Administrator
Administrator
കേരളം രാഷ്ട്രീയ അനിശ്ചിതാവസ്ഥയില്‍
Administrator
Friday 13th May 2011 12:27pm

ldf-udfപൊളിറ്റിക്കല്‍ ഡസ്‌ക്

നിരീക്ഷകരും സര്‍വ്വെ റിപ്പോര്‍ട്ടുകളും പറഞ്ഞതിലും വലിയ രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലാണ് തിരഞ്ഞെടുപ്പ് ഫലം കേരളത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഇരു മുന്നണികളും ഒപ്പത്തിനൊപ്പം വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഭൂരിപക്ഷം യു.ഡി.എഫിന് നല്‍കിക്കൊണ്ടായിരുന്നു സര്‍വ്വെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളെയും അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണ് കേരളത്തിലെ വോട്ടര്‍മാര്‍ സൃഷ്ടിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും വന്‍മുന്നേറ്റമുണ്ടാക്കിയ യു.ഡി.എഫ് എന്നാല്‍ നിര്‍ണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്കെത്തിയപ്പോഴേക്കും അടിതെറ്റുന്ന കാഴ്ചയാണ് കേരളം കണ്ടത്. ബാലകൃഷ്ണപ്പിള്ളിയുടെ തടവ് ശിക്ഷ, ഐസ്‌ക്രീം കേസിന്റെ പുനര്‍ജ്ജീവനം, പാമോലിന്‍ കേസ് തുടങ്ങിയ സംഭവവികാസങ്ങളാണ് ഇതിന് ഇടയാക്കിയതെന്ന് വിലയിരുത്തേണ്ടി വരും. ഈ കേസുകളിലൂടെയൊക്കെ നായക പരിവഷത്തിലെത്തിയത് മറ്റാരുമായിരുന്നില്ല. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച വി.എസ് അച്ച്യുതാനന്ദന്‍ തന്നെയായിരുന്നു.

കേരള രാഷ്ട്രീയത്തിന്റെ ചിന്താധാരയില്‍ വഴിത്തിരിവ് സൃഷ്ടിച്ച തിരഞ്ഞെടുപ്പാണിതെന്ന് കൂടി കണക്കാക്കേണ്ടി വരും. ഇടതുപക്ഷത്തോട് കടുത്ത എതിര്‍പ്പ് നിലനില്‍ക്കുമ്പോഴും വി.എസ് അച്ച്യുതാനന്ദന്‍ സര്‍ക്കാറിനെ തൂത്തെറിയാന്‍ കേരളത്തിലെ വോട്ടര്‍മാര്‍ ആഗ്രഹിച്ചിരുന്നില്ലെന്നാണ് ഫലം വെളിപ്പെടുത്തുന്നത്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ല.

ഇതിന് പുറമെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിടിപ്പു കേടും തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായി. വിജയസാധ്യതയില്ലാത്ത സ്ഥാനാര്‍ഥികളെ പലയിടത്തും മത്സരിപ്പിച്ചത് സ്വന്തം വോട്ടര്‍മാരെ തന്നെ മാറിച്ചിന്തിപ്പിക്കാന്‍ ഇടയാക്കി. ഘടകക്ഷികള്‍ക്കിടയില്‍ സീറ്റുകള്‍ തുല്ല്യമായി വീതം വെക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും നീതിപൂര്‍വ്വം സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ്സിനായില്ല. യു.ഡി.എഫ് നേതാക്കന്‍മാര്‍ക്കെതിരെ വന്ന കേസുകള്‍ അവരെ ഒട്ടൊന്നുമല്ല അമ്പരപ്പിച്ചത്. വോട്ടര്‍മാരും ഇതെല്ലാം കാണുന്നുണ്ടായിരുന്നു.

വി.എസ് അച്ച്യുതാനന്ദന് സി.പി.ഐ.എം സീറ്റ് നിഷേധിച്ചപ്പോള്‍ നാടൊട്ടുക്ക് നടന്ന പ്രതിഷേധപ്രകടനങ്ങള്‍ക്കൊടുവില്‍ നേതൃത്വത്തിന് തീരുമാനം തിരുത്താന്‍ കഴിഞ്ഞു. സി.പി.ഐ.എമ്മിനെതിരെ എന്ത് വിമര്‍ശനമുന്നയിച്ചാലും അണികളും പൊതുജനങ്ങളുമായി പാര്‍ട്ടിക്കുള്ള ജൈവ ബന്ധത്തിന് തെളിവായിരുന്നു ഈ തിരുത്തല്‍. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വമെടുത്ത തെറ്റായ തീരുമാനങ്ങളെ തെരുവില്‍ ചോദ്യം ചെയ്യാന്‍ അണികള്‍ക്കും പൊതു ജനങ്ങള്‍ക്കും കഴിഞ്ഞില്ല. ഈ പ്രതിഷേധത്തെ തിരിച്ചറിഞ്ഞ് തിരുത്താന്‍ നേതൃത്വത്തിനും കഴിഞ്ഞില്ല. ജനങ്ങളുടെ പ്രതിഷേധം വോട്ടായി മാറുകയായിരുന്നു. ഇതിന്റെയെല്ലാം അനന്തര ഫലമാണ് ഇപ്പോഴുണ്ടായ തിരഞ്ഞെടുപ്പ് ഫലം.

Advertisement