ഒരു ഗോളിന് പിന്നിലായ ശേഷം മൂന്നിനെതിരെ ഏഴ് ഗോളിന്റെ വിജയം; പകരക്കാരനായി ഇറങ്ങി 5 ഗോളുകള്‍ നേടി ജെസിന്‍; സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ വിജയഗാഥ
Santhosh Trophy
ഒരു ഗോളിന് പിന്നിലായ ശേഷം മൂന്നിനെതിരെ ഏഴ് ഗോളിന്റെ വിജയം; പകരക്കാരനായി ഇറങ്ങി 5 ഗോളുകള്‍ നേടി ജെസിന്‍; സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ വിജയഗാഥ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th April 2022, 10:52 pm

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കര്‍ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം ഫൈനലില്‍. പകരക്കാരനായി കളത്തിലിറങ്ങി അഞ്ച് ഗോളുകള്‍ നേടിയ ടി.കെ. ജെസിനാണ് കേരളത്തെ വിജയത്തിലെത്തിച്ചത്. ഷിഖില്‍, അര്‍ജുന്‍ ജയരാജ് എന്നിവരും കേരളത്തിനായി വലകുലുക്കി.

30ാം മിനിറ്റില്‍ പകരക്കാരനായാണ് ജെസിന്‍ കളത്തിലിറങ്ങിയത്. ആദ്യപകുതിയില്‍ തന്നെ ജെസിന്‍ ഹാട്രിക് പൂര്‍ത്തിയാക്കിയിരുന്നു. 10 മിനിറ്റിനിടെയായിരുന്നു ജസിന്റെ ഹാട്രിക്.

ഷിഖിലാണ് കേരളത്തിന്റെ നാലാം ഗോള്‍ നേടിയത്. 24ാം മിനിറ്റില്‍ 10ന് പിന്നിലായ ശേഷമാണ് കേരളത്തിന്റെ തിരിച്ചുവരവ്. ആദ്യപകുതിയില്‍ തന്നെ 4-1ന് കേരളം ലീഡ് നേടിയിരുന്നു.

പഞ്ചാബിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍നിന്ന് ഒരു മാറ്റവുമായാണ് കേരളം സെമിയില്‍ കര്‍ണാടകയ്‌ക്കെതിരേ ആദ്യ ഇലവനെ ഇറക്കിയത്. കെ. സല്‍മാന് പകരം നിജോ ഗില്‍ബര്‍ട്ട് ടീമില്‍ തിരിച്ചെത്തിയിരുന്നു.

മത്സരത്തിലെ മികച്ച പ്രകടനത്തോടെ ടൂര്‍ണമെന്റില്‍ ആറു ഗോളുമായി ജെസിന്‍ ഗോള്‍വേട്ടക്കാരില്‍ മുന്നിലെത്തി. അഞ്ചു ഗോളുകളുമായി കേരള ക്യാപ്റ്റന്‍ ജിജോ ജോസഫാണ് രണ്ടാം സ്ഥാനത്ത്. ബംഗാളും മണിപ്പുരും തമ്മിൽ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെ കേരളം ഫൈനലിൽ നേരിടും.