സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
ISL
ഒമ്പതാം മത്സരത്തിലും ജയമില്ല; കാത്തിരിപ്പ് നീളുന്നു: ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday 4th December 2018 9:44pm

കൊച്ചി: ഐ.എസ്.എല്ലില്‍ ജംഷഡ്പുര്‍ എഫ്.സി കേരളാ ബ്ലാസ്റ്റേഴ്‌സ് പോരാട്ടം സമനിലയില്‍ കലാശിച്ചു. 77-ാം മിനിറ്റില്‍ സെയ്മിന്‍ലെന്‍ ഡുംഗലാണ് ബ്ലാസ്റ്റേഴ്‌സിനായി സമനില ഗോള്‍ നേടിയത്. കളി 1-1 എന്ന നിലയിലാണ് അവസാനിച്ചത്.

നേരത്തെ വിവാദ പെനാല്‍റ്റിയില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരേ ജംഷേദ്പുര്‍ എഫ്.സി മുന്നിലെത്തിയിരുന്നു. ബോക്‌സിനു മുന്നില്‍ ടിം കാഹിലിനെ ബ്ലാസ്റ്റേഴ്‌സ് ഗോളി ധീരജ് സിങ് ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത കാര്‍ലോസ് കാല്‍വോ പന്ത് വലയിലെത്തിക്കുകയായിരുന്നു.

ഇതോടെ ഒരു ജയം നേടാനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ കാത്തിരിപ്പ് നീളുന്നു. തുടര്‍ച്ചയായ ഒമ്പതാം മത്സരത്തിലും വിജയമില്ലാതെ മടങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

നേരത്തെ ബ്ലാസ്റ്റേഴ്സ് നിരവധി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും പക്ഷേ ഒന്നു പോലും ഗോളാക്കാനായില്ല. മൂന്നു ഗോളുകള്‍ക്കെങ്കിലും ലീഡു നേടേണ്ട ആദ്യപകുതിയാണ് ഗോള്‍രഹിതമായി അവസാനിച്ചത്.

ഏഴാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ പാസില്‍നിന്ന് സ്ലാവിസ സ്റ്റോയനോവിച്ച് പാഴാക്കിയ അവസരത്തില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ കഷ്ടകാലം തുടങ്ങിയത്. തുടര്‍ന്ന് 21ാം മിനിറ്റിലും 30ാം മിനിറ്റിലും ബ്ലാസ്‌റ്റേഴ്‌സ് ഗോളവസരം പാഴാക്കി.

33ാം മിനിറ്റിലാണ് ജംഷഡ്പുരിന് മല്‍സരത്തിലെ സുവര്‍ണാവസരം ലഭിച്ചത്. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ജെറി മാന്‍താങ്വിക്കു പന്തു ലഭിക്കുമ്പോള്‍ മുന്നില്‍ ഗോള്‍കീപ്പര്‍ മാത്രം. ഗോളിയെയും കബളിപ്പിച്ച് ജെറി ആളൊഴിഞ്ഞ പോസ്റ്റിലേക്കു പന്തു പായിച്ചെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തുപോവുകയായിരുന്നു.

ഈ സമനില കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷ കൂടുതല്‍ പരുങ്ങലിലാക്കി. 10 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ വെറും ഒമ്പതു പോയന്റ് മാത്രമെ കേരളത്തിനുള്ളൂ.

Advertisement