തോല്‍ക്കാന്‍ മനസില്ല; നായകന്റെ ഗോളില്‍ വിജയത്തുടര്‍ച്ചയില്‍ മഞ്ഞപ്പട
football news
തോല്‍ക്കാന്‍ മനസില്ല; നായകന്റെ ഗോളില്‍ വിജയത്തുടര്‍ച്ചയില്‍ മഞ്ഞപ്പട
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 1st October 2023, 10:12 pm

ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം വിജയം. ജംഷ്ഡപൂര്‍ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 74ാം മിനിട്ടില്‍ നായകന്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കിയത്.

അദ്യ പകതിയും രണ്ടാം പകുതിയിലെ ഭൂരിഭാഗ സമയവും ഗോള്‍ രഹിത സമനിലയില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ഇരുടീമുകള്‍ക്കും മികച്ച അവസരങ്ങളാണ് ലഭിച്ചത്.
ഗോളെന്ന് തോന്നിപ്പിക്കുന്ന മുന്നേറ്റങ്ങള്‍ ഇരുടീമുകളുടെയും ഭാഗത്തുനിന്ന് മത്സരത്തിലുടനീളമുണ്ടായി.

ആദ്യ പകുതിയില്‍ ഇരുടീമുകളും പ്രതിരോധിച്ചു കളിച്ചെങ്കിലും രണ്ടാം പകുതിയില്‍ കളി മുന്നേറ്റത്തിലേക്ക് വഴിമാറി. ബ്ലാസ്റ്റേഴസ് 54 ശതമാനം സമയം പന്ത് കൈവശംവെച്ചപ്പോള്‍ ജംഷ്ഡപൂര്‍ 46 ശതമാനം സമയമാണ് പന്ത് കൈവശം വെച്ചത്.

മലയാളി താരം ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷ് ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനമാണ് മത്സരത്തില്‍ കാഴ്ചവെച്ചത്.

ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരു എഫ്.സിയോട് 2-1ന് ബ്ലാസ്റ്റേഴ്‌സ വിജയിച്ചിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളില്‍ രണ്ട് വിജയവുമായി മഞ്ഞപ്പടക്ക് ആറ് പോയിന്റായയി. ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് സമനിലയില്‍ കുരുങ്ങിയ ജംഷഡ്പൂര്‍ എഫ്.സിക്ക് ഇപ്പോഴത്തെ ഈ തോല്‍വി മറ്റൊരു തിരിച്ചടിയുമായി.

Content Highlight: Kerala Blasters second win in a row in ISL