ആദ്യപകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍, പിന്നാലെ തിരിച്ചടി; ബ്ലാസ്റ്റേഴ്സിന് സമനില
ISL
ആദ്യപകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍, പിന്നാലെ തിരിച്ചടി; ബ്ലാസ്റ്റേഴ്സിന് സമനില
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th February 2019, 11:24 pm

ബെംഗളൂരു: ഐ.എസ്.എല്ലില്‍ ഒന്നാംസ്ഥാനക്കാരായ ബെംഗളൂരു എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിട്ട് നിന്ന മഞ്ഞപ്പട അവസാന മിനുറ്റുകളില്‍ തുടര്‍ച്ചയായി ഗോളുകള്‍ വഴങ്ങിയതാണ് തിരിച്ചടിയായത്. ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി.

 

സ്ലാവിസ സ്റ്റൊജാനോവിച്ച്, കറേജ് പെകുസണ്‍ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചപ്പോള്‍ ഉദാന്ത് സിങ്, സുനില്‍ ഛേത്രി എന്നിവര്‍ ആതിഥേയരെ ഒപ്പമെത്തിച്ചു. 16ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു സ്റ്റൊജാനോവിച്ചിന്റെ ഗോള്‍. 40 ാം മിനിറ്റില്‍ പെകുസന്റെ വകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോള്‍.

 

എന്നാല്‍ രണ്ടാം പകുതിയില്‍ മത്സരം ബെംഗളൂരു തിരിച്ചുപിടിക്കുകയായിരുന്നു. 69ാം മിനിറ്റില്‍ ഉദാന്തയിലൂടെ ബംഗളൂരുവിന്റെ ആദ്യ തിരിച്ചടി. സുനില്‍ ഛേത്രിയുടെ പാസില്‍ തലവച്ചാണ് ഉദാന്ത ബ്ലാസ്റ്റേസിന്റെ വലകുലുക്കിയത്. 85ാം മിനിറ്റില്‍ ഛേത്രിയുടെ വകയായിരുന്നു സമനില ഗോള്‍.

 

സമനിലയോടെ ബ്ലാസ്റ്റേഴ്സ് 15 മത്സരങ്ങളില്‍ 11 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് നില്‍ക്കുന്നു. 14 മത്സരങ്ങളില്‍ 31 പോയിന്റുള്ള ബംഗളൂരു ഒന്നാമതാണ്.