ബ്ലാസ്‌റ്റേഴ്‌സിന്റെ കണ്ടകശനിക്ക് ഇനിയും ഒരു അവസാനമില്ലേ?
ISL
ബ്ലാസ്‌റ്റേഴ്‌സിന്റെ കണ്ടകശനിക്ക് ഇനിയും ഒരു അവസാനമില്ലേ?
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 8th March 2022, 9:38 am

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്ലിന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയതിന്റെ ആവേശത്തിലാണ് ആരാധകര്‍. 2016ന് ശേഷം ഇതാദ്യമായാണ് കൊമ്പന്‍മാര്‍ ഐ.എസ്.എല്ലിന്റെ ആദ്യ നാലില്‍ ഇടം നേടുന്നത്.

കഴിഞ്ഞ ദിവസം നടന്ന ജംഷഡ്പൂര്‍ എഫ്.സി – എ.ടി.കെ മോഹന്‍ ബഗാന്‍ മത്സരത്തിന്റെ ഫലം വന്നതോടെയാണ് ഐ.എസ്.എല്ലിന്റെ പ്ലേ ഓഫ് പോരാട്ടങ്ങളുടെ ചിത്രം വ്യക്തമായത്.

മത്സരത്തില്‍ മോഹന്‍ ബഗാനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് ജംഷഡ്പൂര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി ലീഗ് ഷീല്‍ഡ് ജേതാക്കളായത്. ഇതാദ്യമായാണ് ജംഷഡ്പൂര്‍ ലീഗ് ഷീല്‍ഡ് ജേതാക്കളാവുന്നത്.

ജംഷഡ്പൂര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതോടെയാണ് പ്ലേ ഓഫില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളായി മാറിയത്. രണ്ട് പാദങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ ജംഷഡ്പൂരാവും കേരളത്തിനും ഫൈനലിനും മുമ്പില്‍ പ്രതിരോധം തീര്‍ക്കാനൊരുങ്ങുന്നത്.

കേരള – ജംഷഡ്പൂര്‍ മത്സരം പോലെ അതേ ആവേശത്തിലും അല്‍പം ആശങ്കയിലുമാണ് ആരാധകര്‍ രണ്ടാം പ്ലേ ഓഫ് മത്സരത്തെ നോക്കിക്കാണുന്നത്. കാരണം അതിലെ ഒരു ടീം കൊല്‍ക്കത്തയുടേതാണ് എന്നതു തന്നെയാണ് മഞ്ഞപ്പടയുടെ ആശങ്കയ്ക്ക് കാരണം.

ആദ്യ പ്ലേ ഓഫില്‍ ബ്ലാസ്റ്റേഴ്‌സും, രണ്ടാം പ്ലേ ഓഫില്‍ മോഹന്‍ ബഗാനും ജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ നെഞ്ചിടിപ്പ് കൂടുമെന്നുറപ്പാണ്. കാരണം ഫൈനലിലെത്തിയ രണ്ട് തവണയും കൊമ്പന്‍മാരെ തളച്ചത് കൊല്‍ക്കത്തയുടെ കാല്‍പ്പന്ത് കളിക്കാരാണ്.

ഐ.എസ്.എല്ലിന്റെ ഉദ്ഘാടന സീസണിലായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യമായി കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഡി.ജെ എന്ന ഡേവിഡ് ജെയിംസിന്റെ ചിറകിലേറിയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ആദ്യ സീസണിന്റെ ഫൈനലിലെത്തിയത്. ഫൈനലില്‍ നേരിടാനുണ്ടായിരുന്നത് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെയും.

അന്ന് 1-0 എന്ന സ്‌കോറിനാണ് കൊല്‍ക്കത്ത ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. ഇതിലും ഇന്ററസ്റ്റിംഗായ കാര്യമെന്തെന്നാല്‍, 2022ന് സമാനമായി 2014ല്‍ കൊല്‍ക്കത്ത പോയിന്റ് ടേബിളില്‍ മൂന്നാമതും ബ്ലാസ്‌റ്റേഴ്‌സ് നാലാമതുമായിരുന്നു.

അതിനുശേഷം, 2016ലായിരുന്നു കോപ്പലാശാന്റെ കപ്പലിലേറി ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ഐ.എസ്.എല്ലിന്റെ ഫൈനല്‍ കണ്ടത്. അന്ന് നേരിടാനുണ്ടായിരുന്നത്  അമര് തമര്‍ കൊല്‍ക്കത്തയെന്ന് പേരുമാറ്റിയെത്തിയ അതേ കൊല്‍ക്കത്തയെയും.

ഫൈനല്‍ മത്സരത്തില്‍ 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞെങ്കിലും ഗോള്‍ അഗ്രഗേഷനില്‍ കൊല്‍ക്കത്ത ജയിക്കുകയായിരുന്നു, അതും 2014ന് സമാനമായി ഒറ്റ ഗോളിന്റെ വ്യത്യാസത്തില്‍.

2022 എത്തി നില്‍ക്കുമ്പോള്‍ കൊല്‍ക്കത്ത പേരും ഉടമസ്ഥരെ തന്നെയും മാറ്റിയിരിക്കുകയാണ്. ഭൂതകാലം വീണ്ടും കേരളത്തെ വേട്ടയാടിയാല്‍, ഒറ്റ ഗോള്‍ വ്യത്യാസത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് കന്നിക്കിരീടം എന്ന സ്വപ്‌നം വീണ്ടും അകലെയാവും.

എന്നാല്‍, ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ ഇന്നേവരെയില്ലാത്ത ആവേശത്തിലാണ് ബ്ലാസ്റ്റേഴ്‌സ് കൊമ്പുകുലുക്കി കുതിക്കുന്നത്. മുന്നിലെത്തിയ എല്ലാ ടീമിനെയും ചവിട്ടിയരച്ച്, അവരുടെ പ്രതിരോധ മതില്‍ തച്ചുതകര്‍ത്താണ് മഞ്ഞപ്പട മുന്നോട്ട് നീങ്ങുന്നത്.

പ്ലേ ഓഫ് മത്സരത്തിന്റെ ആരവത്തില്‍ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ വജ്രായുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ്.

മാര്‍ച്ച് 11 ന് നടക്കുന്ന ആദ്യപാദ സെമിയില്‍ ജംഷഡ്പുര്‍ എഫ്.സി കേരള ബ്ലാസ്റ്റേഴ്സിനെയും മാര്‍ച്ച് 12ന് ഹൈദരാബാദ് എഫ്.സി എ.ടി.കെ മോഹന്‍ ബഗാനെയും നേരിടും. മാര്‍ച്ച് 15, 16 തീയതികളിലാണ് രണ്ടാം ലെഗ് സെമിഫൈനലുകള്‍. മാര്‍ച്ച് 20നാണ് കലാശപ്പോരാട്ടം.

Content highlight: Kerala Blasters and ATK, ISL History in Play Offs