പ്രളയം കഴിഞ്ഞ ഒരുവര്‍ഷം; നഷ്ടപരിഹാരം ലഭിച്ചത് 3,71,897 കര്‍ഷകര്‍ക്ക്; നഷ്ടപരിഹാര തുക 191 കോടി
Agriculture
പ്രളയം കഴിഞ്ഞ ഒരുവര്‍ഷം; നഷ്ടപരിഹാരം ലഭിച്ചത് 3,71,897 കര്‍ഷകര്‍ക്ക്; നഷ്ടപരിഹാര തുക 191 കോടി
ന്യൂസ് ഡെസ്‌ക്
Thursday, 8th August 2019, 6:19 pm

കോഴിക്കോട്: കേരളം മുഴുവന്‍ ഭീതിയോടെ നോക്കി കണ്ട മഹാപ്രളയം കഴിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ കാര്‍ഷിക മേഖലയില്‍ ഉണ്ടായ ന്ഷ്ടം നികത്തുന്നതിനായി ചിലവഴിച്ചക് 191.73 കോടി രൂപയാണെന്ന് കണക്കുകള്‍.

സംസ്ഥാനത്തെ വിവിധ ജില്ലാ ഭരണകുടങ്ങളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും സര്‍ക്കാരിന് നല്‍കിയ കണക്കുപ്രകാരമാണ് ഇത്. ദുരന്തനഷ്ടങ്ങളെക്കുറിച്ച് 2018 ആഗസ്ത് 30 ന് മുഖ്യമന്ത്രി പുറത്തിറക്കിയ എസ്റ്റിമേറ്റില്‍ 20000 കോടി രൂപയാണ് പ്രളയം വരുത്തിവെച്ച ആകെ നഷ്ടമായി കണക്കാക്കിയിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 26ന് ഐക്യരാഷ്ട്ര സഭയുടെ സംഘം മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ 31000 കോടിയാണ് നഷ്ടം

ഇതില്‍ കാര്‍ഷിക മേഖലയില്‍ ആകെ നശിച്ചത് 98,279.34 ഹെക്ടര്‍ ഭുമിയാണ്. അദ്യഘട്ട കണക്കെടുപ്പിനുശേഷമുള്ള റിപ്പോര്‍ട്ടനുസരിച്ച് 57,000 ഏക്കര്‍ ഭൂമിയെയാണ് പ്രളയം ബാധിച്ചത്് എന്നായിരുന്നു കണക്കാക്കിയിരുന്നത്. 3.14 ലക്ഷം കര്‍ഷകര്‍ പ്രളയദുരിതം അനുഭവിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇതില്‍ നശിച്ച 98,279.34 ഹെക്ടര്‍ ഭുമിയില്‍ 3,71,897 കര്‍ഷകര്‍ക്ക് മാത്രമാണ് ദുരിതാശ്വാസതുക ലഭിച്ചത്. എന്നാല്‍, ഏക്കര്‍ കണക്കിന് വിളവെടുപ്പിന് പാകമായ കാര്‍ഷിക വിളകള്‍ നശിച്ചുപോയ കര്‍ഷകരില്‍ പലര്‍ക്കും തുച്ഛമായ നഷ്ടപരിഹാരമാണ് ലഭിച്ചതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നു.

കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയം കാര്‍ഷിക മേഖലയില്‍ മാത്രം 5,000 കോടിയിലേറെ രൂപയുടെ വിളനാശം ഉണ്ടാക്കിയിട്ടുണ്ടെന്ന് കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി. എസ്. സുനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ 191 കോടി രൂപയുടെ നഷ്ടപരിഹാരം മാത്രമാണ് ജൂലായ് മാസം വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ ഉണ്ടായത്. കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ നശനഷ്ടമുണ്ടായത് മലപ്പുറം ജില്ലയില്‍ മലയോര മേഖലയായ കരുവാരകുണ്ടാണ്.

എന്നാല്‍ ഇവിടെ തുച്ഛമായ നഷ്ടപരിഹാരം മാത്രമേ നല്‍കിയിട്ടുള്ളു. അഞ്ചേക്കര്‍ ജാതി തോട്ടവും 700 കിലോ ജാതി, ജാതിപത്രിക എന്നിവയും നശിച്ച കര്‍ഷക കുടുംബത്തിന് 1,90,000 രൂപ മാത്രമാണ് കാര്‍ഷിക നഷ്ടപരിഹാരമായി കരുവാരകുണ്ടില്‍ ലഭിച്ചത്.

 

ജില്ലകളില്‍ ഏറ്റവും നാശമുണ്ടായത് എറണാകുളം ജില്ലയ്ക്കാണ്. 23,518.89 ഹെക്ടര്‍ കൃഷിയാണ് ഇവിടെ നശിച്ചത്. ആലപ്പുഴ ജില്ലയില്‍ 18,460 ഹെക്ടര്‍ , വയനാട് 12,400 ഹെക്ടര്‍ , ഇടുക്കി 11,579.42 ഹെക്ടര്‍ എന്നിങ്ങനെയാണ് കുടുതല്‍ നാശനഷ്ടമുണ്ടായ ജില്ലകളിലെ കണക്ക്

കണക്കാക്കുവാന്‍ സാധിക്കാത്ത അത്രയും നാശനഷ്ടങ്ങളാണ് കാര്‍ഷിക മേഖലയില്‍ ഉണ്ടായിട്ടുള്ളതെന്നും മാനദണ്ഡങ്ങള്‍ക്കതീതമായ സഹായം കര്‍ഷകര്‍ക്ക് ലഭ്യമാക്കി തുടങ്ങിയിട്ടുണ്ടെന്നും കൃഷി മന്ത്രി പ്രളയ സമയത്ത് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ കൃഷിക്ക് ഉപയോഗിക്കാന്‍ കഴിയാത്ത രീതിയില്‍ മണ്ണ് മോശമായെന്ന് കാര്‍ഷിക സര്‍വ്വകലാശാല കണ്ടെത്തിയിരുന്നു. മണ്ണിനും വിത്തുകള്‍ക്കുമുണ്ടായ അനാരോഗ്യകരമായ മാറ്റങ്ങള്‍ പഠിക്കാനും കര്‍ഷകരുടെ നഷ്ടം നികത്താനും ആവശ്യമായ പദ്ധതികള്‍ രൂപീകരിക്കാനുമുള്ള ചുമതല കേരള കാര്‍ഷിക സര്‍വ്വകലാശാലക്കാണ്.

പ്രളയാനന്തരം കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നുള്ള വിവിധ സംഘങ്ങള്‍ ഓരോ ജില്ലകളിലുമെത്തി മണ്ണ് പരിശോധന നടത്തിയിരുന്നു. മണ്ണിന്റെ ഘടനക്ക് പ്രാദേശികമായി തന്നെ മാറ്റം സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് കാര്‍ഷിക സര്‍വ്വകലാശാല ഡയറക്ടര്‍ ഇന്ദിരാ ദേവി ഡൂള്‍ന്യൂസിനോടു പറഞ്ഞത്. ഓരോ പ്രദേശത്തിന്റെയും സവിശേഷതകള്‍ക്കനുസരിച്ച് നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് ഇടുക്കിയില്‍ മേല്‍മണ്ണ് പൂര്‍ണ്ണമായി ഒലിച്ചു പോയ സ്ഥലങ്ങളുണ്ട്. കുട്ടനാട്ടില്‍ ബണ്ടുകള്‍ തകര്‍ന്നു. വീണ്ടും കെട്ടിയാണ് അവിടെ വിത്തിറക്കി തുടങ്ങിയത്. കണ്ടെത്തലുകള്‍ ജില്ലാ ആസ്ഥാനങ്ങളിലേക്ക് അയക്കുകയും വേണ്ട നടപടികള്‍ എടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

കര്‍ഷകക്ക് നഷ്ടപരിഹാരം ലഭിച്ചതില്‍ 91,117 കര്‍ഷകര്‍ക്ക് നെല്‍വിത്തിനും 1,50,671 പേര്‍ക്ക് മണ്ണ് സംരക്ഷണത്തിനും 71,976 പേര്‍ക്ക് ചളി നീക്കാനുമാണ് സഹായം ലഭിച്ചത്.

വിളകള്‍ക്ക് പുറമേ കര്‍ഷിക മൃഗങ്ങള്‍ക്കും വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട് ഇവരില്‍ 50,991 കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ സഹായം ലഭിച്ചിട്ടുണ്ട്.

 

 

 

.