ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവര്‍ത്തിച്ച, മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവ്; ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി
Kerala News
ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവര്‍ത്തിച്ച, മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവ്; ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th September 2022, 11:02 am

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് മുഖ്യമന്ത്രി പറഞ്ഞു.

”ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവര്‍ത്തിച്ച രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു.

മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് എന്നും അദ്ദേഹം തയ്യാറായിരുന്നു. തന്റെ വാദമുഖങ്ങള്‍ ശക്തമായി നിയമസഭയില്‍ അവതരിപ്പിക്കുന്നതില്‍ മികവ് പുലര്‍ത്തിയിരുന്ന സാമാജികനായിരുന്നു ആര്യാടന്‍ മുഹമ്മദ്,” എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, രാഹുല്‍ ഗാന്ധി, ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് തുടങ്ങി നിരവധി പേര്‍ ആര്യാടന്‍ മുഹമ്മദിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

”ആര്യാടന്‍ മുഹമ്മദിന്റെ വേര്‍പാട് കേരളത്തിനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും നഷ്ടമാണ്. ഇന്നത്തെ കേരളം ആര്യാടന്റെ ശബ്ദം ഉറക്കെ മുഴങ്ങേണ്ട കാലഘട്ടത്തിലാണ്.

ആര്യാടന്റെ അഭാവം, പ്രത്യേകിച്ച് ഇന്നത്തെ കേരളത്തിന് കനത്ത നഷ്ടം തന്നെയാണ്. വ്യക്തിപരമായി എനിക്കേറ്റവും ദീര്‍ഘകാലമായി ഹൃദയബന്ധമുണ്ടായിരുന്ന ഒരു ആത്മസുഹൃത്തിനെ നഷ്ടപ്പെട്ടിരിക്കുന്നു,” എ.കെ. ആന്റണി പറഞ്ഞു.

1995ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു ആര്യാടന്‍.

കോണ്‍ഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതര വാദിയുമായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്മരിച്ചു. 2004 മുതല്‍ 2006 വരെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് പിന്നീട് 2011ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും വൈദ്യുതി വകുപ്പ് തന്നെ കൈകാര്യം ചെയ്തിരുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അല്‍പസമയം മുമ്പായിരുന്നു ആര്യാടന്‍ മുഹമ്മദ് അന്തരിച്ചത്. കുറച്ച് ദിവസങ്ങളായി ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ഗുരുതരാവസ്ഥയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച നിലമ്പൂരില്‍ വെച്ച് നടക്കും.

1977 മുതല്‍ 2016 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ എട്ട് തവണ നിലമ്പൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ ആര്യാടന്‍ മുഹമ്മദ് ഇ.കെ. നായനാര്‍, എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നു. 1980 നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍, വനം വകുപ്പ് മന്ത്രിയായിരുന്നു.

1935ല്‍ നിലമ്പൂരില്‍ ജനിച്ച ആര്യാടന്‍ മുഹമ്മദ് വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബിന്റെയും സി.കെ. ഗോവിന്ദന്‍ നായരുടെയും പ്രസംഗങ്ങലിലും പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടനായി കോണ്‍ഗ്രസ് പ്രവര്‍ത്തകനായി.

സി.കെ. ഗോവിന്ദന്‍ നായരുടെ ശിഷ്യനായി കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനായതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും ആര്യാടന്‍ മുഹമ്മദ് നിരവധി തവണ പറഞ്ഞിട്ടുണ്ട്.

1952ലാണ് അദ്ദേഹം കോണ്‍ഗ്രസില്‍ അംഗമാകുന്നത്. 1960 കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി. 1962 കെ.പി.സി.സി അംഗമായ അദ്ദേഹം 1969ല്‍ മലപ്പുറം ജില്ലാ രൂപീകരണത്തോടെ ഡി.സി.സി പ്രസിഡന്റായി.

തൊഴിലാളി യൂണിയനുകളിലെ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ആര്യാടന്‍ മുഹമ്മദ് വിവിധ ട്രേഡ് യൂണിയനുകളുടെ തലപ്പത്തും ഇരുന്നിട്ടുണ്ട്.

1969ല്‍ സഖാവ് കുഞ്ഞാലി വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയായി ജയിലിലായ ആര്യാടന്‍ മുഹമ്മദിനെ പിന്നീട് ഹൈക്കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.

Content Highlight: Kerala CM Pinarayi Vijayan on the death of senior Congress leader Aryadan Muhammed