തിരശ്ശീല ഉയര്‍ന്നു ; തിയേറ്ററുകളില്‍ ഇന്ന് മുതല്‍ സിനിമാ പ്രദര്‍ശനം
Malayalam Cinema
തിരശ്ശീല ഉയര്‍ന്നു ; തിയേറ്ററുകളില്‍ ഇന്ന് മുതല്‍ സിനിമാ പ്രദര്‍ശനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th October 2021, 10:00 am

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടച്ചിട്ട തിയേറ്ററുകളില്‍ ഇന്ന് മുതല്‍ സിനിമാ പ്രദര്‍ശനം ആരംഭിക്കും. പകുതി സീറ്റുകളിലേക്കാണ് പ്രവേശനം.

മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. അന്യഭാഷാ ചിത്രങ്ങളാണ് തുടക്കത്തില്‍ തിയേറ്ററുകളിലെത്തുക. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാണ് ഇന്ന് പ്രദര്‍ശനത്തിന് എത്തുക.

ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടര്‍ എന്ന തമിഴ് സിനിമയും തിയേറ്ററുകളിലെത്തിയേക്കും. മറ്റന്നാള്‍ റിലീസ് ചെയ്യുന്ന സ്റ്റാറാണ് ആദ്യം പ്രദര്‍ശനത്തിന് എത്തുന്ന മലയാള ചിത്രം. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും.

അതേസമയം നിലവില്‍ രണ്ടു ഡോസ് വാക്സിന്‍ എടുത്തവരെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുഴുവന്‍ സീറ്റുകളിലും കാണികളെ അനുവദിക്കുന്നത് അടക്കം തീയേറ്റര്‍ ഉടമകള്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാവും യോഗം.

ധനകാര്യം, തദ്ദേശ സ്വയംഭരണം, വൈദ്യുതി, ആരോഗ്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ടു മാത്രമേ തീരുമാനമെടുക്കാനാവൂ എന്നതിനാലാണ് ഈ വകുപ്പ് മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തി യോഗം വിളിക്കാന്‍ തീരുമാനിച്ചത്.

അതേസമയം സിനിമ ടിക്കറ്റുകള്‍ക്ക് ജി.എസ്.ടിക്ക് പുറമെ ഏര്‍പ്പെടുത്തിയിട്ടുള്ള 5 ശതമാനം വിനോദ നികുതി ഒഴിവാക്കുക, തിയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ വൈദ്യുതി ചാര്‍ജിലും കെട്ടിട നികുതിയിലും ഇളവ് നല്‍കുക തുടങ്ങിയവയാണ് സംഘടനകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Kerala Cinema Theatre Open