കര്‍ഷകര്‍ക്ക് പലിശയിളവ് നല്‍കാതെ സഹകരണബാങ്കുകള്‍
Economics
കര്‍ഷകര്‍ക്ക് പലിശയിളവ് നല്‍കാതെ സഹകരണബാങ്കുകള്‍
ജിതിന്‍ ടി പി
Tuesday, 18th December 2018, 9:12 pm

തിരുവനന്തപുരം: കാര്‍ഷികവായ്പ പലിശരഹിതമാക്കണമെന്ന സര്‍ക്കാര്‍ തീരുമാനം പാലിക്കാതെ സഹകരണബാങ്കുകള്‍. സംസ്ഥാനത്തെ 1136 ബാങ്കുകളാണ് സര്‍ക്കാര്‍ തീരുമാനം ഗൗനിക്കാതെ വായ്പകള്‍ക്ക് പലിശ ഈടാക്കുന്നത്.

കാര്‍ഷികവായ്പയ്ക്ക് ഏഴുശതമാനം പലിശയാണ് ബാങ്കുകള്‍ വാങ്ങുന്നത്. ഈ പലിശ നബാര്‍ഡും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നുനല്‍കുമെന്നാണ് വ്യവസ്ഥ. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവരോട് പലിശ ഈടാക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതാണ് ഭൂരിപക്ഷം സഹകരണ ബാങ്കുകളും പാലിക്കാത്തത്.

ഏകദേശം 2500 കോടിരൂപയാണ് ഒരുവര്‍ഷം സഹകരണ ബാങ്കുകള്‍വഴി നല്‍കുന്ന കാര്‍ഷിക വായ്പ. 2011 മുതലാണ് പലിശരഹിത വായ്പാപദ്ധതി നടപ്പാക്കിയത്. ഇത് ഇപ്പോഴും ഭൂരിഭാഗം കര്‍ഷകര്‍ക്കും ലഭിക്കുന്നില്ലെന്നാണ് സഹകരണ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ALSO READ:സി.പി.ഐ.എം.എല്‍ സംസ്ഥാന നേതാവിനെതിരെ പൊലീസ് അതിക്രമം; ബസില്‍ നിന്ന് ബലമായി പിടിച്ചുകൊണ്ടു പോയി

ഒമ്പത് ജില്ലകളിലെ സഹകരണ ബാങ്കുകളാണ് പലിശയിളവ് നല്‍കാത്തതെന്നാണ് സഹകരണ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. പലിശയിളവ് നല്‍കിയ തുക അനുവദിച്ചുകിട്ടുന്നതിലുള്ള കാലതാമസവും നടപടിക്രമങ്ങളിലെ ബുദ്ധിമുട്ടുമാണ് ബാങ്കുകളുടെ വിമുഖതയ്ക്ക് കാരണം.

ആലപ്പുഴ ജില്ലയില്‍ മാത്രം 276 സഹകരണബാങ്കുകളാണ് പലിശയിളവ് നല്‍കാത്തതുള്ളത്. തൃശ്ശൂരില്‍ ഇത് 158 എണ്ണമാണ്. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് 81 ബാങ്കുകളാണ് കാര്‍ഷിക വായ്പയ്ക്ക് പലിശയിളന് നല്‍കാത്തത്.

പലിശയിളവ് നല്‍കാത്ത ബാങ്കുകള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം-81
കൊല്ലം-117
പത്തനംതിട്ട-90
ആലപ്പുഴ-276
കോട്ടയം-84
എറണാകുളം-112
തൃശ്ശൂര്‍-158
മലപ്പുറം-119
കോഴിക്കോട്-99

നബാര്‍ഡിന്റെ പുനര്‍വായ്പാപദ്ധതി അനുസരിച്ചും സ്വന്തം ഫണ്ട് ഉപയോഗിച്ചുമാണ് സഹകരണ ബാങ്കുകള്‍ കാര്‍ഷിക വായ്പ നല്‍കുന്നത്. പലിശ ഇളവ് അനുവദിക്കുന്നതിന് നബാര്‍ഡ് മാര്‍ഗരേഖ തയ്യാറാക്കിയിട്ടുണ്ട്. മൂന്നുലക്ഷം രൂപവരെയുള്ള കാര്‍ഷികവായ്പകള്‍ക്ക് രണ്ടുശതമാനം പലിശയിളവ് നല്‍കാമെന്നാണ് നബാര്‍ഡ് നിര്‍ദേശം.

ALSO READ: വഖഫ് ബോര്‍ഡ് പ്രതിനിധികളായി റഷീദലി തങ്ങളും ടി.പി അബ്ദുല്ല കോയയും; കവര്‍ന്നെടുക്കുന്നത് ശിയാ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍

വായ്പ മുടക്കമില്ലാതെ തിരിച്ചടച്ചാല്‍ ഇളവ് മൂന്നുശതമാനം നല്‍കാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, കര്‍ഷകര്‍ക്ക് നല്‍കുന്ന വായ്പ പൂര്‍ണമായും പലിശരഹിതമാക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പദ്ധതി. ഇതനുസരിച്ച് നബാര്‍ഡ് നല്‍കുന്നതിനുപുറമേ നാലുശതമാനം അധിക ഇളവ് സര്‍ക്കാരും പ്രഖ്യാപിച്ചു.

നബാര്‍ഡിന്റെ പുനര്‍വായ്പ പദ്ധതി അനുസരിച്ച് സംസ്ഥാന സഹകരണ ബാങ്കിനാണ് പണം നല്‍കുന്നത്. ഇത് ജില്ലാ സഹകരണ ബാങ്കുകള്‍ വഴി പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് നല്‍കും. പ്രാഥമിക ബാങ്കുകളാണ് കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നത്.

കര്‍ഷകരില്‍നിന്ന് പലിശ ഈടാക്കാന്‍ പാടില്ലെന്നും ബാങ്കുകള്‍ക്ക് ഈ ഇനത്തില്‍ ലഭിക്കേണ്ട പണത്തിന്റെ കണക്ക് സര്‍ക്കാരിനും നബാര്‍ഡിനുമായി സമര്‍പ്പിച്ച് വാങ്ങിയെടുക്കണമെന്നുമാണ് സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചത്.

1642 സഹകരണ ബാങ്കുകളാണ് കേരളത്തിലുള്ളത്. ഇതില്‍ 1136 ബാങ്കുകളും പലിശയിളവ് നല്‍കുന്നില്ല. ബാക്കിയുള്ള ബാങ്കുകളിലേറെയും പലിശ ആദ്യം കര്‍ഷകരില്‍നിന്ന് ഈടാക്കുകയും സര്‍ക്കാരില്‍നിന്നും നബാര്‍ഡില്‍നിന്നും കിട്ടുന്ന പണം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പിന്നീടു നല്‍കുകയുമാണ് ചെയ്യുന്നത്.

ALSO READ: ശബരിമല വിഷയത്തിൽ മാത്രം ബി.ജെ.പി നടത്തുന്നത് അഞ്ചാമത്തെ ഹർത്താല്‍; ജന രോഷം ശക്തം

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക വായ്പകള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, ഹൗസിങ് ബോര്‍ഡ്, സഹകരണ ഹൗസിങ് ഫെഡറേഷന്‍ തുടങ്ങിയവയില്‍ നിന്നെടുത്തിട്ടുള്ള എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു.

എന്നാല്‍ പിന്നീട് 3 ദിവസത്തിനകം സഹകരണ വകുപ്പ് ഈ ഉത്തരവ് തിരുത്തി. പ്രളയ ബാധിത പ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രദേശങ്ങളിലെ അംഗങ്ങള്‍ എടുത്ത കാര്‍ഷിക വായ്പകള്‍ക്കു മാത്രമേ ആനുകൂല്യം നല്‍കാവൂവെന്നാണു സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവ്.

കാര്‍ഷിക കടങ്ങള്‍ക്കു പ്രത്യേകമായി മൊറട്ടോറിയത്തിന്റെ ആവശ്യമില്ലെന്നു സഹകരണ മേഖലയിലുള്ളവര്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡിയില്‍ നബാര്‍ഡ് നല്‍കുന്ന വായ്പകള്‍ക്ക് 4 ശതമാനമേ പലിശയുള്ളൂ. കൃത്യമായി വായ്പ പുതുക്കുന്നവരുടെ പലിശ സര്‍ക്കാര്‍ ഏറ്റെടുക്കുന്നുമുണ്ട്.

സഹകരണ സ്ഥാപനങ്ങള്‍ ചെറിയ തുക മാത്രമാണു കാര്‍ഷിക വായ്പയായി നല്‍കുന്നത്. അത്യാവശ്യക്കാരനു ലഭിക്കുന്ന വായ്പയുടെ മുഖ്യ പങ്കു കാര്‍ഷികേതര വായ്പയാണ്. 14 % വരെയാണ് ഇതിന്റെ പലിശ.

WATCH THIS VIDEO:

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.