മാണി യു.ഡി.എഫിലേക്ക്; മടക്കം ഉപാധികളോടെയെന്ന് ജോസ്.കെ.മാണി; രാജ്യസഭാ സീറ്റില്‍ അവകാശമുന്നയിച്ചേക്കും
kERALA NEWS
മാണി യു.ഡി.എഫിലേക്ക്; മടക്കം ഉപാധികളോടെയെന്ന് ജോസ്.കെ.മാണി; രാജ്യസഭാ സീറ്റില്‍ അവകാശമുന്നയിച്ചേക്കും
ന്യൂസ് ഡെസ്‌ക്
Wednesday, 6th June 2018, 11:12 pm

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് (എം) യു.ഡി.എഫിലേക്ക്. ഇത് സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ്.കെ.മാണിയും യു.ഡി.എഫ് നേതാക്കളും ഇന്ന് ദല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനത്തിലെത്തിയത്.

ഇത് സംബന്ധിച്ച പ്രഖ്യാപനം കേരളത്തിലെത്തിയതിന് ശേഷമായിരിക്കും നടത്തുക. അതേസമയം യു.ഡി.എഫിലേക്കുള്ള മടക്കം ഉപാധികളോടെയെന്ന് ജോസ് കെ.മാണി വ്യക്തമാക്കി. രാജ്യസഭാ സീറ്റില്‍ അവകാശവാദമുന്നയിക്കാനും നിയമസഭാ സീറ്റുകളില്‍ ചിലത് വെച്ചുമാറണമെന്നുമാണ് കേരള കോണ്‍ഗ്രസ് മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ ചിലത്.


Also Read രാഹുലിന് പിന്നാലെ ഉമ്മന്‍ചാണ്ടിയും; മോദിയ്ക്കുമുന്നില്‍ പുതിയ ചലഞ്ചുമായി ഉമ്മന്‍ചാണ്ടി


ഇത് സംബന്ധിച്ച് തങ്ങളുടെ നിലപാട് രാഹുല്‍ ഗാന്ധിയെ അറിയിക്കുമെന്ന് ജോസ്.കെ മാണി അറിയിച്ചു. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിനു നല്‍കിക്കൊണ്ടായിരിക്കണം മാണിയുടെ മുന്നണി പ്രവേശനമെന്നാണ് തങ്ങളുടെയും നിലപാടെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും രാഹുല്‍ ഗാന്ധിയെ അറിയിക്കുമെന്നാണ് സൂചന.

അതേസമയം രാജ്യസഭാ സീറ്റിന്റെ ആവശ്യം ഇപ്പോള്‍ കടുപ്പിച്ചേക്കില്ലെന്നും അടുത്ത തവണ രാജ്യസഭാ സീറ്റ് ഒഴിവ് വരുമ്പോള്‍ പരിഗണിക്കണമെന്ന നിര്‍ദ്ദേശം കേരളാ കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കാനാണ് സാധ്യതയെന്നും സൂചനകളുണ്ട്.