലയാര്‍ പിഴുതെടുത്ത ആ വീടിനൊപ്പം പൊലിഞ്ഞത് മകളുടെ വിവാഹസ്വപ്‌നവും; ഇനിയെന്തെന്നറിയാതെ മുണ്ടക്കയം സ്വദേശി പ്രദീപും കുടുംബവും
Kerala
മണിമലയാര്‍ പിഴുതെടുത്ത ആ വീടിനൊപ്പം പൊലിഞ്ഞത് മകളുടെ വിവാഹസ്വപ്‌നവും; ഇനിയെന്തെന്നറിയാതെ മുണ്ടക്കയം സ്വദേശി പ്രദീപും കുടുംബവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th October 2021, 11:48 am

കോട്ടയം: കനത്ത മഴയേയും ഉരുള്‍പൊട്ടലിനേയും തുടര്‍ന്ന് കുതിച്ചെത്തിയ മണിമലയാര്‍ വീടുകള്‍ പാടെ പിഴുതെടുത്തു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയകളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

മണിമലയാറിന്റെ തീരത്തുള്ള മുണ്ടക്കയം പ്രദീപിന്റെ വീട് പൂര്‍ണമായി കുത്തിയൊലിച്ചുപോകുന്ന ദൃശ്യങ്ങളായിരുന്നു ഇതില്‍ വലിയ രീതിയില്‍ കാഴ്ചക്കാരെ അമ്പരപ്പിച്ചത്.

തന്റെ ജീവിതത്തിലെ വലിയൊരു സമ്പാദ്യമായിരുന്നു ആ വീടെന്ന് പറയുകയാണ് പ്രദീപ്. ഇപ്പോള്‍ ഉടുതുണിയല്ലാതെ തങ്ങളുടെ കൈയില്‍ മറ്റൊന്നും ഇല്ലെന്നും പ്രദീപ് പറയുന്നു.

27 വര്‍ഷത്തെ എന്റെ പ്രയത്‌നമായിരുന്നു ആ വീട്. മാത്രമല്ല തന്റെ മകളുടെ വിവാഹാവശ്യത്തിനായി കരുതി വെച്ചിരുന്ന പണം പോലും ഈ സമയം അപഹരിക്കപ്പെട്ടു. സര്‍ക്കാര്‍ കനിഞ്ഞാല്‍ മാത്രമേ ഇനി തങ്ങള്‍ക്കൊരു ജീവിതം ഉള്ളൂവെന്നും പ്രദീപ് പറയുന്നു.

ഞാനൊരു സ്വകാര്യ ബസ് ഡ്രൈവറാണ്. സംഭവം നടക്കുമ്പോള്‍ ഞാന്‍ ബസില്‍ ആയിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബസ് കുടുങ്ങിക്കിടക്കുകയായിരുന്നു. എന്റെ ഭാര്യയും മകളും മാത്രമേ ആ സമയത്ത് ഇവിടെ ഉണ്ടായിരുന്നുള്ളൂ.

മകളുടെ വിവാഹാവശ്യത്തിനായി കരുതി വെച്ചിരുന്ന പണം പോലും നഷ്ടപ്പെട്ടു. വലിയ രീതിയില്‍ വെള്ളം കുത്തിയൊലിച്ച് എത്തിയതോടെ പൈസയും എടുത്തുകൊണ്ട് ഭാര്യയും മകളും വീട്ടില്‍ നിന്ന് ഇറങ്ങി. പുറത്ത് എത്തിയപ്പോഴാണ് വീട് പൂര്‍ണമായും വെള്ളത്തിലേക്ക് തകര്‍ന്നു വീഴുന്നത്. ഈ കാഴ്ച കണ്ട് ഭാര്യ തലകറങ്ങി വീണു.

ഇപ്പോള്‍ ഞങ്ങള്‍ ജേഷ്ഠന്റെ വീട്ടിലാണ് താമസിക്കുന്നത്. ഉടുതുണിയല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്ക് കിട്ടിയില്ല. ബാക്കിയെല്ലാം ആറ്റിലൂടെ ഒലിച്ചുപോയി. മന്ത്രിമാരും എം.എല്‍.എമാരും എല്ലാവരും വന്നിരുന്നു. ശരിയാക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സഹായിച്ചാല്‍ മാത്രമേ ഇനി ഞങ്ങള്‍ക്കൊരു ജീവിതം ഉള്ളൂ, പ്രദീപ് പറയുന്നു. 35ഓളം വീടുകളാണ് ഈ പ്രദേശത്ത് മാത്രം പൂര്‍ണമായും തകര്‍ന്നത്. ഭാഗികമായി തകര്‍ന്നത് നൂറിലേറെ വീടുകളാണ്.

View this post on Instagram

A post shared by Times Now (@timesnow)

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala Flood Manimalayar Houses Collapse