പൂരനഗരിയിലെ മുന്നണികളുടെ ആറാട്ട്; 'തോറ്റ' സ്ഥാനാര്‍ത്ഥികളില്‍ ആര് തൃശ്ശൂര്‍ കൊണ്ട് പോകും ?
Kerala Election 2021
പൂരനഗരിയിലെ മുന്നണികളുടെ ആറാട്ട്; 'തോറ്റ' സ്ഥാനാര്‍ത്ഥികളില്‍ ആര് തൃശ്ശൂര്‍ കൊണ്ട് പോകും ?
അശ്വിന്‍ രാജ്
Wednesday, 24th March 2021, 8:34 pm

പൂരനഗരിയാണ് തൃശ്ശൂര്‍, ആഘോഷങ്ങളും അതിന്റെ ആവേശവും ആവോളം ആസ്വദിക്കുന്നവരുടെ നാട്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് വരുമ്പോഴും ഈ ആവേശവും ഉത്സാഹവും ആവോളമുണ്ട് തൃശ്ശൂരിന്റെ മണ്ണില്‍.

സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന അപൂര്‍വ്വം മണ്ഡലങ്ങളില്‍ ഒന്നാണ് തൃശ്ശൂര്‍. മൂന്ന് മുന്നണികളും കട്ടയ്ക്ക് നില്‍ക്കുന്ന, ആര്‍ക്കാണ് വിജയമെന്ന് പ്രവചിക്കാന്‍ ബുദ്ധിമുട്ടുള്ള മണ്ഡലം.

എല്‍.ഡി.എഫിനും, യു.ഡി.എഫിനും, എന്‍.ഡി.എയ്ക്കും ഒരേപോലെ സാധ്യത കല്‍പ്പിക്കുകയും മൂന്ന് മുന്നണികളും തങ്ങളുടെ അഭിമാന പോരാട്ടമായി കാണുകയും ചെയ്യുന്ന മണ്ഡലമാണ് തൃശ്ശൂര്‍. സി.പി.ഐയുടെ പി. ബാലചന്ദ്രന്‍ ഇത്തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ പത്മജ വേണുഗോപാലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയും രംഗത്തുണ്ട്. ഈ മൂന്ന് സ്ഥാനാര്‍ത്ഥികളും മുന്‍കാലങ്ങളില്‍ തൃശ്ശൂരില്‍ മത്സരിച്ച് തോറ്റവരാണ് എന്നതാണ് മറ്റൊരു പ്രത്യേകത.


‘തോറ്റ’ മൂന്ന് സ്ഥാനാര്‍ത്ഥികളുടെ മത്സരം

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി. ബാലചന്ദ്രന്‍ 2011 ല്‍ യു.ഡി.എഫിന്റെ തേറമ്പില്‍ രാമകൃഷ്ണനോടാണ് പരാജയപ്പെട്ടതെങ്കില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പത്മജ വേണുഗോപാല്‍ 2016 ല്‍ എല്‍.ഡി.എഫിന്റെ വി.എസ് സുനില്‍കുമാറിനോട് മത്സരിച്ച് തോല്‍ക്കുകയായിരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലാണ് തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ടത്.

മൂന്ന് പേരുടെയും അഭിമാനപോരാട്ടമാണ് ഇത്തവണ തൃശ്ശൂരില്‍ നടക്കുന്നത്. 25 വര്‍ഷത്തെ യു.ഡി.എഫ് കുത്തക അവസാനിപ്പിച്ച് വി.എസ് സുനില്‍ കുമാര്‍ പിടിച്ചെടുത്ത മണ്ഡലം നിലനിര്‍ത്തുക എന്നതാണ് പി.ബാലചന്ദ്രന്‍ നേരിടുന്ന വെല്ലുവിളി. വി.എസ് സുനില്‍കുമാറിന്റെ ഭരണ മികവും വ്യക്തിപ്രഭാവവും മണ്ഡലം നിലനിര്‍ത്തുന്നതിന് സഹായിക്കുമെന്നാണ് എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍.

മുമ്പ് മണ്ഡലത്തില്‍ തോറ്റെങ്കിലും അഞ്ച് വര്‍ഷം തുടര്‍ച്ചയായി മണ്ഡലത്തില്‍ തന്നെ നിന്ന് പ്രവര്‍ത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പത്മജ വേണുഗോപാല്‍. ലീഡര്‍ കെ.കരുണാകരന്റെ മകള്‍ എന്ന ഇമേജ് ഇത്തവണയെങ്കിലും ഗുണകരമാക്കി മാറ്റാമെന്നും പത്മജ വിശ്വസിക്കുന്നുണ്ട്. ത്രികോണ മത്സരത്തില്‍ വോട്ട് വിഘടിക്കുമെന്നും ഇതിലൂടെ നേട്ടം ഉണ്ടാക്കാമെന്നും പത്മജയും പാര്‍ട്ടിയും വിലയിരുത്തുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് എത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് സുരേഷ് ഗോപി മത്സരത്തിന് ഇറങ്ങുന്നത്. സുരേഷ്ഗോപിയുടെ താരപ്രഭാവം വോട്ടായി മാറുമെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. കൂടെ വി.എസ് സുനില്‍കുമാറിനുള്ള ജനകീയത പി.ബാലചന്ദ്രന് ഉണ്ടാക്കാന്‍ കഴിയില്ലെന്നും പത്മജയെ കഴിഞ്ഞ തവണത്തെ പോലെ തന്നെ മണ്ഡലം കൈവിടുമെന്നുമാണ് മണ്ഡലത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.

1957 ലാണ് തൃശ്ശൂര്‍ നിയമസഭ മണ്ഡലം നിലവില്‍ വരുന്നത്. കോണ്‍ഗ്രസിന് മുന്‍തൂക്കം കിട്ടുകയും വിജയം ലഭിക്കുകയും ചെയ്ത മണ്ഡലത്തില്‍ 1991 മുതല്‍ 2016 വരെ തുടര്‍ച്ചയായ 25 വര്‍ഷം കോണ്‍ഗ്രസിന്റെ തേറമ്പില്‍ രാമകൃഷ്ണനായിരുന്നു എം.എല്‍.എയായത്. 2016 ല്‍ വി.എസ് സുനില്‍ കുമാറിലൂടെ ഇടതുപക്ഷം മണ്ഡലത്തില്‍ നേടിയ അട്ടിമറി വിജയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മുന്‍ തെരഞ്ഞെടുപ്പുകളിലെ സ്ഥിതി

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 59,991 വോട്ടുകളാണ് യു.ഡി.എഫ് നേടിയത്. ഇപ്പോഴത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി. ബാലചന്ദ്രന്‍ 43,822 വോട്ടും നേടി. ബി.ജെ.പിക്ക് അന്ന് തൃശ്ശൂരില്‍ ലഭിച്ചത് വെറും 6,697 വോട്ടുകള്‍ മാത്രമായിരുന്നു.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2016 ല്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായ വി.എസ് സുനില്‍കുമാര്‍ അട്ടിമറിയിലൂടെ മണ്ഡലം സ്വന്തമാക്കിയപ്പോള്‍ 53,664 വോട്ടാണ് നേടിയത്. ഇപ്പോഴത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പത്മജ വേണുഗോപാലിന് അന്ന് 46,677 വോട്ടാണ് നേടാനായത്. അതായത് തൊട്ട് മുമ്പത്തെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വോട്ടിനെക്കാള്‍ 16 ശതമാനം വോട്ടിന്റെ കുറവ്.

അന്ന് മൂന്നാം സ്ഥാനത്ത് ആയിരുന്നെങ്കിലും ബി.ജെ.പിയാണ് വോട്ടില്‍ ഏറ്റവും വലിയ കുതിച്ചുചാട്ടം നടത്തിയത്. ബി.ജെ.പി നേതാവായ ബി.ഗോപാലകൃഷ്ണന് 24,718 വോട്ടുകളാണ് നേടിയത്. അതായത് 2011 ല്‍ നേടിയ വോട്ടിന്റെ മൂന്നര മടങ്ങ് അധികം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കണക്കുകള്‍ വെച്ച് പരിശോധിക്കുകയാണെങ്കില്‍. യു.ഡി.എഫിനാണ് നേട്ടം. തൃശ്ശൂര്‍ നിയമസഭ മണ്ഡലത്തിലെ മാത്രം വോട്ടിംഗ് നോക്കുകയാണെങ്കില്‍ യു.ഡി.എഫിന് 55668 വോട്ടും എല്‍.ഡി.എഫിന് 31110 വോട്ടും എന്‍.ഡി.എയ്ക്ക് 37641 വോട്ടുമാണ് ലഭിച്ചത്. സിറ്റിംഗ് സീറ്റില്‍ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്കും എന്‍.ഡി.എ രണ്ടാം സ്ഥാനത്തേക്കും എത്തി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ വീണ്ടും മാറി മറിഞ്ഞു. തൃശ്ശൂര്‍ മുന്‍സിപാലിറ്റിയില്‍ 24 സീറ്റുകളുമായി എല്‍.ഡി.എഫും യു.ഡി.എഫും എത്തിയപ്പോള്‍ ബി.ജെ.പിക്ക് ലഭിച്ചത് ആറ് സീറ്റുകള്‍ മാത്രമാണ്.

വോട്ടര്‍മാരും സ്ഥാനാര്‍ത്ഥികളും.

തൃശ്ശൂര്‍ നിയമസഭ മണ്ഡലത്തില്‍ ആകെ 175326 വോട്ടുകളാണ് ഉള്ളത്. ഇതില്‍  83445 പേര്‍ പുരുഷന്മാരും 91878 പേര്‍ സ്ത്രീകളുമാണ് 3 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും വോട്ടര്‍മാരായി ഉണ്ട്.

വര്‍ഷങ്ങളായി തൃശ്ശൂരില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിവരുന്നതിന്റെ ബലത്തിലാണ് പി. ബാലചന്ദ്രന്‍ പോരാട്ടത്തിനിറങ്ങുന്നത്. മത്സരത്തിനായി മാത്രം തൃശ്ശൂരില്‍ എത്തി എന്നതായിരുന്നു മുമ്പ് പത്മജയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായിരുന്ന ഇമേജ്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് അത് മാറിയെന്നാണ് പത്മജയും അടുത്ത വൃത്തങ്ങളും കരുതുന്നത്. കഴിഞ്ഞ തവണ നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കാമെന്ന് അവര്‍ വിശ്വിക്കുന്നു.

തൃശ്ശൂരില്‍ ശക്തമായ മത്സരസാധ്യതയുണ്ടെന്നാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി പറയുന്നത്. മത്സരിക്കുന്നില്ലെന്ന് ആദ്യം പറഞ്ഞ സുരേഷ് ഗോപി പിന്നീട് പാര്‍ട്ടി നേതൃത്വത്തിന്റെ അഭ്യര്‍ത്ഥനയ്ക്ക് വഴങ്ങുകയായിരുന്നു. ഇതിനിടയ്ക്ക് അദ്ദേഹം അസുഖബാധിതനായത് ബി.ജെ.പി പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

നാമനിര്‍ദേശപത്രിക നല്‍കിയ ഉടന്‍ അദ്ദേഹം കൊച്ചിയിലേക്ക് തിരിച്ചുപോയെങ്കിലും ഉടന്‍ തിരിച്ചെത്തി പ്രചരണത്തിലിറങ്ങുമെന്നാണ് മണ്ഡലത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപിക്ക് തൃശ്ശൂര്‍ അങ്ങ് എടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ അങ്ങ് എടുക്കുമെന്ന് തന്നെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പറയുന്നത്.

അതേ സമയം സുരേഷ് ഗോപിയുടെ വരവ് മണ്ഡലം നിലനിര്‍ത്താന്‍ തങ്ങളെ സഹായിക്കുമെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തുന്നത്. 2016 ല്‍ തോറ്റെങ്കിലും പത്മജ വേണുഗോപാല്‍ ശക്തയായ സ്ഥാനാര്‍ത്ഥി തന്നെയാണ്. എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി വരുന്നതോടെ വോട്ടുകള്‍ വിഘടിക്കുകയും ഇത് നേട്ടമാക്കാമെന്നുമാണ് ഇടതുപക്ഷം കണക്കുകൂട്ടുന്നത്.

തുടക്കത്തില്‍ പറഞ്ഞപ്പോലെ ഒരു പൂരപ്രതീതിയിലാണ് തൃശ്ശൂര്‍ മണ്ഡലത്തിലെ പ്രവര്‍ത്തകര്‍. തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുമെന്ന് ആവേശത്തോടെ മൂന്ന് മുന്നണി പ്രവര്‍ത്തകരും പറയുന്നു. ശക്തമായ അടിയൊഴുക്കുകള്‍ക്ക് ഒടുവില്‍ ആര് ജയിച്ച് കയറുമെന്നും എം.എല്‍.എ ആവുമെന്നും കാത്തിരുന്ന് കാണാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kerala Election 2021 Thrissur Assembly constituency Suresh Gopi, Padmaja Venugopal, P. Balachandran

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.