കേരളാ കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം; പി.ജെ ജോസഫ് ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ചക്കെത്തി
kERALA NEWS
കേരളാ കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം; പി.ജെ ജോസഫ് ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ചക്കെത്തി
ന്യൂസ് ഡെസ്‌ക്
Wednesday, 13th March 2019, 8:58 am

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ സീറ്റു തര്‍ക്കം മുറുകുന്നതിനിടെ പ്രശ്‌ന പരിഹാരത്തിനായി കേരളാ കോണ്‍ഗ്രസ് എം നേതാവ് പി.ജെ ജോസഫ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച്ചക്കെത്തി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചയ്ക്ക് മുന്നോടിയായിട്ടാണ് ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ചയ്ക്ക് പി.ജെ ജോസഫ് എത്തിയത്. ഇതിന് ശേഷം രമേശ് ചെന്നിത്തലയെയും പി.ജെ ജോസഫ് കാണും.

തുടര്‍ന്ന് ഇരുനേതാക്കളുമായി ഒരുമിച്ചും ജോസഫ് കൂടിക്കാഴ്ച നടത്തും. അതേസമയം പി.ജെ ജോസഫിനെ ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞിരുന്നു. പാര്‍ട്ടി വിട്ട് പുറത്ത് വന്നാല്‍ അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി. കേരള കോണ്‍ഗ്രസിലെ  പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നതിനിടെയാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രതികരണം.

Also Read  ശബരിമല വിഷയം; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്ന് രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും

നേരത്തെ തോമസ് ചാഴികാടന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി ചേര്‍ന്ന യോഗം ബഹളത്തെ തുടര്‍ന്ന് പിരിച്ചു വിട്ടിരുന്നു. ചാഴികാടനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ കഴിയില്ലെന്നും വി.എന്‍.വാസവനെ എതിരിടാന്‍ പറ്റിയ സ്ഥാനാര്‍ഥി അല്ലെന്നുമുള്ള വിമര്‍ശനം ഉയര്‍ന്നതോടെയാണ് യോഗം ബഹളത്തില്‍ കലാശിച്ചത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു നാടകീയ രംഗങ്ങള്‍. ചാഴികാടന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇറങ്ങില്ലെന്നും സ്ഥാനാര്‍ഥിയെ മാറ്റണമെന്നും ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. ബഹളം രൂക്ഷമായതോടെ യോഗം അവസാനിക്കുന്നതിന് മുന്‍പ് തന്നെ പിരിച്ചുവിട്ടു.

അതേസമയം കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ വി.എന്‍ വാസവനും ജോസ് കെ.മാണിയും തമ്മില്‍ ധാരണയുളളതായി സംശയമെന്ന് ജോസഫ് വിഭാഗം നേതാവ് ടി.യു.കുരുവിള ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് കോട്ടയത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നത്. ഇതിനെതിരെ പരസ്യപ്രതിഷേധം അറിയിച്ച് കൊണ്ടായിരുന്നു പി.ജെ. ജോസഫ് രംഗത്തെത്തിയത്. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കടുത്ത അമര്‍ഷമുണ്ടെന്നും കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
DoolNews Video