എഡിറ്റര്‍
എഡിറ്റര്‍
ബജറ്റ് : ദളിത് -ആദിവാസി കാഴ്ചപാടില്‍
എഡിറ്റര്‍
Saturday 4th March 2017 10:12am

കേരളത്തിലെ പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍ ഉത്തരേന്ത്യയിലെ പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാരേക്കാള്‍ മെച്ചപെട്ട സാമൂഹിക സാമ്പത്തിക നിലവാരത്തില്‍ ഉള്ളവാരാണെന്ന വാചകങ്ങളോട് കൂടിയാണ് ബജറ്റ് പ്രസംഗത്തില്‍ ബഹുമാനപ്പെട്ട ധനമന്ത്രി ബജറ്റിലെ SCP/TSP ഭാഗം അവതരിപ്പിക്കുന്നത്.

കേരളത്തില സര്‍ക്കാര്‍ വിലാസം വികസന ചര്‍ച്ചകളെല്ലാം ഇത്തരമൊരു ആമുഖത്തോടെയാണ് തുടങ്ങാറ്. കേരള വികസനം എന്ന ആഘോഷിക്കപെട്ട മാതൃക വികസനത്തിന്റെ പിന്നാമ്പുറങ്ങളിലെക്ക് തള്ളപെട്ടവര്‍ എന്ന എന്ന ജാള്യത മറച്ചുപിടിക്കാനാണ് ഈ താരതമ്യയുക്തി ഉപയോഗിക്കപെടുന്നത്.

ദളിത് -ആദിവാസികളുടെ വികസനകാര്യത്തില്‍ ഈ ആത്മാര്‍ത്ഥതയില്ലായ്മയും, യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമീപനമില്ലാത്തതും തന്നെയാണ് ദളിത് ആദിവാസി വികസനം എവിടെയും എത്താതത്തിന്റെ യഥാര്‍ത്ഥകാരണം.

കേരളത്തിലെ മുന്‍ വര്‍ഷങ്ങളിലെ ബജറ്റുകളുലെ നികുതിസമാഹരണം സംബന്ധിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത്, വിഭാവനംചെയ്യുന്ന വരുമാനത്തിന്റെ പകുതിപോലും ലഭ്യമാകുന്നില്ല എന്നാണ്, വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ കടമെടുക്കുകയും ബജറ്റില്‍ പറയുന്ന പദ്ധതികള്‍ വൈകുകയോ നടക്കതിരിക്കുകയോ ചെയ്യുന്ന അവസ്ഥയും ഉണ്ടാകുന്നു.

ബജറ്റ് പെര്‍ഫോര്‍മെന്‍സിനെ കുറിച്ച് ഗൗരവപെട്ട ഒരു ഓഡിറ്റ് നടക്കുന്നില്ല എന്നതും അക്കൗണ്ടബിലിറ്റി മെക്കാനിസങ്ങള്‍ ഫലപ്രദമല്ല എന്നതും കണക്കിലെടുക്കണം. ബഹു : ധനമന്ത്രി ബജറ്റ് അവതിര്‍പ്പിക്കുന്ന ദിവസം , കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ബജറ്റിന്റെ 50% വും തദ്ദേശ സ്വയംഭരണസ്ഥാപങ്ങള്‍ 31% വും മാത്രമേ ചിലവാക്കിയിട്ടുള്ളൂ എന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നത്.

പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രതേക ഊന്നല്‍ നല്‍കുന്ന ബജറ്റ് ആണെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറയുന്നത്. എന്നാല്‍ അത്തരം ഊന്നല്‍ നല്‍കുന്ന ഒന്നുംതന്നെ ബജറ്റ് രേഖകള്‍ പരിശോധിക്കുമ്പോള്‍ കാണാന്‍ കഴിയുന്നില്ല.

പതിനൊന്നാം പദ്ധതികാലം മുതല്‍ അതായത് കഴിഞ്ഞ പത്തുവര്‍ഷകാലമായെങ്കിലും പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെ ജനസംഖ്യക്ക് അനുപാതികമായ് തുക നീക്കിവക്കുന്നുണ്ട്, പട്ടിക വര്‍ഗ്ഗ ഘടക പദ്ധതിക്ക് (ടി.എസ്.പി) അവരുടെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ തുക (3%വരെ) കഴിഞ്ഞ നാല് ബജറ്റുകളിലും നീക്കിവക്കുന്നുണ്ട്, അതില്‍ പ്രത്യേകിച്ചൊരു ഊന്നലോ, പുതുമയോ ഉണ്ടെന്നു പറയാനാവില്ല.

നീക്കിവക്കുന്ന തുകയുടെ ഗുണപരമായ ഉപയോഗം സംബന്ധിച്ചാണ് വലിയ ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ SCP/TSPയുടെ യഥാക്രമം 46%, 58% വുമാണ് നാളിതുവരെ ചിലവാക്കിയിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇത് യഥാക്രമം 30%, 38% മാത്രമാണ്.

എസ്.സി.പിയുടെ പട്ടികജാതി വികസന വകുപ്പിനായ് വകയിരുത്തിയിരിക്കുന്ന തുകയുടെ 48% (680 കോടി) ഭവന നിര്‍മ്മാണത്തിനായ് വിനിയോഗിക്കും എന്നാണ് ബജറ്റ് പറയുന്നത്. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ 440 കോടി രൂപ വകയിരുത്തുകയും 7500 വീടുകള്‍ നിര്‍മ്മിക്കുമെന്നും പറഞ്ഞ സ്ഥാനത്ത് കേവലം 440 വീടുകള്‍ മാത്രമാണ് ജനുവരി മാസം വരെ പൂര്‍ത്തികരിക്കാനായത് എന്നാണു ആസൂത്രണബോര്‍ഡ് പുറത്തിറക്കിയ സാമ്പത്തികാവലോകന രേഖ പറയുന്നത്.

ചിലവാകില്ല എന്ന് ഉറപ്പുള്ള മേഖലക്ക് തുക വകയിരുത്തുന്നത് കേവലം യാദൃശ്ചികമായികാണാനാവില്ല. SCP/TSP യുമായ് ബന്ധപെട്ട കാര്യങ്ങളിലെല്ലാം ഇത്തരം പോരുത്തക്കേടുകള്‍ കാണാം.

Advertisement