എഡിറ്റര്‍
എഡിറ്റര്‍
ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തില്ല; കേരളത്തില്‍ 20,000 ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചു
എഡിറ്റര്‍
Tuesday 25th April 2017 6:41pm

 

തിരുവനന്തപുരം: ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യാത്തതിന്റെ പേരില്‍ കേരളത്തിലെ 20,000 ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നഷ്ടമായി. 2012-13, 2013-14, 2014-15 അധ്യായന വര്‍ഷത്തില്‍ മാത്രമാണ് ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യാത്തതിന്റെ പേരില്‍ ഇത്രയധികം വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിച്ചിരിക്കുന്നത്.


Also read ഭക്ഷണം കഴിച്ച പൊലീസുകാരോട് കാശ് ചോദിച്ചു; ഗുജറാത്തില്‍ ഹോട്ടലുടമയെയും കുടുംബത്തെയും ക്രൂര പീഡനത്തിനിരയാക്കി വിലങ്ങ് വച്ച് ജയിലിടച്ചു 


ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി ആവര്‍ത്തിക്കുന്നതിന്റെ ഇടയിലാണ് ആധാറിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിച്ചിരിക്കുന്നത്. ആധാര്‍ നമ്പര്‍ ചേര്‍ക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ഇതര വിദ്യാഭ്യാസ ആനുകൂല്ല്യങ്ങളും നല്‍കുന്നില്ലെന്ന് പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ വകുപ്പില്‍ നിന്നും വിവരം ലഭിച്ചെന്ന് ‘റൈറ്റ്‌സ്’ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അജയകുമാര്‍ പറയുന്നു.

2012-13, 2013-14, 2014-15 വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയില്‍ 2220 എസ്.സി വിദ്യാര്‍ത്ഥികള്‍ക്കും 97 എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പ് നഷ്ടമായിരിക്കുന്നത്. കൊല്ലം ജില്ലയില്‍ ഇത് 2601, 56 പത്തനംതിട്ട- 1002, 37, ആലപ്പുഴ- 734, 36 കോട്ടയം- 1077, 120, ഇടുക്കി- 466, 113, എറണാകുളം- 1644, 119, തൃശൂര്‍- 2145, 20, പാലക്കാട്- 1591, 130, മലപ്പുറം- 2836, 63, കോഴിക്കോട്- 1166, 58, വയനാട്- 197, 312, കണ്ണൂര്‍- 560, 89, കാസര്‍കോഡ്- 431, 114 എന്നിങ്ങനെയാണ് കണക്കുകള്‍.

 

2015-16, 2016-17 എന്നീ വര്‍ഷങ്ങളിലെ കണക്കുകള്‍ കൂടി ചേരുമ്പോള്‍ ഇതിന്റെ നേരെയിരട്ടിയാകും ആധാറിന്റെ പേരില്‍ വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍. ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ സുപ്രീംകോടതി നിരന്തരം നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ ഇടയിലാണ് ആധാറിന്റെ പേരില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശങ്ങള്‍ നഷ്ടമാകുന്നത്.


Dont miss ‘വാര്‍ത്തകള്‍ പുറംലോകത്തെത്തിക്കലാണ് ഞങ്ങളുടെ ജോലി; അതിനിയും തുടരും’; എം.എം മണിക്ക് തുറന്ന കത്തുമായി പത്രപ്രവര്‍ത്തക യൂണിയന്‍ പാലക്കാട് ജില്ലാ കമ്മിറ്റി


നേരത്തെ ആധാര്‍ നിര്‍ബന്ധമല്ലെന്ന് 2015 ആഗസ്റ്റിലും 2017 ഏപ്രിലിലും സുപ്രീംകോടതികള്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തും സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കഴിഞ്ഞമാസം 27ന് സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. സുപ്രീംകോടതിയില്‍ നിന്ന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ നിരന്തരം ഇടപെലുകള്‍ നടക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ക്കും ആധാറിന്റെ പേരില്‍ അവകാശങ്ങള്‍ നിഷേധിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

നേരത്തെ പഞ്ചാബ്, ഹരിയാന, ത്രിപുര, ഛത്തീസ്ഗണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ആധാര്‍ വഴി ശേഖരിക്കപ്പെടുന്ന വ്യക്തിവിവരങ്ങള്‍ക്ക് സുരക്ഷിതത്വമില്ല എന്ന ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തില്‍ ജാര്‍ഖണ്ഡില്‍ പത്തരലക്ഷത്തോളം ആധാര്‍ ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തായ വാര്‍ത്തയും റിപ്പോര്‍ട്ട ചെയ്യപ്പെട്ടിരുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന് ആധാറിനെതിരെ ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ആധാറിന്റെ പേരില്‍ അവകാശങ്ങള്‍ നഷ്ടപ്പെടുന്നതും.

പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തടഞ്ഞു വച്ചിരിക്കുന്നതിനെതിരെ മന്ത്രിയ്ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ‘റൈറ്റ്‌സ്’ പ്രവര്‍ത്തകര്‍

Advertisement