ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Kerala Politics
‘കൈയക്ഷരം നന്നാവാത്തതിന് പേനയെ കുറ്റപ്പെടുത്തരുത്’; ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജീവനും കൊണ്ട് ഓടിയെന്ന് മാണി ഗ്രൂപ്പ്
ന്യൂസ് ഡെസ്‌ക്
Monday 19th February 2018 1:44pm

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞ പി.സി വിഷ്ണുനാഥിനെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്. ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജീവനും കൊണ്ട് ഓടിയെന്ന് ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

കൈയിലിരുപ്പിന്റെ ഫലം കൊണ്ടാണ് കോണ്‍ഗ്രസ് നശിച്ചതെന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. ‘സ്വന്തം കൈയിലിരുപ്പുകൊണ്ട് നശിച്ചതിന് മറ്റുളളവരെ കുറ്റപ്പെടുത്തുകയാണ് കോണ്‍ഗ്രസ്. കൈയക്ഷരം നന്നാവാത്തതിന് പേനയെ കുറ്റപ്പെടുത്തും പോലെയാണത്.’

ഡമ്മികളെ ഇറക്കിക്കളിച്ചാലൊന്നും ബാര്‍ കോഴ കേസിലെ ആസൂത്രകരെ തിരിച്ചറിയാതിരിക്കില്ല. വിശ്വസ്തതയോടെ കൂടെനിന്നവരുടെ കുതികാല്‍ വെട്ടുന്ന സംസ്‌കാരം എന്ന് അവസാനിപ്പിക്കുന്നോ അന്നേ കോണ്‍ഗ്രസ് ഗതിപിടിക്കുകയുള്ളൂവെന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ചെങ്ങന്നൂരില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു.

അതേസമയം മാണിഗ്രൂപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് ഡി.സി.സി യോഗം പ്രമേയം പാസാക്കി. ഭരണത്തിന്റെ സൗഭാഗ്യങ്ങളെല്ലാം അനുഭവിച്ച ശേഷം മുന്നണി വിട്ടുപോയി രാഷ്ട്രീയ ശത്രുക്കള്‍ക്ക് ആയുധം നല്‍കുന്ന മാണി ഗ്രൂപ്പിന്റെ വിലപേശല്‍ രാഷ്ട്രീയം കോണ്‍ഗ്രസ് നേതൃത്വം മനസിലാക്കണമെന്ന് പ്രമയേത്തില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ ശക്തിക്ക് അനുസരിച്ച് ജില്ലയില്‍ നിയമസഭാ സീറ്റ് ലഭിക്കുന്നില്ല. ജോസ് .കെ മാണി മത്സരിച്ച കോട്ടയം പാര്‍ലമെന്റ് സീറ്റ് തിരിച്ചെടുക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത നവദര്‍ശന്‍ ക്യാമ്പിലാണ് പ്രമേയം പാസാക്കിയത്. നേരത്തെ കര്‍ണാടക എ.ഐ.സി.സി ചുമതലയുള്ളതുകൊണ്ട് ചെങ്ങന്നൂരില്‍ മത്സരിക്കാനില്ലെന്ന് വിഷ്ണുനാഥ് അറിയിച്ചിരുന്നു.

Advertisement